Tuesday 21 July 2020 05:15 PM IST : By സ്വന്തം ലേഖകൻ

‘അതിജീവനം അരികിൽ, അകന്നു നിൽക്കാം നാടിനായി’; കോവിഡ് പോരാട്ടത്തിന് ഊർജമേകി ‘എലൈവ്’

alive

അതിജീവനവും പോരാട്ടവും ശീലമാക്കിയ ജനത വീണ്ടുമൊരു പോരാട്ട വഴിയിലാണ്. കോവിഡിന്റെ കണ്ണികളെ അറുത്തുമാറ്റാന്‍ അരയും തലയും മുറുക്കിയിറങ്ങിയ ഈ നാട് വീണ്ടും അതുറപ്പിച്ചു പറയുന്നു. 'ഈ പരീക്ഷണവും നമ്മള്‍ അതിജീവിക്കും...'

നാടും നഗരവും ശരവേഗത്തില്‍ പടരുന്ന കോവിഡിനെതിരെ സന്ധിയില്ലാ സമരം നടത്തുമ്പോള്‍ ഇതാ ഒരു വാഴ്ത്തുപാട്ട്. ‘എലൈവ്’ എന്ന് പേര് നൽകിയിരിക്കുന്ന ഗാനം ഒരുങ്ങിയിരിക്കുന്നത് യുവാക്കളുടെ കൂട്ടായ്മയിലാണ്. കരുതലോടെ പോരാടിയാൽ ആ പഴയ നല്ലനാളുകൾ അകലെയല്ലെന്ന് ഗാനത്തിലെ വരികൾ ഓർമ്മിപ്പിക്കുന്നു. പോരാട്ട വഴിയിൽ കരുതൽ തീർക്കുന്ന ആരോഗ്യ പ്രവർത്തകരേയും ഗാനത്തിൽ പ്രകീർത്തിക്കുന്നുണ്ട്. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് ഗാനം കാഴ്ച്ചക്കാരിലേക്കെത്തുന്നത്.

കോക്ക്ടെയിൽ എന്റർടെയ്ൻമെന്റും ടീം ബഡീസും ചേർന്നാണ് ഈ മനോഹര ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ദീപക് സോനുവാണ്. സംവിധാനവും ദീപക് തന്നെ. വരികൾ പിപി വഹീദ് കുനിങ്ങാട്. ദീപക് സോനു, മിഥുൻ മോഹൻ, പ്രിയങ്ക ശരവണൻ, അച്ചു അരുൺരാജ് എന്നിവർ അഭിനേതാക്കളായി അരങ്ങിലെത്തുന്നു. നവീൻ മോഹനാണ് നിർമ്മാണം. പൂർണമായും ഐഫോണിൽ ചിത്രീകരിച്ച ആൽബത്തിന്റെ ഛായാഗ്രഹണം സുജിത്ത് ശശിധരന്റേതാണ്. എഡിറ്റിങ് ഫഹജ് അസബ്.