Monday 25 January 2021 08:42 PM IST : By സ്വന്തം ലേഖകൻ

'എ മേരേ... വതന്‍ കെ ലോഗോന്‍': തലമുറകള്‍ ഏറ്റുപാടിയ ഗീതത്തിന് പുതിയ ഭാവം: സംഗീതാര്‍ച്ചനയുമായി ദേവകി നന്ദകുമാര്‍

ae-mere

രാജ്യത്തിനായി ജീവന്‍ ബലികഴിച്ച രക്തസാക്ഷികള്‍ക്ക് സംഗീതം കൊണ്ട് അര്‍ച്ചന. 'എ മേരേ... വതന്‍ കെ ലോഗോന്‍' എന്ന വിഖ്യാതമായ ഗാനത്തിന്റെ പുരനാവിഷ്‌ക്കാരവുമായി എത്തുകയാണ് ദേവകി നന്ദകുമാര്‍ എന്ന ഗായിക. രാജ്യം അതിന്റെ അഭിമാനകരമായ 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് സംഗീതോപഹാരം പുറത്തിറങ്ങുന്നത്. 

1963ലെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി നാഷണല്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ട ഗാനമാണ് 'എ മേരി വതന്‍ കെ ലോഗോന്‍.' ദേശസ്‌നേഹവും രാജ്യത്തിന്റെ അഖണ്ഡതയും വിളിച്ചോതുന്ന ഗാനം  ലതാമങ്കേഷ്‌ക്കറുടെ സ്വരമാധുര്യത്തിലാണ് രാജ്യം ശ്രവിച്ചത്. തലമുറകള്‍ ഏറ്റുപാടിയ ആ ഗാനമാണ് അതിന്റെ തനിമയും ഭംഗിയും ചോരാതെ പുതുരൂപത്തില്‍ എത്തുന്നത്. കവി പ്രദീപിന്റെ തൂലികയില്‍ വിടര്‍ന്ന വരികള്‍ ചിട്ടപ്പെടുത്തിയത് സി രാമചന്ദ്ര ആയിരുന്നു. ലതാമങ്കേഷ്‌ക്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാനം ദേവകി ഗാനം പുനരവതരിപ്പിക്കുന്നത്. 

പുതിയ കാലത്തിലേക്ക് എത്തുമ്പോള്‍ ആ പഴയ സുന്ദരഗീതം മിക്‌സ് ചെയ്ത് അവതരിപ്പിക്കുന്നത് ജിതിന്‍ ജനാര്‍ദ്ദനനാണ്. സുധീഷ് കുമാറിന്റേതാണ് ഛായാഗ്രഹണം. അതുല്‍ ജനാര്‍ദ്ദനന്റേതാണ് എഡിറ്റിംഗ്. മ്യൂസിക് ശിക്ഷണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.