Friday 25 September 2020 03:22 PM IST : By സ്വന്തം ലേഖകൻ

ഇതരഭാഷക്കാരനല്ല, നമുക്കിടയിലെ ഒരാള്‍; ആ ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കും; ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

spb-homage

എസ്പിബിയെന്ന അതുല്യ കലാകാരന്റെ വിയോഗത്തില്‍ തേങ്ങുകയാണ് നാട്. ഇന്ത്യന്‍ സിനിമാ സംഗീതത്തിന് മറക്കാനാകാത്ത ഗാനങ്ങള്‍ സമ്മാനിച്ച പ്രിയഗായകന്റെ ഓര്‍മ്മകളെ നാട് ഹൃദയത്തിലേറ്റു വാങ്ങുമ്പോള്‍ കേരളവും ആ പ്രതിഭയ്ക്കു മുന്നില്‍ ശിരസു നമിക്കുകയാണ്. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു എസ്പിബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ  മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. 

മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും.

ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നു.