Tuesday 09 February 2021 05:51 PM IST : By സ്വന്തം ലേഖകൻ

മറവിരോഗികൾക്കുള്ള കരുതലായ് ശ്രുതി ശരണ്യത്തിന്റെ മിന്നാമിന്നിയേ...; ഇന്ദുലേഖയുടെ പാട്ടും

1

ആരോ പറഞ്ഞ പോലെ, ‘‘ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ പാട്ടുണ്ടാവില്ല. എന്നാലും പാടിക്കൊണ്ടിരിക്കുക...’’ പെട്ടെന്നൊരു നാൾ ഒന്നും മിണ്ടാതെ ഓർമകൾ പടിയിറങ്ങിപ്പോയാൽ എന്തു ചെയ്യും? വീടില്ല, പ്രിയപ്പെട്ടവരില്ല, ഇഷ്ടങ്ങളില്ല, പിണക്കങ്ങളോ ആഗ്രഹങ്ങളോ ഇല്ല.  ശൂന്യത മാത്രം.അവരെ സ്നേഹത്തോടെ ചേർത്തു പിടിക്കുക എന്നതു തന്നെയാണ് അവരുടെ പ്രിയപ്പെട്ടവരോട് അപ്പോൾ ജീവിതം ആവശ്യപ്പെടുന്ന ഏറ്റവും വലിയ മൂല്യം. ഈ ഓർമപ്പെടുത്തലാണ് ശ്രുതി ശരണ്യം മിന്നാമിന്നിയേ എന്ന തന്റെ വിഡിയോ സോങ്ങിലൂടെ പറയുന്നത്.



ഡിമെൻഷ്യ അഥവാ മറവിരോഗത്തിന് കീഴടങ്ങി ജീവിക്കേണ്ടി വരുന്നവർക്കും ഊഹിക്കാവുന്നതിനെല്ലാം അപ്പുറത്തേക്ക് സ്നേഹവും കരുതലും നൽകുന്ന അവരുടെ പ്രിയപ്പെട്ടവർക്കും വേണ്ടി സമർപ്പിച്ചതാണ് ഗാനം.
മിന്നാമിന്നിയേ ഉള്ളിൽ ചിമ്മുമാ
പൊന്നിൻ താരകം കൊണ്ടുവാ
ഇന്നെന്നോമനക്കുഞ്ഞിൻ പൂങ്കവിൾ
മൊട്ടിൽ പൂമ്പൊടിച്ചന്തമായ്....

2



സുദീപ് പാലനാടിന്റെ ഈണവും അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദയസ്പർശിയായതലത്തെ കാണിക്കുന്ന ചിത്രീകരണവും കണ്ണുകളെ ഈറനണിയിക്കും. വരികളെഴുതിയതും സംവിധാനവും ശ്രുതി ശരണ്യമാണ്. ഇന്ദുലേഖ വാര്യർ ഗായികയായും   മറവിരോഗം ബാധിച്ച അമ്മയുെട മകൾ കഥാപാത്രമായും ഹൃദയത്തെ തൊടുന്നു. ശ്രീല നല്ലെടം  ആണ് അമ്മയായി അഭിനയിച്ചിരിക്കുന്നത്. ലിബോയ് പെയ്സ്‌ലി കൃപേഷ്(ഗിറ്റാർ), അഭിജിത്ത് വളാഞ്ചേരി(ഫ്ലൂട്ട്) എന്നിവരാണ് മറ്റു കലാകാരന്മാർ. അമോഷ് പുതിയാട്ടിൽ എഡിറ്റിങ്ങും കാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. മിക്സിങ്, മാസ്റ്ററിങ്: ഗോകുൽ നമ്പു. സുദീപ് പാലനാട് മ്യൂസിക്കൽ ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.