Friday 06 December 2019 05:46 PM IST : By സ്വന്തം ലേഖകൻ

‘ഒരച്ഛന്റെ മനസ്സോട് കൂടി നീതി നടപ്പാക്കി, പൊലീസിന് ബിഗ് സല്യൂട്ട്!’; കയ്യടിച്ച് മലയാളി താരങ്ങളും!

mallufyvygu

തെലങ്കാനയില്‍ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് പെട്രോൾ ഒഴിച്ചു കത്തിച്ച നാല് പ്രതികളെയും വെടിവച്ചു കൊന്നതിനെ പിന്തുണച്ച് മലയാളി താരങ്ങളും. നടന്മാരായ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, നടിമാരായ സുരഭി ലക്ഷ്മി, ഷംന കാസിം, സംവിധായകന്‍ ജൂണ്‍ ആന്റണി ജോസഫ്, മുതിർന്ന സംവിധായകൻ ശ്രീകുമാരൻ തമ്പി തുടങ്ങി നിരവധി പേരാണ് പൊലീസിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരിക്കുന്നത്. 

ഇതിനെയാണ് കര്‍മ്മ എന്ന് പറയുന്നതെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. നീതി നടപ്പായി എന്ന് ടൊവിനോ കുറിച്ചു. കാവ്യനീതി എന്നായിരുന്നു നീരജ് മാധവിന്റെ പ്രതികരണം. വിധിയോ മനപ്പൂര്‍വമുള്ള നടപടിയോ എന്ന ചോദ്യവും നീരജ് പങ്കുവച്ചിട്ടുണ്ട്. പ്രാര്‍ഥനകള്‍ വ്യര്‍ഥമായില്ലെന്നും ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യുന്നതിനെക്കുറിച്ച് ഇനിയാരും ചിന്തിക്കില്ലെന്നും ഷംന കാസിം കുറിച്ചു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നാണ് ഗാന്ധിജി പോലും പറഞ്ഞിട്ടുള്ളതെന്നും തെലങ്കാനയില്‍ ഇനിയൊരു പെണ്‍കുട്ടിയുടെ ദേഹത്ത് കൈവയ്ക്കുന്നതിന് മുന്‍പ് ഏതൊരാളും മടിക്കുമെന്നും ജൂഡ് ആന്റണി കുറിച്ചു. 

"നരാധമന്മാരെ വെടിവച്ചു കൊന്ന പൊലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ കൂടിവരുന്ന ഇക്കാലത്ത് ഇതുതന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല."- മുതിർന്ന സംവിധായകൻ ശ്രീകുമാരൻ തമ്പി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

"മനസ്സിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പോ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ. 2008 ൽ യുവതികൾക്ക് നേരെ മൂന്നു യുവാക്കൾ ആസിഡൊഴിക്കുന്നു, ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പൊലീസ് വെടിവച്ചു കൊല്ലുന്നു. അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ്പി സജ്നാർ ഇന്ന് 2019 കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു. പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ. ഒരു ബിഗ് സല്യൂട്ട് സാർ.."- നടി സുരഭി ലക്ഷ്മി കുറിച്ചതിങ്ങനെ. 

Tags:
  • Movies