Wednesday 17 November 2021 02:22 PM IST : By സ്വന്തം ലേഖകൻ

പ്രണയപരിഭവങ്ങളുടെ ‘ഹൃദ്യം’; നമുക്ക് ചുറ്റുമുള്ള ഒരുപാട് കൃഷ്ണമാരുടെ കഥ, ശ്രദ്ധേയമായി ആൽബം സോങ്

hridyam-album-song55435777

ഹൃദ്യം കൃഷ്ണയുടെ കഥയാണ്, അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള ഒരുപാട് കൃഷ്ണമാരുടെ കഥ. തിരക്കിലേക്ക് ഊളിയിടുമ്പോൾ അഥവാ തിരക്ക് നടിക്കുമ്പോൾ, പറഞ്ഞ് പഴകിയ സ്ഥിരം ന്യായങ്ങളുടെ അകമ്പടിയുള്ള ഓരോ ഭർത്താവും ഒരു നിമിഷം തിരിഞ്ഞ് നോക്കൂ.. കൃഷ്ണയുടെ ഭർത്താവും അങ്ങനെ തന്നെയാണ്.. സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ അഭിരമിക്കുന്ന, എല്ലാ ഓൺലൈൻ സ്ട്രീമുകളിലും സിനിമകൾ കാണുന്ന, എപ്പോഴും ജോലി തിരക്കിലാണ് എന്ന് സ്വയം പറയുന്ന ഭർത്താവ്. ഇവർ തമ്മിലുള്ള പ്രണയപരിഭവങ്ങളുടെ കഥയാണ് ഹൃദ്യം.

രുചിയും ഗന്ധവും നമ്മളെ പിന്നിലേക്ക് നടക്കാൻ പ്രേരിപ്പിക്കും. ഒരുപക്ഷേ ചില രുചികൾ തിരിച്ചറിവുകൾ കൂടിയാണ്. ഹൃദയം നിറയ്ക്കുന്ന, ഹൃദ്യമായ രുചി. അർത്ഥശതാബ്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി ശ്രദ്ധ നേടിയ മലയാളി കൃഷ്ണപ്രിയയുടെ ആദ്യ മലയാള ആൽബം ആണ് ഹൃദ്യം. സച്ചിൻദേവ് ആണ് നായകൻ. നർത്തകിയായ നിരഞ്ജന പ്രസന്നൻ ശ്രദ്ധേയമായ വേഷവും അതിനൊപ്പം നൃത്തസംവിധാനവും ചെയ്തിരിക്കുന്നു.

നീലാംബരി രാഗത്തിലുള്ള സ്വാതി തിരുനാൾ കൃതിയിലാണ് സംവിധായകൻ ഗോകുൽ നന്ദകുമാർ ഹൃദ്യത്തിന്റെ ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത്. ഗോകുൽ തന്നെയാണ് ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ഒട്ടനവധി ഷോർട് ഫിലിമുകൾക്ക് ക്യാമറ ചലിപ്പിച്ച ഗോകുലിന്റെ ആദ്യ മ്യൂസിക്കൽ ആൽബം ആണ് ഹൃദ്യം. അവനീർ ടെക്നോളജി നിർമ്മിച്ച ആൽബത്തിന് അഭിരാം കൃഷ്ണയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

സംഗീതവും ശബ്ദവും നൽകിയിരിക്കുന്നത് വിധു നന്ദനാണ്. അഭിരാം ഉണ്ണികൃഷ്ണൻ ആണ് പ്രോഗ്രാമിങ് നിർവഹിചിരിക്കുന്നത്. സനീഷ് എസ് നായർ ആണ് കലാസംവിധാനം. മേക്കപ്പ് ഏഞ്ചൽ മേരി ഷൈൻ. പ്രൊഡക്ഷൻ കൺട്രോളർ അബ്ദുൾ ഷുക്കൂർ. അനൂപ് നാരായണൻ, അച്യുതൻ എന്നിവർ സംവിധാന സഹായികൾ ആയി പ്രവർത്തിച്ചിരുന്നു. രഞ്ജിത് രാജേന്ദ്രൻ ആണ് സ്റ്റിൽസ്. ഫോസിൽമെയ്ഡിന്റെ അതിമനോഹരമായ പോസ്റ്റർ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

Tags:
  • Movies