Wednesday 15 June 2022 04:47 PM IST : By സ്വന്തം ലേഖകൻ

സംഗീതലോകത്തു നിന്നു ബ്രേക്ക് എടുക്കാനൊരുങ്ങി ബിടിഎസ്; കണ്ണീരോടെ പ്രതികരിച്ച് ആരാധകര്‍

1207834649

ദക്ഷിണകൊറിയൻ ബോയ് ബാൻഡ് ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നു. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. 

ലൈവ് പരിപാടിയുമായി ലോകവേദിയിലെത്തുന്നതിനു മുൻപ് ബിടിഎസ് അംഗങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു അത്താഴ വിരുന്ന്. തങ്ങളുടെ ഭൂതകാലത്തേക്കുറിച്ചു പറഞ്ഞതുടങ്ങിയ സംഘം, പിന്നീട് താന്താങ്ങളുടെ പുതിയ ജീവിതദിശ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. വർഷങ്ങളോളം ഒരുമിച്ചു താമസിച്ച തങ്ങളുടെ പഴയ വീടിനേക്കുറിച്ചുള്ള ഓര്‍മകളും ബാൻഡ് അംഗങ്ങള്‍ പങ്കുവച്ചു. 

ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു. ബിടിഎസ് താരം ജെഹോപ് ആണ് ആദ്യ സോളോ സംഗീത പരിപാടിക്കു തുടക്കം കുറിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴത്തേതിനേക്കാൾ പക്വതയോടെ തിരികെ വരുമെന്നും ബാൻഡ് അംഗം ജംഗൂക് ഉറപ്പു നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള ആരാധകരുടെ അനുഗ്രഹവും പ്രാർഥനയും യാചിച്ചുകൊണ്ടാണ് ബിടിഎസ് ചർച്ച അവസാനിപ്പിച്ചത്. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഘത്തിന്റെ അടുത്ത ആൽബത്തിനു വേണ്ടി കാത്തിരുന്ന ആരാധകവൃന്ദത്തിനു പുതിയ വാർത്ത അംഗീകരിക്കാനാകുന്നില്ല. കണ്ണീരോടെയാണ് പലരും പ്രഖ്യാപനങ്ങളോടു പ്രതികരിച്ചത്. 

സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസ്സിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം. സൈനിക സേവനത്തിനായി അംഗങ്ങൾ പോയിട്ടുള്ള ബാൻഡുകളെല്ലാം പിന്നീട് തകർന്നു പോയ ചരിത്രമാണുള്ളത്. അതുകൂടി ചേർത്തു വായിക്കുമ്പോൾ ബിടിഎസ് ഇനി മടങ്ങിവരുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നാണ് ആരാധകർ വേദനയോടെ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. 

Tags:
  • Movies