Friday 29 April 2022 08:29 AM IST : By സ്വന്തം ലേഖകൻ

സിനിമാ രംഗത്തു നിന്നടക്കം 8 സാക്ഷികൾ, സി.സി.ടി.വി ദൃശ്യങ്ങളും...: വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകൾ

vijay-babu

ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ്.

വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു. അതേസമയം മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്.

വിജയ് ബാബു എത്ര ദിവസം ഒളിവിലിരുന്നാലും കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്കാരി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഗോവയിലേക്ക് പോയ വിജയ് ബാബു അവിടെ നിന്നു വിദേശത്തേക്ക് കടന്നിരുന്നു. വിജയ് ബാബുവിനായി രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് നടിയായ യുവതിയുടെ പരാതി. ലഹരി വസ്തുക്കൾ നൽകി അ‍ർദ്ധബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ്ബാബു ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും നഗ്ന വിഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.