കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സിനിമ ലോകം ഏറ്റവുമധികം ചർച്ച ചെയ്ത വാർത്തയാണ് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ. റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹ മോചിതരാകുന്നുവെന്നത്. റഹ്മാന്റെ വിവാഹമോചന വാർത്ത പുറത്തുവന്നതിനു തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു പ്രഖ്യാപിച്ചിരുന്നു. ഇതോടെ രണ്ടു വിവാഹ മോചനങ്ങളെയും തമ്മിൽ ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായി.
ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപ പരാമർശങ്ങളോടു പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും അമീനും.
‘എന്റെ അച്ഛൻ ഒരു ഇതിഹാസമാണ്. സംഗീതരംഗത്തിന് അദ്ദേഹം നൽകിയ അവിശ്വസനീയമായ സംഭാവനകൾ കൊണ്ടു മാത്രമല്ല, വർഷങ്ങളായി അദ്ദേഹം നിലനിർത്തുന്ന മൂല്യങ്ങളും ബഹുമാനവും സ്നേഹവും കൊണ്ടും അദ്ദേഹം ഇതിഹാസമാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ പ്രചരിക്കുന്നത് കാണുമ്പോൾ വളരെ നിരാശ തോന്നുന്നു. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവർക്കും ഓർമിക്കാം. അത്തരം തെറ്റായ വിവരങ്ങളിൽ ഏർപ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കൂ. അദ്ദേഹത്തിന്റെ അന്തസ്സും നമ്മിൽ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനവും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’.– എ.ആർ.അമീൻ കുറിച്ചു.
വിദ്വേഷികൾ കിംവദന്തികൾ പടച്ചുവിടുന്നു, വിഡ്ഢികൾ അത് പ്രചരിപ്പിക്കുന്നു, വിവേകശൂന്യർ അത് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നാണ് ഖദീജ കുറിച്ചത്. ഇതു റഹീമയും പങ്കുവച്ചു.
1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സംഗീതരംഗത്ത് ഹരിശ്രീ കുറിച്ചു കഴിഞ്ഞു.