Monday 28 June 2021 04:56 PM IST : By സ്വന്തം ലേഖകൻ

കാലാപാനിയിലെ താരം, ഇപ്പോൾ പെട്രോൾ പമ്പിൽ: വിഡിയോ പങ്കുവച്ച് സുരഭി

surabhi-lek


സിനിമ ഒരു മായിക ലോകമാണ്. അവിടെ ദിവസങ്ങളുടെ വ്യത്യാസത്തിൽ വാഴുന്നവരേറെ, വീഴുന്നവരേറെ. സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരന്‍, പഴയ സിനിമ താരമായിരുന്ന സത്യം അമ്പരപ്പോടെ പങ്കിട്ട് സിനിമയ്ക്കു പുറത്തെ നാടകീയത അടിവരയിടുകയാണ് നടി സുരഭി ലക്ഷ്മി.

ആദ്യം ഡിസലിന് എത്രയാണെന്ന് ചോദിക്കുന്ന സുരഭി പഴയ വിലയ്ക്ക് തരുമോ എന്ന് തമാശയെന്നോണം ചോദിക്കുന്നു. സ്ഥിരം കാണുന്നയാളല്ലേ എന്നും പറയുന്നു. ഇതോടെ മുഖത്തെ മാസ്ക് മാറ്റിയ അദ്ദേഹം താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് പരിചയപ്പെടുത്തുന്നു. ഫെയ്സ്ബുക്കിലാണ് സുരഭി വിഡിയോ പങ്കുവച്ചത്.

‘പഴയ ജൂനിയർ ആർടിസ്റ്റാണ്. കാലാപാനി, ഏകലവ്യൻ, ഗോഡ‍്ഫാദർ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കാലാപാനിയിൽ എന്ത് വേഷമായിരുന്നു എന്ന് ചോദിക്കുമ്പോൾ മോഹൻ ലാലിനൊപ്പമുള്ള സീനിലുണ്ടെന്ന് അദ്ദേഹം പറയുന്നു. അടിമയായി അഭിനയിക്കുന്ന സീനുകളിലൊന്നിൽ താനുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പിന്നീട് 12 കൊല്ലം ഗൾഫിൽ പോയി. തിരിച്ച് വന്നപ്പോൾ സിനിമയും സിനിമക്കാരും മാറി. മരം എന്ന പേരിൽ ഒരു സിനിമ പിന്നീട് പിടിച്ചു. പക്ഷേ അത് പൊട്ടിപ്പോയെന്നും പറയുന്നു. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ പറയണം. വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണം.  15,000 രൂപയാണ് വാടകയെന്നും അദ്ദേഹം പറയുന്നു. 

ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ എന്ന തലക്കെട്ടോടെയാണ് സുരഭി വിഡിയോ പങ്കുവച്ചത്. 'കോഴിക്കോടിന്റെ നന്മ. അടുത്ത് തന്നെ ഞങ്ങൾ ഇദ്ദേഹത്തെ സിനിമയിൽ പ്രതീക്ഷിക്കുന്നു', 'ഇദ്ദേഹത്തിന് നല്ലൊരു ചാൻസ് കൊടുക്കൂ ചേച്ചി'.. 'ഇദ്ദേഹത്തിന്റെ സംസാരശൈലിയും അഭിനയവും കാണാൻ നല്ല രസമുണ്ട്, ശബ്ദവും ഭാവവും ഹരീഷ് കണാരനെ പോലെ ഉണ്ട്' എന്നിങ്ങനെ നീളുന്നു കമന്റുകൾ.