Friday 13 May 2022 11:28 AM IST : By സ്വന്തം ലേഖകൻ

അജയ് വാരിയർക്ക് അഴുക്കുചാലിൽ വീണു പരുക്ക്, ഇടതുകാൽമുട്ടിന് താഴെ 13 തുന്നിക്കെട്ടുകൾ: കുറിപ്പ്

ajay-warrier

കന്നഡ പിന്നണിഗായകനും മലയാളിയുമായ അജയ് വാരിയർക്ക് അഴുക്കുചാലിൽ വീണു പരുക്ക്. ബെംഗളൂരു ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനു സമീപത്തു വച്ചാണ് സംഭവം. അപകടത്തിൽ ഇടതുകാൽമുട്ടിന് താഴെ 13 തുന്നിക്കെട്ടുകൾ വേണ്ടി വന്നു.

അപകടത്തെക്കുറിച്ച് അജയ് വാരിയർ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതോടെയാണ് ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ (ബി.ബി.എം.പി.) അധികൃതരെത്തി ഓവുചാൽ താൽക്കാലികമായി അടച്ചത്.

‘ജന്മദിനത്തിൽ മകൾക്ക് സർപ്രൈസ് നൽകാൻ കേരളത്തിലേക്ക് വരാന്‍ റെയിൽവേസ്റ്റേഷനിലേക്ക് പോകാന്‍ തയാറെടുക്കുമ്പോൾ മഴ പെയ്തു. ടാക്സി കിട്ടാത്തതിനാൽ മെട്രോ സ്റ്റേഷനിലേക്ക് നടക്കാന്‍ തീരുമാനിച്ചു. സ്‌റ്റേഷനു സമീപമെത്തിയപ്പോൾ, മെയിൻ റോഡിലെ വലിയ വെള്ളക്കെട്ട് കണ്ട് ഫൂട്പാത്തിലേക്ക് കയറി മുന്നോട്ടു നടന്നതും കാൽ ഒരു കുഴിയിലേക്ക് വഴുതിവീണു. ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അപ്പോഴേക്കും വെള്ളം ഒഴുകുന്ന ഒരു ഗട്ടറിനുള്ളിൽ വീണിരുന്നു. വെള്ളം നെഞ്ച് വരെ ആയി. ഭാഗ്യത്തിന് ഒഴുകിപ്പോകാതെ രക്ഷപ്പെട്ടു. കാലിൽ ആഴമുള്ള മുറിവുകളും ചതവുകളുമുണ്ടായിരുന്നു. കടുത്ത വേദനയും.
ഡ്രെയിനേജ് ഹോൾ മറയ്ക്കുന്ന സ്ലാബ് മാറ്റാൻ മെനക്കെടാത്ത അധികാരിയിലെ ഒരാളുടെ നിരുത്തരവാദപരമായ പ്രവൃത്തിയുടെ ഫലം.
കാലിൽ നിരവധി തുന്നലുകൾ വേണ്ടിവന്നു. വേദനയുടെ ദിവസങ്ങൾ. പ്രധാന സംഗീത സഹകരണങ്ങളുടെ നഷ്ടം.
ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? അടഞ്ഞുകിടക്കുന്ന ഓടകളുടെയും കലുങ്കുകളുടെയും കാര്യം ബന്ധപ്പെട്ട അധികാരികൾ തിരിച്ചറിയുന്നില്ലെങ്കിൽ, ഇത് നമ്മിൽ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ആ വെള്ളത്തെ കുറിച്ചോർത്ത് ഞാൻ നടുങ്ങുന്നു... ഒരു കൊച്ചുകുട്ടി അതിലേക്ക് നടന്നു പോയാലോ ?നഗരവാസികൾക്ക് സുരക്ഷിതമായ റോഡും നടപ്പാതയും ഒരുക്കുന്നതിന് അധികാരികൾ ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന തുറന്ന കത്താണിത്. എന്റെ സഹ ബാംഗളൂരുകാരെ സൂക്ഷിക്കുക. നമ്മുടെ ജീവനും വിലപ്പെട്ടതാണ്...’.– അജയ് കുറിച്ചു.