Wednesday 17 June 2020 10:56 AM IST : By സ്വന്തം ലേഖകൻ

‘പിറ്റേന്ന് നാട്ടിൽ പോകാൻ തയാറായി, ഡോക്ടർക്കും നഴ്സിനും മധുരം നൽകി...പക്ഷേ...’! സുകുമാരന്റെ അവസാന ദിനങ്ങളെക്കുറിച്ച് നിർമാതാവിന്റെ കുറിപ്പ്

sukumaran

മലയാളത്തിന്റെ പ്രിയനടൻ സുകുമാരന്റെ 23–ാം ഓർമദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, താരത്തിന്റെ അവസാന ദിനങ്ങളെക്കുറിച്ച് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഷിബു ജി സുശീലന്റെ കുറിപ്പ് –

നടനും നിർമ്മാതാവും ആയ സുകുമാരൻ ചേട്ടൻ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 23വർഷം .

മൂന്നാറിൽ നിന്ന് നാട്ടിലേക്ക് പോകുംവഴി ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും രാത്രി ഒരു മണിയോടെ എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ഉണ്ടായി .

ആ രാത്രി മുതൽ ഡോക്ടർ മണി സാറും ,നേഴ്സ് മേരിചേച്ചിയും സുകുമാരൻ ചേട്ടന്റെ കാര്യങ്ങൾ നോക്കാൻ കൂടെ തന്നെ ഉണ്ടായിരുന്നു .

പിറ്റേന്ന് രാവിലെ വേറെ കുഴപ്പം ഒന്നും ഇല്ലാത്തതിനാൽ ഉച്ചകഴിഞ്ഞു നാട്ടിൽ പോകാൻ തയ്യാറാവുകയും അതിൽ സന്തോഷിച്ചു ചേട്ടൻ ഡോക്ടർ നേഴ്സ് ഇവർക്കൊക്കെ മധുരം നൽകുകയും ചെയ്തിരുന്നു ..

അത്രയും നേരം കൂടെ ഉണ്ടായിരുന്ന നടൻ ജനാർദ്ദനൻ ചേട്ടൻ ഒന്ന് വീട്ടിലേക്ക് പോയി വരാമെന്നു പറഞ്ഞു ഇറങ്ങി .

ആ സമയത്ത് ഞാനും ഡയറക്ടർ പോൾസൺ ,റൈറ്റർ ആന്റണി കണ്ടംപറമ്പിൽ ആശുപത്രിക്ക് അടുത്തുള്ള സിനിമക്കാരുടെ താവളം ആയ കടവന്ത്ര ഓർക്കിഡ് ഹോട്ടലിൽ ആയിരുന്നു ..

പെട്ടെന്ന് ആന്റണി ചേട്ടന്റെ ആന്റി (നേഴ്സ് മേരി )ഹോസ്പിറ്റലിൽ നിന്ന് ഹോട്ടലിലേക്കു വിളിച്ചു ..

സുകുമാരൻ ചേട്ടന്റെ ആരോഗ്യനില പ്രശ്നം ആയി എന്ന് പറഞ്ഞു ..

ഉടനെ ഞാനും ആന്റണി ചേട്ടനും ,പോൾസൺ ചേട്ടനും ഓടി ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു ..
ഞങ്ങൾ ചെന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ സുകുമാരൻ ചേട്ടൻ മരണപ്പെട്ടു .

ഉടനെ ഞാൻ പുറത്ത് ഇറങ്ങി മല്ലിക ചേച്ചിയുടെ അമേരിക്കയിൽ ഉള്ള സഹോദരൻ ഉൾപ്പെടെ പലരെയും മരണവിവരം അറിയിച്ചു ..

എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് സിനിമ ലോകം ഒഴുകി എത്തി ..അവിടെ നിന്ന് മൃദദേഹം നാട്ടിലേക്കു കൊണ്ട് പോയി ..

#എന്റെജീവിതത്തിൽ സുകുമാരൻ ചേട്ടൻ ചില നിമിത്തങ്ങളിൽ കൂടി കടന്ന് പോയിരുന്നു ..

ഞാൻ വാമനപുരം മുളവന ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സമ്മാനം നൽകാൻ വന്നത് സുകുമാരൻ ചേട്ടൻ ആയിരുന്നു ..

അപ്പോൾ ആണ് ഞാൻ ആദ്യമായി ഒരു സിനിമ നടനെ കാണുന്നത് ...

വർഷങ്ങൾ ക്ക് ശേഷം ഞാൻ സിനിമയിൽ വർക്ക്‌ ചെയ്യാൻ വന്നെങ്കിലും ചേട്ടനോടൊപ്പം വർക്ക്‌ ചെയ്തിരുന്നില്ല ..പലപ്പോഴും കണ്ടിരുന്നു പല സെറ്റ് കളിലും ..പിന്നെ ഡയറക്ടർ ബൈജു കൊട്ടാരക്കരക്കൊപ്പവും ..

ഞാൻ #ആദ്യംകണ്ടസിനിമനടനും ..എന്റെ ജീവിതത്തിലെ #ആദ്യസമ്മാനം തന്ന വ്യക്തിയും മരിച്ചപ്പോൾ കൂടെ അവിടെ ഉണ്ടായിരുന്നു എന്നത് ഒരു നിമിത്തം പോലെ തോന്നി ..

ഇക്കാര്യങ്ങൾ ഈ അടുത്തകാലത്ത് തൃശൂർ പൂരത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് മല്ലിക ചേച്ചിയോട് സംസാരിക്കുക ഉണ്ടായി .

ആ കൈകൾക്ക് വലിയ രാശി ഉണ്ടെന്ന് എനിക്ക് പിന്നെ മനസിലാക്കാൻ സാധിച്ചു ..എന്നതാണ് സത്യം .

ഞാൻ സിനിമയിൽ വരുകയും കാലങ്ങൾക്ക് ശേഷം ഒരു സിനിമ നിർമ്മിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ ചെന്നു നിന്നതും നായകൻ പൃഥ്വിരാജ് സുകുമാരനിൽ ആയിരുന്നു ..

അങ്ങനെ #7THDAY എന്ന സിനിമ യാഥാർഥ്യമായി ..അങ്ങനെ മകൻ ആയിട്ടും #വലിയഒരുസമ്മാനം എനിക്ക് തന്നു ..

സുകുമാരൻ ചേട്ടൻ തന്ന #ആദ്യസമ്മാനത്തിന്റെ രാശി അവിടെ നിന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷട്രപതിയിൽ നിന്ന് #ദേശിയഅവാർഡ് വരെ വാങ്ങാൻ എനിക്ക് യോഗം ഉണ്ടായി .......സുകുമാരൻ ചേട്ടന്റ ഓർമ്മദിവസത്തിൽ ഞാൻ ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു ...