Thursday 14 January 2021 04:40 PM IST : By സ്വന്തം ലേഖകൻ

രേവതിയും സുഹാസിനിയും നിത്യയും രമ്യയും പാടി, ശോഭന നൃത്തമാടി; ശ്രദ്ധേയമായി തിരുപ്പാവൈയുടെ വ്യത്യസ്താവതരണം

main-pic

മാർഗഴിക്ക് ഭക്തിയുടെ ഭാവവും താളവുമേകി  തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയനായികമാർ.  ചെറിയൊരു സർപ്രൈസ് നൽകി ഗായികമാരായി എത്തി അവർ പാടുന്നതോ ആണ്ടാളുടെ പ്രശസ്തമായ തിരുപ്പാവൈയിലെ ‘‘മാർഗഴി തിങ്കൾ....!!!’’ വ്യത്യസ്തമായ ആലാപനശൈലിയിലും നായികമാരുടെ സ്വരത്തിലും കേൾക്കുമ്പോൾ ഈ തിരുപ്പാവൈ വേറിട്ട അനുഭവമാണ്.

remya,shobana,nithya

 രേവതി, നിത്യാ മേനൻ,രമ്യാ നമ്പീശൻ, അനു ഹസൻ,കനിഹ,ജയശ്രീ, ഉമാ അയ്യർ, സുഹാസിനി എന്നിവരാണ് ഗായികമാർ. തമിഴ്നാടിന്റെ പരമ്പരാഗത വേഷമായ കാഞ്ചീപുരം പട്ടുസാരിയിൽ എത്തുന്ന ഇവർക്കൊപ്പം ശോഭനയുടെ മനോഹരമായ നൃത്താവതരണം കൂടിയാകുമ്പോൾ കണ്ണും കാതും മനവും നിറയുന്ന നവ്യാനുഭവമായത് മാറുന്നു.
രവി ജി ആണ് തിരുപ്പാവൈ ഈണം പുനരവതരിപ്പിച്ചിരിക്കുന്നത്. വിഡിയോ ഓഡിയോ പ്രൊഡക്‌ഷനും സുഹാസിനി നിർവഹിച്ചിരിക്കുന്നു. എ ആർ റഹ്മാൻ, കമലഹാസൻ, നടൻ മാധവൻ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ കഴിഞ്ഞയാഴ്ച  റിലീസ് ചെയ്ത മ്യൂസിക് വിഡിയോയ്ക്ക് ഇതിനകം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


തമിഴിൽ, പാവൈ എന്ന വിഭാഗത്തിൽപ്പെടുന്ന പ്രശസ്തമായ ഭക്തകാവ്യമാണ് തിരുപ്പാവൈ.വിഷ്ണുഭഗവാന്റെ രൂപമായി കരുതുന്ന തിരുമാളെ പ്രകീർത്തിച്ചു കൊണ്ട് മുപ്പത് ഖണ്ഡിക(ശ്ലോകങ്ങൾ)കളിലായി എഴുതപ്പെട്ടതാണിത്. കവയിത്രിയും തിരുമാള്‍ ഭക്തയുമായ ആണ്ടാൾ ആണ് തിരുപ്പാവൈ എഴുതിയതെന്നാണ് വിശ്വാസം.
മാർഗഴി മാസത്തിൽ അനുഷ്ഠിക്കുന്ന പാവൈ വ്രതവുമായി ബന്ധപ്പെട്ടാണ് ഇത് പാടാറുള്ളത്. തിരുപ്പാവൈയിലെ മുപ്പത് ശ്ലോകങ്ങളിൽ നിന്നാണ് മാർഗഴിയിലെ ഒരോ ദിവസത്തിനും ഓരോ പേരു വന്നത്. വൈഷ്ണവർ വീടുകളിലും ക്ഷേത്രങ്ങളിലും വർഷത്തിൽ എല്ലാ ദിവസവും ഇതിലെ വരികൾ ചൊല്ലുമെങ്കിലും മാർഗഴി മാസത്തിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്.  

uma