Thursday 14 July 2022 02:30 PM IST : By സ്വന്തം ലേഖകൻ

ശരത്തിന്റെ ‘ക്ലാസിക്കൽ ബർമുഡ’, ബെന്നി ദയാലിന്റെ ‘വെസ്റ്റേൺ ബർമുഡ’... ഒപ്പം ചിത്രയും സുജാതയും ശ്വേതയും ഹരിയും: വിഡിയോ

barmuda

ഷെയ്‍ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ‘ബർമുഡ’ റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിനായി വേറിട്ട ഒരു പ്രൊമോഷൻ രീതി പരീക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘ഉണർത്തുപാട്ട്’ സീരീസ് എന്ന പേരിൽ, പ്രിയഗായകർ ആലപിച്ച വ്യത്യസ്തമായ ‘ബർമുഡ’ ഈണങ്ങളുടെ വിഡിയോകളാണ് ഇവ. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയാണ് സീരിസിൽ ആദ്യം പാടിയത്. തുടർന്ന് സുജാത മോഹൻ, ശരത്, ശ്വേത മോഹൻ, ബെന്നി ദയാൽ, ഹരിശങ്കർ എന്നിവരുടെ ബർമുഡ പാട്ടുകളും എത്തിയിട്ടുണ്ട്.

ജൂലൈ 29നാണ് ചിത്രം റിലീസാകുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യമുള്ള ഒന്നാണ്. കൃഷ്ണദാസ് പങ്കിയാണ് രചന. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്.