Friday 08 November 2019 06:56 PM IST : By സ്വന്തം ലേഖകൻ

മേഘങ്ങളെ തൊട്ടുരുമ്മി സരയുവിന്റെ ആകാശച്ചാട്ടം; ചിത്രങ്ങൾ വൈറൽ

sm

നടിയായും അവതാരകയായും പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറിയ താരമാണ് സരയൂ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമായ സരയു ഒരു സ്വപ്നം സാക്ഷാത്കരിച്ച വിശേഷമാണ് ഇക്കുറി പങ്കുവച്ചിരിക്കുന്നത്. യാത്രയെ പ്രണയിക്കുന്ന സരയു പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുമാണ് ആ വിശേഷം ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

sm1

നെഞ്ചിടിപ്പേറ്റുന്ന സ്കൈഡൈവിംഗ് അനുഭവം ഇൻസ്റ്റഗ്രാമിലൂടെയാണ് സരയു ലോകത്തെ അറിയിച്ചത്.എന്തെങ്കിലും ആഗ്രഹിക്കുക... പരിശ്രമിക്കുക... അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും സരയു ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. ഇതേ പോലത്തെ സ്വപ്‌നങ്ങള്‍ ഒക്കെ പുറത്തെടുക്കാന്‍ തന്നെയാണ് ഇനി തന്‍റെ പ്ലാനെന്നും സരയു ഊന്നിപ്പറയുന്നുണ്ട്. പോസ്റ്റിനൊപ്പം സ്കൈഡൈവിംഗ് ചെയ്യുന്ന ചിത്രങ്ങളും സരയു പങ്കു വച്ചിട്ടുണ്ട്.

sm2

ചക്കരമുത്തി'ലൂടെ സിനിമയിലെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സരയൂ മോഹന്‍. 2009ല്‍ 'കപ്പല്‍ മുതലാളി' എന്ന ചിത്രത്തിലാണ് സരയു ആദ്യമായി നായികാവേഷം കൈകാര്യം ചെയ്തത്. പിന്നീട് സഹനടി വേഷങ്ങളും മറ്റുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചേകവർ, ഫോർ ഫ്രണ്ട്സ്,കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട് ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്‌ബൻഡ്സ് ഇൻ ഗോവ, ഹൗസ് ഫുൾ എന്നിവയാണ് സരയു അഭിനയിച്ച പ്രധാന സിനിമകള്‍. ഈയിടെ പുറത്തിറങ്ങിയ സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ സനല്‍ ആണ് സരയുവിന്‍റെ ജീവിത പങ്കാളി.