Friday 17 June 2022 10:57 AM IST

‘എനിക്കു വേണ്ടി മാത്രമായി യാത്ര തുടങ്ങിയപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിയുന്നത്’: രഞ്ജിനിയുടെ സഞ്ചാരം

Tency Jacob

Sub Editor

ranjini-jose-travel

മറ്റാരോ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു മടുത്തിട്ടാകണം നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ‘യാത്രകൾ ഒറ്റയ്ക്കു മതി’ യെന്ന് തീരുമാനിക്കുന്നത്. മനസ്സ് പതറി നിൽക്കുമ്പോൾ, വീട്ടിലെയും ജോലി സ്ഥലത്തെയും വേഷങ്ങൾ തീർത്തും മടുക്കുമ്പോൾ, പേരറിയാ സങ്കടം വന്നു പൊതിയുമ്പോൾ, സങ്കടദിനങ്ങൾ കരഞ്ഞു തീർക്കുന്നത് പഴങ്കഥ.

ചേഞ്ച് വേണമെന്നു തോന്നിയാൽ സഞ്ചിയും തൂക്കി ഇറങ്ങുകയായി. ‘കൂടെ വാ’ എന്നു പറഞ്ഞ് കൈ പിടിക്കുന്നത് മറ്റാരെയുമല്ല തന്നെത്തന്നെയാണ്.

നാല് സോളോ ട്രാവലേഴ്സിനേയും ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് ഇഷ്ടപ്പെടുന്ന മൂന്നു താരങ്ങളെയും കേട്ടോളൂ. ഇത്തിരി ദിവസം തനിച്ചു നടന്ന് ഒത്തിരി ദിവസത്തേക്കുള്ള ഊർജം സമ്പാദിക്കുന്ന അവരുടെ അദ്ഭുത സഞ്ചാരവഴികളും.

––––

മൂവന്തി പൊന്നഴകിൽ ബ്രൂജ്– രഞ്ജിനി ജോസ്

‘എനിക്കു വേണ്ടി മാത്രമായി യാത്ര തുടങ്ങിയപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിയുന്നത്’: രഞ്ജിനിയുടെ സഞ്ചാരം ജോലി സംബന്ധമായുള്ളതായിരുന്നു ഏറെ യാത്രകളും. ഞാൻ എനിക്കു വേണ്ടി മാത്രമായി സഞ്ചാരം തുടങ്ങിയപ്പോഴാണ് അതെത്ര പ്രധാനമെന്നു തിരിച്ചറിയുന്നത്.
 ബെൽജിയത്തില്‍ ബ്രൂജ് എന്നൊരു നഗരമുണ്ട്. യൂറോപ്പിന്റെ പാരമ്പര്യത്തനിമയിൽ നിന്നു വ്യത്യസ്തമായി നിറയെ തോടുകളും അതിനു മുകളിലായി കുഞ്ഞു പാലങ്ങളുമായി വേറിട്ട ഭംഗിയുള്ള നഗരം. കെട്ടിടങ്ങൾക്ക് ചെറിയ പൊക്കമാണ്.
ചെറിയ വീടുകൾ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് അത്തരം കാഴ്ചകൾ എന്നെ സന്തോഷിപ്പിക്കും. ബ്രൂജിൽ രാത്രി ഒൻപതരയാകുമ്പോഴാണ് സന്ധ്യാവെളിച്ചം വന്നു നിറയുന്നത്. ആ നേരത്ത് മൂവന്തിയിലെ പ്രകാശം കാണുക. ഹോ! എനിക്ക് വിവരിക്കാനറിയില്ല ആ കാഴ്ചയുടെ ഭംഗി. യാത്രകളിൽ ഞാ ൻ തേടുന്നത് ആ നാട്ടിലെ സംഗീത ഇടങ്ങളാണ്. പല തരത്തിലുള്ള മ്യൂസിക് കേൾക്കാനും പഠിക്കാനും ശ്രമിക്കാറുമുണ്ട്.

മലമുകളിലെ സൂര്യൻ

(സാനിയ അയ്യപ്പൻ)

മോശം സമയങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ‍ഞാൻ യാത്ര പോകുന്നത്. പ്രതീക്ഷിക്കാത്ത സങ്കടങ്ങൾ ജീവിതത്തിൽ വന്നു സംഭവിക്കുമ്പോൾ ഒറ്റയ്ക്കുള്ള യാത്രയിലൂടെ ആ മുറിവുണക്കും. ഓരോ യാത്രയ്ക്കു ശേഷവും ഞാൻ പുതിയ വ്യക്തിയാണ്.

അങ്ങനെയിരിക്കുമ്പോൾ എനിക്കു മലമുകളിലെ സൂര്യനെ കാണാൻ കൊതി തോന്നും. ഉടനെ യാത്ര പുറപ്പെടും. എന്നോടു തന്നെ സംസാരിച്ചു കൊണ്ട് അ വിടെ കുറച്ചു സമയം ചെലവഴിക്കും. ചില സ്ഥലങ്ങൾ തണുപ്പു കാലത്തും വേനൽക്കാലത്തും എങ്ങനെയി രിക്കുമെന്നു ഞാൻ പോയി നോക്കാറുണ്ട്.

മേഘാലയയിലെ ഒരു ഗ്രാമത്തിൽ പ്രവേശിക്കണമെങ്കിൽ 3000 പടികളിറങ്ങണം. ആശുപത്രിയിൽ പോകാനും ഉപ്പു വാങ്ങാൻ കടയിൽ പോകാനും ഓരോ തവണയും അവർക്ക് കുത്തനെയുള്ള പടികൾ കയറിയിറങ്ങണം. വയസ്സായ ആളുകൾ മുതൽ കുട്ടികൾ വരെ വളരെ എളുപ്പത്തിലാണ് അത് കയറിയിറങ്ങുന്നത്. ആ യാത്രയ്ക്ക് ശേഷം ഇന്നുവരെ ഒരു കയറ്റവും ജീവിതത്തിൽ പ്രയാസമാണെന്ന് തോന്നിയിട്ടില്ല.

saniya-iyappan-insta

മഞ്ഞിൽ മായാതെ... അനുമോൾ– അഭിനേത്രി, ട്രാവൽ വ്ലോഗർ

ഓർമയിലെ ആദ്യ സഞ്ചാരം നാലാം ക്ലാസിലെ ഊട്ടിയാത്രയാണ്. അച്ഛന് അവിടെ ബിസിനസ്സായിരുന്നു. ഒരിക്കൽ അച്ഛൻ കാറിൽകയറി പോകാനൊരുങ്ങുമ്പോൾ കണ്ണുംതിരുമ്മി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്ന ഞാൻ കൂടെ പോകാൻ വാശി പിടിച്ചു. പെറ്റിക്കോട്ടായിരുന്നു ഞാനിട്ടിരുന്നത്. പിന്നെ, ടൗണിൽ പോയി ഉടുപ്പ് വാങ്ങി അച്ഛൻ എന്നെയും കൂടെ കൊണ്ടുപോയി. ആ വർഷം തന്നെയായിരുന്നു അച്ഛന്റെ മരണവും. ഇന്നുമുണ്ട് മനസ്സിൽ, അച്ഛന്റെ വിരൽത്തുമ്പ് പിടിച്ചു മഞ്ഞിലൂടെ ആ യാത്ര.

ഒറ്റയ്ക്ക്, ധാരാളം മനുഷ്യരെ കണ്ടും മിണ്ടിയും യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. കൈനകരിയിലൂടെയുള്ള സഞ്ചാരം അത്തരത്തിലൊന്നായിരുന്നു. രാവിലെ വള്ളത്തിൽ കയറി കറങ്ങാനിറങ്ങിയപ്പോൾ കറിക്കുള്ള മീനിനായി ചൂണ്ടയിട്ട് കാത്തിരിക്കുന്ന അമ്മമാർ. വെള്ളത്തിൽ കുത്തിമറിയുന്ന കുട്ടികൾ. നല്ല കുളിർമയുള്ള ജീവിതക്കാഴ്ചകൾ. യാത്രകളിൽ ഞാനൊരിക്കലും തിടുക്കപ്പെടാറില്ല. കാണാനിറങ്ങിയ ദേശങ്ങളോടും മനുഷ്യരോടും ‘എനിക്കു കണ്ടു മതിയായില്ല,വീണ്ടും വരാം’ എന്നു പറഞ്ഞാണ് തിരികെ പോരുക. യാത്രയാണ് എന്റെ ലഹരി.

anumol-travel

ഇഷ്ടമെങ്കിൽ നൂറുവട്ടം–പൂർണിമ ഇന്ദ്രജിത്ത്

ഒരു പെൺകുട്ടി പ്രായപൂർത്തിയായാൽ ആദ്യം ചെയ്യേണ്ടത് ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. എനിക്കു പതിനെട്ടു തികഞ്ഞപ്പോൾ പെൺകുട്ടികളുടെ സംഘത്തിനൊപ്പം യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു. തിരക്കുകളിൽ നിന്നു രക്ഷപ്പെട്ടോടണം എന്നൊരു ചിന്ത വരുന്ന സമയത്താണ് ഞാൻ ഒറ്റയ്ക്ക് യാത്ര പുറപ്പെടുന്നത്. ഒരുപാട് കാഴ്ചകൾ കാണുന്നതിനപ്പുറം, ഇഷ്ടമുള്ള കാഴ്ചകൾ ഒരു മടുപ്പുമില്ലാതെ ആവർത്തിച്ചു കാണുന്നതാണ് എന്റെ യാത്രാരീതി.

ഒരിക്കൽ പാരിസിലെ ഒരു പള്ളിയിൽ പോയി. അവിടെയുണ്ടായിരുന്ന എട്ടു ദിവസത്തിൽ അഞ്ചു ദിവസവും ആരോ വിളിക്കും പോലെ ഞാൻ അവിടെ പോയിക്കൊണ്ടിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആ പള്ളിയുടെ നിശബ്ദതയിൽ ആയിരിക്കുക എന്നത് മനോഹരമായ അനുഭവമാണ്. പള്ളിക്കു മുന്നിലുള്ള തെരുവിലിരുന്ന് ഒരാൾ വലിയ ഹാർമോണിയം വായിക്കുന്നു. അതു കേട്ടിരിക്കുമ്പോൾ ഹൃദയം ആർദ്രമായി. പുറത്തിരുന്ന് ഒരു പെൺകുട്ടി അതിവേഗം മനോഹരമായി പള്ളിയുടെ ചിത്രം വരയ്ക്കുന്നു. വീട് വീണ്ടും വിളിക്കുമ്പോഴാണ് മനസ്സില്ലാ മനസ്സോടെ ഇത്തരം അനുഭവങ്ങളിൽ നിന്നു തിരികെ പോരുന്നത്.

poornima-indrajith-story