Thursday 22 August 2019 12:57 PM IST : By സ്വന്തം ലേഖകൻ

അമ്മത്താരാട്ടിൽ കൊഞ്ചിച്ചിരിച്ച് അന്നപൂർണ; മകൾക്കൊപ്പം ശരണ്യയുടെ ക്യൂട്ട് വിഡിയോ; വൈറൽ

saranya

വിവാഹത്തോടെ സിനിമയോട് തത്കാലം ഗുഡ്ബൈ പറഞ്ഞെങ്കിലും ആരാധകരുടെ കയ്യെത്തും ദൂരത്തുണ്ട് പ്രിയനായിക ശരണ്യ. സോഷ്യൽ മീഡിയ വഴി ആരാധകരോട് സംവദിക്കുന്ന ശരണ്യ വീണ്ടുമെത്തിയിരിക്കുകയാണ്. പതിവു പോലെ കുഞ്ഞാവ അന്നപൂർണയ്ക്കൊപ്പമുള്ള കുറച്ച് മനോഹര നിമിഷങ്ങൾ പങ്കുവച്ചാണ് താരം എത്തിയിരിക്കുന്നത്.

മകൾ അന്നപൂർണയെ കയ്യിലെടുത്ത് താരാട്ടു പാട്ടു പാടുന്ന ശരണ്യയെയാണ് വിഡിയോയിൽ കാണാനാകുക. അല്ലിയിളം പൂവോ ഇല്ലിമുളം തേനോ’ എന്ന ഗാനം മധുരോതാരമായി ശരണ്യ ആലപിക്കുമ്പോൾ സോഷ്യൽ മീഡിയ തങ്ങളുടെ ഹൃദയം തന്നെ നൽകുകയാണ്. സുന്ദരമായ ആലാപനവും കുഞ്ഞിന്റെ കൊഞ്ചലും കൂടിയാകുമ്പോൾ വിഡിയോ അത്യന്തം ഹൃദ്യമാകുന്നു.നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്. എന്തുരസമാണ് ശരണ്യയുടെ ആലാപനം കേൾക്കാനെന്നാണ് ആസ്വാദകരുടെ പ്രതികരണം. 

1984ൽ പുറത്തിറങ്ങിയ മംഗളം നേരുന്നു എന്ന ചിത്രത്തിലേതാണു ഗാനം. എം.ഡി. രാജേന്ദ്രന്റെ വരികൾക്ക് ഇളയരാജയാണു സംഗീതം നൽകിയത്. കൃഷ്ണചന്ദ്രനാണ് ആലാപനം. നെടുമുടിവേണുവും ബേബി ശാലിനിയുമാണു ഗാനരംഗത്തിൽ എത്തുന്നത്.

2015 സെപ്തംബറിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും നടി ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. ഇരുവര്‍ക്കും 2016 ഓഗസ്റ്റിൽ ഒരു ആണ്‍കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭൻ അരവിന്ദ് എന്നാണു മകന്റെ പേര്. പിന്നീട് സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമാണ്.

ഫാസിലിന്റെ 'അനിയത്തിപ്രാവി'ലൂടെ ബാലതാരമായി സിനിമയിൽ എത്തിയതാണ് ശരണ്യ. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:
  • Mollywood