Saturday 10 August 2019 04:03 PM IST : By സ്വന്തം ലേഖകൻ

പുരസ്കാര നിറവിലും വെള്ളപ്പൊക്ക ഭീതിയില്‍ സുഡാനിയിലെ ഉമ്മ! വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറാം

savitri-new

മലയാളം ഹൃദയം കൊണ്ടു സ്വീകരിച്ച സിനിമയാണ് ‘സുഡാനി ഫ്രം നൈജീരിയ’. ചിത്രത്തിലെ ഉമ്മവേഷത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സാവിത്രി ശ്രീധരൻ, ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയത് മലയാള സിനിമയ്ക്കു തന്നെ അഭിമാനമായി.

പുരസ്കാരത്തിന്റെ നിറവിൽ സാവിത്രി ശ്രീധരൻ നന്ദി പറയുന്നത് ‘സുഡാനി ഫ്രം നൈജീരിയ’ സിനിമാ പ്രവർത്തകർക്കും നാടകവേദിയിൽ തന്നെ വളർത്തി വലുതാക്കിയ കോഴിക്കോട്ടെ നാടക പ്രവർത്തകർക്കുമാണ്.

എന്നാൽ, കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിൽ കഴിയുന്ന കലാകാരിക്ക് മഴയുടെ ദുരിതത്തിൽ വീട്ടിൽ വൈദ്യുതി ബന്ധം അറ്റതിനാൽ അവാർഡ് പ്രഖ്യാപനം ടിവിയിൽ കാണാനായില്ല.

സുഹൃത്തുക്കളായ നാടക പ്രവർത്തകർ വിളിച്ചു പറഞ്ഞാണ് വിവരം അറിഞ്ഞത്. അവാർഡ് വിവരം അറിഞ്ഞ് മോഹൻലാൽ അഭിനന്ദനം അറിയിക്കാൻ വിളിച്ചിരുന്നു.

വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. വെള്ളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാംപിലേയ്ക്കോ മാറാനുള്ള തീരുമാനത്തിലാണ് സാവിത്രിയും കുടുംബവും.