Friday 06 November 2020 02:54 PM IST : By സ്വന്തം ലേഖകൻ

കൈതപ്രത്തിന്റെ വരികൾക്ക് മകന്റെ സംഗീതം; പ്രകൃതിക്ക് ആദരമർപ്പിക്കുന്ന ‘ഇറ്റ്സ് മി നേച്ചറി’ൽ അപർണ ബാലമുരളിയും

aparna-deepankuran

രാജ്യാന്തര സുനാമിദിനത്തിൽ പ്രകൃതിക്ക് ആദരമർപ്പിക്കുന്ന സംഗീത ആൽബവുമായി സംഗീത സംവിധായകൻ ദീപാങ്കുരൻ. ‘ഇറ്റ്സ് മീ നേച്ചർ’ എന്ന സംഗീത ആൽബത്തിനു വരികൾ എഴുതിയിരിക്കുന്നത് ദീപാങ്കുരന്റെ പിതാവും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. പ്രകൃതിയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധമാണ് ‘ഇറ്റ്സ് മീ നേച്ചർ’ അവതരിപ്പിക്കുന്നത്. 

നടി അപർണ ബാലമുരളി, അഞ്ജലി, കല്ല്യാണി തുടങ്ങിയവരാണ് ആൽബത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജോമിത് ജോണിയും ചൈതന്യയും ചേർന്നാണ് സംവിധാനം നിർവഹിച്ചത്. പ്രകൃതി മനുഷ്യരോട് മനസ്സ് തുറക്കുന്നതുപോലെയാണ് ആൽബം ഒരുക്കിയിരിക്കുന്നതെന്ന് ദീപാങ്കുരൻ പറ‍ഞ്ഞു. 

വിവേക് പ്രേംസിങ്ങാണ് ഛായാഗ്രാഹകന്‍. വിഷ്ണു പുഷ്കരൻ വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചു. സംഗീത ആൽബത്തിന്റെ ടീസറുകൾ വിജയദശമി ദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരുന്നു. ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Tags:
  • Movies