മലയാളത്തിന്റെ പ്രിയഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തിന് ചെന്നൈ കൊട്ടിവാക്കത്തെ വസതിയിലായിരുന്നു അന്ത്യം.
1954ൽ, ‘നീലക്കുയിൽ’ സിനിമയിലെ ‘കടലാസു വഞ്ചിയേറി, കടലും കടന്നുകേറി കളിയാടുമിളം കാറ്റിൽ ചെറുകാറ്റുപായ പാറി....’ എന്ന ഗാനമാണ് പുഷ്പയെ പ്രശസ്തയാക്കിയത്. ഈ ഗാനംപാടുമ്പോൾ 14 വയസ്സായിരുന്നു പുഷ്പയ്ക്കു പ്രായം.
തലശ്ശേരിയിലാണ് പുഷ്പയുടെ തറവാട്. കോഴിക്കോട് മാവൂർ റോഡിനടുത്ത് ജാനകീമന്ദിരം വീട്ടിലാണ് ജനിച്ചതും വളർന്നതും. മൂത്തസഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്‌സ് എന്നപേരിൽ കച്ചേരികൾ അവതരിപ്പിച്ചിരുന്നു. അവരിൽനിന്നാണ് പുഷ്പയുടെ സംഗീതപഠനം.
‘നീലക്കുയിലി’നു ശേഷം ഒട്ടേറെ അവസരങ്ങൾ തേടിയെത്തിയെങ്കിലും അതിനിടയിൽ പുഷ്പ വിവാഹിതായി. പരേതനായ കെ.വി. സുകുരാജൻ ആണ് പുഷ്പയുടെ ഭർത്താവ്. മക്കൾ: പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ, മരുമക്കൾ: രാജി വാചാലി, രാംദേവ്, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത്‌നഗർ ശ്മശാനത്തിൽ.