Friday 14 February 2020 06:26 PM IST : By സ്വന്തം ലേഖകൻ

‘എന്താ ഞാന്‍ സ്മാര്‍ട്ടായിട്ടല്ലേ ഇരിക്കുന്നത്’! 96–ാം വയസിലും മകന്റെ സത്യപ്രതിജ്ഞ കാണാൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എത്തി

unni-new

വെള്ളിത്തിരയിൽ, മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശനാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ദേശാടനത്തിലെ കൊച്ചുമകനെയോർത്ത് സങ്കടപ്പെടുന്ന മുത്തശ്ശനായും കല്യാണരാമനിലെ കുസൃതിക്കാരൻ കാരണവരായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരം 96 വയസിന്റെ അവശതകള്‍ മറന്ന്, ഇളയമകന്‍ കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പയ്യന്നൂരില്‍ നിന്ന് എറണാകുളത്തെത്തിയതാണ് പുതിയ വിശേഷം. ‘എന്താ ഞാന്‍ സ്മാര്‍ട്ടായിട്ടല്ലേ ഇരിക്കുന്നത്’ എന്ന് കാണാനെത്തിയവരോടും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു.

അച്ഛനെ ചക്രക്കസേരയിലിരുത്തി കാറില്‍ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വടുതലയിലെ വീട്ടില്‍ നിന്നു പറപ്പെട്ടത്.

ഹൈക്കോടതിയിൽ കാൽനൂറ്റാണ്ടു പിന്നിട്ട അഭിഭാഷക ജീവിതത്തിനു ശേഷമാണ് പി. വി. കുഞ്ഞിക്കൃഷ്ണൻ ജഡ്ജിയായത്. ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടം കാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ, പയ്യന്നൂർ കോളജിൽ ചേരുകയുണ്ടായി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരിയുടെ വിയോഗമാണ് കുഞ്ഞികൃഷ്ണനെ അഭിഭാഷക ജോലിയിലേയ്ക്ക് തിരിക്കുന്നത്. തിരുവനന്തപുരത്തെ നിയമപഠനത്തിനു ശേഷം പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണു നിർദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്നും ചടങ്ങില്‍ അച്ഛനെത്തിയതില്‍ സന്തോഷമുണ്ടെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കുഞ്ഞികൃഷ്ണന്റെ സഹോദരീ ഭർത്താവും പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു.

‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.