Monday 13 September 2021 03:12 PM IST : By സ്വന്തം ലേഖകൻ

‘മഹത്തായ കേരളീയ അടുക്കള’കളെ കാട്ടിത്തന്ന ‘ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍’: പുരസ്കാര നിറവിൽ ജിയോ ബേബിയും സംഘവും

kitchen

മലയാളത്തിൽ അടുത്തിടെയുണ്ടായവയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍’. ജിയോ ബേബി സംവിധാനം ചെയ്ത്, സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘മഹത്തായ കേരളീയ അടുക്കള’കളെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോഴിതാ, 2020 ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ചിത്രത്തെ തേടിയെത്തിയിരിക്കുന്നു.

45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്സിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരമാണ് ‘ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍’ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു ലഭിക്കും.

ഒ.ടി.ടി റീലീസായെത്തി വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിലുൾപ്പടെ വലിയ ചർച്ചകളുണ്ടായി. ചിത്രത്തിലെ ചില രംഗങ്ങൾ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയപ്പോൾ മറ്റൊരു വിഭാഗം ചിത്രം ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ കയ്യടിയോടെയാണ് സ്വീകരിച്ചത്. കേരളത്തിനു പുറത്തു നിന്ന്, ബോളിവുഡ് താരം റാണി മുഖർജിയിൽ നിന്നുൾപ്പടെ വലിയ അഭിനന്ദനങ്ങൾ ലഭിച്ചതും ചിത്രത്തിന് നേട്ടമായി. സമീപകാലത്ത് മലയാള സിനിമയിലെ ധീരമായ ചുവടെന്നാണ് ചിത്രത്തെ നിരൂപകർ വാഴ്ത്തിയത്. മികച്ച തിരക്കഥയും പിഴവുകളില്ലാത്ത സംവിധാനവും ചിത്രത്തിന് ഗുണകരമായി. അഭിനേതാക്കളുടെ ഒന്നിനൊന്നു മികച്ച പ്രകടനം കൂടിയായപ്പോൾ ‘ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍’ ഓർമിക്കപ്പെടുന്ന ചലച്ചിത്ര സൃഷ്ടിയാകുകയായിരുന്നു.