Saturday 27 July 2024 12:38 PM IST : By സ്വന്തം ലേഖകൻ

മലയാളത്തിന്റെ അഭിമാനം, കെ.എസ്.ചിത്രയ്ക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ

ks-chithra

മലയാളത്തിന്റെ അഭിമാനം, ഇന്ത്യൻ സിനിമ സംഗീതത്തിലെ അനുഗ്രഹീത ഗായിക കെ.എസ്.ചിത്രയ്ക്ക് ഇന്ന് 61 ആം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

സംഗീത പ്രേമിയായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനാണ് ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്. അട്ടഹാസമെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. സംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ ഈണമിട്ട ‘രജനീ പറയൂ’ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു മാറ്റേകി.

ആറു ദേശീയ പുരസ്കാരങ്ങളും 15 സംസ്ഥാന പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി. 2005ൽ പത്മശ്രീയും 2021ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.