Thursday 03 September 2020 07:39 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ 'തേടല്‍'; മനംനിറച്ച് മംമ്തയുടെ മ്യൂസിക്കല്‍ വിഡിയോ; വൈറല്‍

mamtha-c

മനോഹര പ്രണയത്തിന് മധുര സംഗീത സാക്ഷാത്കാരമേകി മംമ്ത. തേടല്‍ എന്ന പേരില്‍ ഒരുങ്ങിയ സംഗീത വിഡിയോ മംമ്തയുടെ സാന്നിദ്ധ്യം കൊണ്ടു മാത്രമല്ല മനോഹര ശബ്ദം കൊണ്ടും കൂടി സമ്പന്നമാണ്. സച്ചിന്‍ വാരിയറാണ് ഈ മനോഹര പ്രണയഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മംമ്തയ്‌ക്കൊപ്പം ഗാനത്തിന്റെ പിന്നണിയിലും സച്ചിനുണ്ട്. അര്‍ജുന്‍ രാമനാണ് സംഗീത വിഡിയോയില്‍ മംമ്തയുടെ നായകനായെത്തുന്നത്. അനു എലിസബത്ത് ജോസിന്റേതാണ് വരികള്‍. 

പ്രണയവും വിരഹവും മനോഹരമായി ഗാനത്തില്‍ സന്നിവേഷിപ്പിച്ചിരിക്കുന്നു. ഹൃദ്യമായ വരികളാണ് മറ്റൊരു ആകര്‍ഷണം. ദുബായിലെ മനോഹര ദൃശ്യങ്ങള്‍ കൊണ്ട് കൂടി സമ്പന്നമാണ് ഗാനരംഗം. 

പ്രണയത്തിനും ജീവിതത്തിനുമുള്ള സമര്‍പ്പണമെന്നോണമാണ് ഗാനം അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചിരൊരുക്കിയിരിക്കുന്നത്. സച്ചിന്‍ രാംദാസാണ് ആ മനോഹര പ്രണയാവിഷ്‌ക്കാരം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മിനി ശര്‍മ്മ, നിക്കോണ്‍ മിഡില്‍ ഈസ്റ്റ്, സച്ചിന്‍ രാംദാസ്, ഐവര്‍ ഗ്രേഷ്യസ്, കേശവ് പുരുഷോത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മാര്‍ക്ക് ഹോബ്‌സണാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സജാദ് അസീസിന്റേതാണ് എഡിറ്റിംഗ്.