Saturday 29 May 2021 03:53 PM IST : By ശ്യാമ

‘എന്റെ പാട്ടുകൾ കേൾക്കുന്നവർക്കറിയാം, അത് മനുഷ്യപക്ഷത്ത് നിൽക്കുന്നവയാണ്’; മലയാളം റാപ്പിന് പുതിയ മാനം നൽകുന്ന ‘വേടൻ’ പറയുന്നു

NCR02350-copy ഫോട്ടോ: നൗറിൻ സഹീർ

മണ്ണ് മൂടി പോയതൊക്കെ മണ്ണടർത്തി ഓർമിപ്പിക്കുന്ന, ആർത്തലച്ച് പെയ്യുന്ന മഴയുണ്ട്. വീണ കണ്ണീരൊക്കെ മൂർച്ചയുള്ള മുള്ളുകളായി പുനർജീവിപ്പിക്കാൻ പോന്ന മഴ. ആ മഴയാണ് വേടന്റെ പാട്ടുകൾ! മലയാളം റാപ്പിന് പുതിയ മാനം നൽകുന്ന ‘വേടൻ’ എന്ന ഹിരൺദാസ് മുരളി. 

കനലിന്റെ തുടക്കം

‘നീർനിലങ്ങളിൻ...’ ആണ് ആദ്യമായി എഴുതിയ റാപ്. സിഎഎ പ്രതിഷേധത്തിന്റെ ഭാഗമായി ഊരാളി ബാന്‍ഡിനൊപ്പമാണ് ആദ്യമായി പാടിയത്. എന്റെ പാട്ടുകൾ കേൾക്കുന്നവർക്കറിയാം, അത് മനുഷ്യപക്ഷത്ത് നിൽക്കുന്നവയാണ്. ഇപ്പോൾ നടക്കരുത് എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ കൺമുന്നിൽ നടക്കുന്നതിന്റെ രോഷമുണ്ടതിൽ. എനിക്ക് പറയാനുള്ളതൊക്കെ പാട്ടിലൂടെ പറയുന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവാണ് നാട്. പഠനം കഴിഞ്ഞ് സിനിമാ മോഹവുമായി നടക്കുകയായിരുന്നു. സിനിമയെടുക്കുക തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. വ്യക്തമായ രാഷ്ട്രീയം പറയുന്നത് തന്നെയാകും എന്റെ സിനിമ.

ആളിപ്പടരുന്ന തീനാളം

എന്നെ ആളുകൾ സ്വന്തമായി കണക്കാക്കുമ്പോൾ ഒരേ സമയം ഭയവും അഭിമാനവുമുണ്ട്. ഞാൻ വളരെ അലസമായി നടന്ന ആളാണ്. ആ അലസത അല്ലെങ്കിൽ അറിയാതെ പോലും ഒരു തെറ്റ് ഇനി വന്നാൽ അത് വലിയ ചർച്ചയാകും. പിന്നെ, തെറ്റുകൾ തിരുത്തിപ്പോകാനാണ് ഇഷ്ടം. എല്ലാം തികഞ്ഞവരാര്?

എനിക്ക് പറയാനുള്ളത് കേൾക്കുന്നു, അതിലെ നേര് സ്വീകരിക്കപ്പെടുന്നു എന്നത് അഭിമാനം. ‘ഞങ്ങൾക്ക് പറ്റാത്തത് ഒരാൾ പറയുമ്പോൾ ഞങ്ങൾക്കും ഒരാളുണ്ടെന്ന ധൈര്യമുണ്ടെ’ന്നൊക്കെ വികാരഭരിതരായി ആൾക്കാർ പറയാറുണ്ട്.

ജ്വലിക്കുക ലക്ഷ്യം  

പാട്ടിന്റെ രാഷ്ട്രീയം ആളുകൾ അതേപടി മനസ്സിലാക്കണം എന്നൊന്നും വാശി പിടിക്കാനാകില്ല. ഉദാഹരണമായി ‘എൻജോയി എൻജാമി’ എന്ന റാപ്പിന്റെ രാഷ്ട്രീയം അറിയാതെ ഡാൻസ് ചെയ്യാനും റീലിനുമായൊക്കെ ആളുകൾ ഉപയോഗിക്കുന്നു. അതിലെ നേട്ടം പാട്ട് കൂടുതലാളുകളിലേക്ക് എത്തുമെന്നതാണ്. കേൾക്കുന്നവരിൽ ആരെങ്കിലും അതിനു പിന്നിലെ കഥകളെ കുറിച്ച് ചിന്തിക്കും. അതു മതി.

കത്തിപ്പടർത്തുന്ന കാറ്റ്

എന്റെ ആത്മാവിന്റെ സംഗീതം ‘പറയ്’ എന്ന സംഗീതോപകരണമാണ്. ‘നായാട്ട്’ സിനിമയിൽ വരികൾ എഴുതി പാടുകയും ചെയ്തു. ‘പടവെട്ട്’ എന്ന സിനിമയിൽ റാപ് പാടി. ‘വാ’ എന്ന പാട്ടിനു ശേഷം ഇനി സ്വന്തം പാട്ട് എപ്പോഴെന്ന് ചോദിച്ചാൽ, അതങ്ങ് വരും വരട്ടെ എന്നേ ഉത്തരം പറയാൻ കഴിയൂ. പുസ്തക വായനയിലാണ് ഇപ്പോൾ ശ്രദ്ധ. ടി.ഡി. രാമകൃഷ്ണന്റെ ‘പച്ച, മഞ്ഞ, ചുവപ്പ്’ വി. ജെ. ജെയിംസിന്റെ ‘നിരീശ്വരൻ’. ഇവയാണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങൾ. സാറാ ജോസഫ്, കെ.ആർ.മീര ഒക്കെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ചുട്ടുപൊള്ളലിൻ അടയാളം

കുറ്റൻ പേരായി (കളിയാക്കി വിളിക്കുന്നത്) എനിക്കുണ്ടായിരുന്ന പേരാണ് വേടൻ. എല്ലാ മനുഷ്യരും എല്ലാ ജീവജാലങ്ങളും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തോന്നലാണ് അത് സ്റ്റേജ് നെയിം ആക്കാൻ കാരണം. ഞാൻ ഒരിക്കലും തിരികെ പോകാനാഗ്രഹിക്കാത്തൊരിടമാണ് എന്റെ ചെറുപ്പകാലം. ഈ പേര് ആ ചെറുപ്പകാലത്തിന്റെ കൊളുത്ത് കൂടിയാണ്. അതങ്ങനെ കിടക്കട്ടേ...

നെരിപ്പോടെരിയുന്നു

എന്റെ പാട്ടുകള്‍ ഓർമപ്പെടുത്തലുകളാണ്. ഇത്രയും നാൾ പഠിച്ചിട്ടും എന്റെ ജനത്തിന്റെ ചരിത്രം, അവർ താണ്ടിയ വഴികൾ, നേടിയ വിജയങ്ങൾ, എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങള്‍ ഒന്നും ഒരു സ്കൂള്‍ പുസ്തകത്തിലും ഇല്ല. ചരിത്രപുസ്തകത്തിന്റെ ഒരു താളിൽ പോലുമില്ലാതെ ഞങ്ങൾ മായ്ക്കപ്പെട്ടിരിക്കുന്നു. എത്ര മായ്ച്ചാലും മുളയ്ക്കുന്ന വിത്തുകളാണ് ഞങ്ങൾ. കെടുത്തിയ കോടിക്കണക്കിന് സ്വരങ്ങൾ ഇനിയും എന്നിലൂടെ കേൾക്കും!

Tags:
  • Movies