Saturday 19 June 2021 03:26 PM IST

‘വരികളും മഴയും താളത്തിൽ പ്രണയബദ്ധരായി നീങ്ങും പോലെ’; മഴയ്ക്കൊപ്പം ഗായികയിൽ നിന്ന് സംഗീത സംവിധായികയായി മാറിയ ഡോ. ബിനീത

Viswanathan

Senior Sub Editor

bineetha223

ഫെയ്സ്ബുക്കിലാണ് ആ മഴ ആദ്യം പെയ്തത്. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ ഫെയ്സ്ബുക്കിൽ മഴയെക്കുറിച്ച് ഇങ്ങനെ കുറിച്ചു.

ജനലിനപ്പുറം ചാറും മഴത്തുള്ളി

തുടരെ നിന്റെ പേരുച്ചരിക്കുന്നുണ്ട്.

ഇലമിഴികളിലുമ്മ വയ്ക്കുന്നുണ്ട്

ചെടിയിടുപ്പിൽ പുണർന്നു നിൽക്കുന്നുണ്ട്.

ഗഗനസീമ തൻ പൊക്കിൾക്കൊടി

മുറിച്ചിളയിലേക്കൂർന്നു വീഴുന്നതിൻ മുന്നേ

പ്രണയഭാഷ അറിഞ്ഞിരുന്നോ,

മഴ, വഴിയിൽ വച്ച് പഠിച്ചതായീടുമോ

ഈ വരികൾ വീണ്ടും വീണ്ടും വായിച്ചപ്പോൾ ഗായിക ഡോ. ബിനീതയുടെ മനസ്സിൽ മഴ സംഗീതം മീട്ടിത്തുടങ്ങി.  അങ്ങനെ, നൽകിയ ഈണത്തിലൂടെ ബിനീത മഴയ്ക്കൊപ്പം ഗായികയിൽ നിന്ന് സംഗീതസംവിധായികയായി മാറി. മഴയുടെ തണുപ്പാർന്ന ഗീതം ഗാനമായി മാറിയ കഥ പങ്കുവയ്ക്കുന്നു തൃശൂർ ജില്ലയിലെ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഇൻചാർജായ ഡോ. ബിനീത.

‘ഹരിനാരായണൻ സാർ ഫെയ്സ്ബുക്കിൽ ഇതുപോലെ കവിതകൾ പോസ്റ്റ് ചെയ്യുന്നത് നേരത്തെ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഫോണിൽ ഈ കവിത വായിക്കുമ്പോഴും പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. വരികളും മഴയും താളത്തിൽ പ്രണയബദ്ധരായി നീങ്ങും പോലെ എനിക്കു തോന്നി. പെട്ടെന്ന് മനസ്സിൽ വന്ന ഈണമാണ്. അല്ലാതെ സംഗീതസംവിധായിക ആകുക എന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. അതിനുള്ള ധൈര്യവും ഇല്ലായിരുന്നു എന്ന് വേണം പറയാൻ.

റഫായി ഒരു ട്രാക് പാടി സാറിന് അയച്ചു കൊടുത്തു. ‘ഇത്, രസായിട്ടുണ്ടല്ലോ, ബിനീതയ്ക്ക് തന്നെ ഇത് ചെയ്തു കൂടേ’ എന്നദ്ദേഹം ചോദിച്ചു. ആ വാക്കുകൾ എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. പ്രതിഭാധനരായ നിരവധി സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള, എത്രയോ നല്ല ഗാനങ്ങളെഴുതിയ അദ്ദേഹം പകർന്ന ധൈര്യത്തിലാണ് പിന്നെ, ഈ ഗാനവുമായി മുന്നോട്ട് പോയത്.

ജോഗ് രാഗത്തിലാണ് ഗാനം ക്രമപ്പെടുത്തിയത്. മലയാളിക്ക് പ്രിയപ്പെട്ട ഒട്ടേറെ ഗാനങ്ങൾ ഈ രാഗത്തിലുണ്ട്. വാർമുകിലേ, പ്രമദവനം, പറയാൻ മറന്ന പരിഭവങ്ങൾ പോലുള്ള പാട്ടുകൾ. പ്രണയവും മഴയും പുണർന്നു നിൽക്കുന്ന ഈ പാട്ടിനും ജോഗിന്റെ മാധുര്യം കൂട്ടുപോകട്ടെ എന്നു കരുതി. വിഷ്ണു വിജയ് ആണ് മ്യൂസിക് പ്രോഗ്രാമർ. മഴയും പ്രണയവും ചേർന്നു പെയ്യുന്ന ഫീൽ വേണമെന്നാണ് മോഹം എന്ന് വിഷ്ണുവിനോട് പറഞ്ഞിരുന്നു. സന്തൂറിൽ മനോഹരമായി വിഷ്ണു അത് ചെയ്തു തന്നു. 

പാട്ട് ഫൈനൽ ആയി കഴിഞ്ഞ് ഹരിനാരായണൻ സാറിന് അയച്ചു കൊടുത്തു. ‘യു‍ട്യൂബിൽ റിലീസ് ചെയ്തു കൂടെ’ എന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ, ഇത് അദ്ദേഹത്തിന്റെ പാട്ട് ആണ്. അനുവാദം പോലും ചോദിക്കാതെ ഞാൻ ചെയ്തു തുടങ്ങിയതാണ്. ഇത് അദ്ദേഹത്തിന് തന്നെ നൽകുന്നതാണ് നല്ലതെന്ന് തോന്നി. ഹരിനാരായണൻ സാർ അത് ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് എല്ലാവരും അറിഞ്ഞത്. ’

bineethaa33444
Tags:
  • Movies