Wednesday 01 June 2022 10:12 AM IST : By സ്വന്തം ലേഖകൻ

ആ വേദി അവസാനത്തേതായല്ലോ കെ.കെ... വേദനയായി ‘ലവ് യൂ ഓൾ’ എന്ന വരികൾ...

kk-4

കൊൽക്കത്തയിലെ വിവേകാനന്ദ കോളജിലെ വേദിയിൽ ഒരു മണിക്കൂറോളം മനസ്സുനിറഞ്ഞു പാടിത്തീർത്ത്, ആസ്വാദകരുടെ നിറഞ്ഞ കയ്യടിയുടെ ഈണങ്ങൾ ഹൃദയപൂർവം ഏറ്റുവാങ്ങുമ്പോൾ കെ.കെ ചിന്തിച്ചിട്ടുണ്ടാകില്ലല്ലോ, ഇതാകും തന്റെ അവസാന വേദിയെന്ന്...ഇതാകും താൻ നെഞ്ചോട് ചേർക്കുന്ന അവസാന കയ്യടികളെന്ന്...

പരിപാടി കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്കു മടങ്ങിയ പ്രിയഗായകൻ ഏറെ വൈകാതെ മരണത്തിലേക്കു മറഞ്ഞുവെന്നത് ആ സദസ്സിലുണ്ടായിരുന്നവർക്കും വിശ്വസിക്കുവാനായിട്ടില്ല... വിവേകാനന്ദയിലെ സംഗീതപരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ കെ.കെ കുറിച്ച ‘Love you all’ എന്ന കുറിപ്പും വേദനയായി...കൊൽക്കത്തയിലെ വേദിയിൽ താൻ പാടുന്നതിന്റെ ചില ചിത്രങ്ങളും കെ.കെ പങ്കുവച്ചിട്ടുണ്ട്.

വിവേകാനന്ദയിലെ സംഗീത പരിപാടി കഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെ.കെയെ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

53 വയസ്സില്‍ പാതിപാടിയ ഒരു പാട്ടു പോലെ അദ്ദേഹം ജീവിതം എന്ന വേദിയില്‍ നിന്നിറങ്ങിപ്പോയി...ആ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ–സംഗീത ലോകം.

ബോളിവുഡിലെ ജനപ്രിയ ഗായകനനും മലയാളിയുമാണ് കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത്. ആൽബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെകെ തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണു ജനിച്ചത്. പഠനകാലത്ത് സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കിയാണ് സംഗീത രംഗത്തേക്കുള്ള വരവ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവായെങ്കിലും വൈകാതെ പരസ്യട്യൂണുകൾ മൂളി സംഗീതരംഗത്തേക്കു തിരികെയെത്തി.

മുംബൈയിലെത്തിയതോടെയാണ് കെ.കെ സംഗീത രംഗത്ത് സജീവമായത്. 3500ൽ അധികം ജിംഗിളുകളും ടെലിവിഷൻ സീരിയലുകൾക്കായി നിരവധി ഗാനങ്ങളും പാടി.