Friday 24 January 2020 12:28 PM IST : By സ്വന്തം ലേഖകൻ

‘സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല, തെറ്റായി വിലയിരുത്തരുത്’! അനാവശ്യ പ്രചരണങ്ങൾക്കെതിരെ സോന

sona

ട്രെയിലർ കണ്ട്, തന്റെ പുതിയ ചിത്രമായ ‘പച്ചമാങ്ങ’യ്ക്കെതിരെ അനാവശ്യ പ്രചരങ്ങൾ നടത്തരുതെന്ന് നടി സോന ഹെയ്ഡന്‍. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതാപ് പോത്തനും സോനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലർ റിലീസായപ്പോൾ, സോനയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറഞ്ഞിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ വിശദീകരണം.

‘‘എന്റെ കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല’’.– അവർ പറയുന്നു.