Monday 09 September 2024 11:22 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ കൈതപ്രം ചേട്ടനോടു ചോദിച്ചു, ആ കുട്ടിയെ നോക്കി അതുപോലെ എഴുതാമോ’: പ്രണയകഥ പറഞ്ഞ് എം.ജി. ശ്രീകുമാർ

mg-sreekumar

‘നാഗപഞ്ചമി’ എന്ന ചിത്രത്തിലെ ‘നെയ്തലാമ്പലാടും രാവിൽ തിങ്കളായെങ്കിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ റെക്കോർഡിങ് വേളയിലാണ് ജീവിതപങ്കാളി ലേഖയുമായി ആദ്യമായി കണ്ടുമുട്ടുന്നതെന്ന് ഗായകൻ എം.ജി.ശ്രീകുമാർ.

പിന്നീടത് പ്രണയത്തിലേക്കു വഴിമാറിയെന്നും ഔദ്യോഗിക യൂ‍ട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിൽ എം.ജി.ശ്രീകുമാർ മനസ്സു തുറന്നു.

‘നാഗപഞ്ചമി’ എന്ന ചിത്രത്തിലെ ‘നെയ്തലാമ്പലാടും രാവിൽ തിങ്കളായെങ്കിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ റെക്കോർഡിങ് തരംഗണിയിലായിരുന്നു. ആ സമയത്ത് എന്റെ ചേട്ടൻ ഒരു ആയുർവേദ ചികിത്സയ്ക്കായി കോയമ്പത്തൂരിലായിരുന്നു. അങ്ങനെയിരിക്കെ ഈ ചിത്രത്തിൽ ഒരു പാട്ടുകൂടി വേണമെന്ന ആവശ്യമുയർന്നു. ഇക്കാര്യം ചേട്ടനോടു പറഞ്ഞപ്പോൾ അത് എന്നോടു ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ഈ പാട്ട് കംപോസ് ചെയ്തു. അതിന്റെ റെക്കോർഡിങ് വേളയിൽ ലേഖയെ കണ്ടു. ലേഖ ആദ്യമായി റെക്കോർഡിങ് കാണാൻ വന്ന സമയമായിരുന്നു അത്.

കൈതപ്രം ചേട്ടനാണ് പാട്ടിനു വരികൾ കുറിച്ചത്. ഞാൻ അവിചാരിതമായി, ലേഖയെ ചൂണ്ടിക്കാണിച്ചിട്ടു കൈതപ്രം ചേട്ടനോടു ചോദിച്ചു, പെണ്ണിനെ വർണിക്കുന്ന ഗാനമല്ലേ, ആ കുട്ടിയെ നോക്കി അതുപോലെ എഴുതാമോ എന്ന്. അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഈ പാട്ട് എഴുതി, കമ്പോസ് ചെയ്തു, പാടി. ഈ പാട്ടിലൂടെയാണ് എന്റെയും ലേഖയുടെയും സ്നേഹം ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ ആ പാട്ടിന് ഞങ്ങളുടെ പ്രണയത്തിൽ വലിയ പങ്കുണ്ട്’.– എം.ജി.ശ്രീകുമാർ പറഞ്ഞു.

ഏകദേശം 14 വർഷത്തോളം‌ നീണ്ട ഇരുവരും ലിവിങ് ടുഗെദറിനു ശേഷ 2000 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും വിവാഹിതരായത്.