Friday 26 August 2022 03:37 PM IST : By സ്വന്തം ലേഖകൻ

പ്രണയനൊമ്പരങ്ങളെ മറികടന്ന് ഉടലോളം; ഈണം പകർന്ന് ശരത്, ഗായിക സിതാര

music-video-udalolam-sharath-sithara-cover ശരത്, ഉടലോളം മ്യൂസിക് വിഡിയോ, സിതാര കൃഷ്ണകുമാർ

പ്രണയത്തിലെ വിശ്വാസവ‍ഞ്ചനയിൽ തകരുന്നവരുടെ നൊമ്പരങ്ങൾ ചുറ്റും നിറയുന്ന കാലത്ത്, അത്തരം ഒരനുഭവത്തിന്റെ ഹൃദയവേദനയെ അതിജീവിക്കുന്നൊരു പെൺകുട്ടിയുടെ കഥ പറയുകയാണ് ഉടലോളം എന്ന മ്യൂസിക് വീഡിയോ. സംഗീത സംവിധായകൻ ശരത്ത് ഈണമൊരുക്കി, ഗായിക സിത്താര കൃഷ്ണകുമാർ പാടിയിട്ടുള്ള ഈ മ്യൂസിക് വീഡിയോയുടെ സംവിധായകൻ സുധി നാരായൺ ആണ്. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ് 2010 -ൽ നേടിയിട്ടുള്ള സുധിയുടെ പുതിയ ഈ മ്യൂസിക് ആൽബം പാട്ടിനൊപ്പം, ഹൃദയഹാരിയായ ഒരു കഥ കൂടി പറയുകയാണ്. അഭിനയിച്ചവർ: പ്രതിഭ, ജൽവ ലത്തീഫ്, അനീറ്റ. ഗാനരചന മഞ്ജുള ശിവദാസ്, ഛായാഗ്രഹണം വിപിൻ ചന്ദ്രൻ. എഡിറ്റിങ് ആൽബി നടരാജ്. ശരത്തിന്റെ സംഗീതമാണ് ഈ മ്യൂസിക് വീഡിയോയുടെ ഏറ്റവും പ്രധാന ഹൈലൈറ്റ് എന്ന് സംവിധായകൻ സുധി പറയുന്നു.

‘‘ഞാനൊരുപാട് ഇഷ്ടപ്പെടുന്ന സംഗീത സംവിധായകനാണ് ശരത്ത്. അദ്ദേഹത്തിന്റെ ഈണമെന്നാൽ നമ്മുടെയെല്ലാം മനസ്സിൽ ആദ്യം വരുന്നത് ക്ലാസിക്കൽ സ്പർശമുള്ള മെലഡിയുടെ മധുരം തുളുമ്പുന്ന ഗാനങ്ങളാണ്. ശ്രീരാഗമോ, ആകാശദീപമെന്നുമുണരുമിടമായോ ഇതൊക്കെ മലയാളികൾ ഹൃദയത്തോടു ചേർത്തു വച്ച ഗാനങ്ങളാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഈണങ്ങൾ മെലഡിയുടെ ഭാവതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വളരെ വിശാലമായ റേഞ്ച് ഉള്ള മ്യുസീഷ്യനാണ് അദ്ദേഹം.

ഉടലോളത്തിനു വേണ്ടി അദ്ദേഹമൊരുക്കിയ ഈണം മുമ്പു നമ്മൾ കേട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അതേ സമയം ഏറ്റവും പുതുമയാർന്നതും.. യൂണിവേഴ്‌സൽ തലം വരുന്ന പാശ്ചാത്യ സ്പർശമുള്ളൊരു ഈണമാണ് ഇതിനായി അദ്ദേഹം ഒരുക്കിയിരിക്കുന്നത്. സത്യത്തിൽ എന്റെ പ്രതീക്ഷകൾക്കുമൊക്കെ വളരെ മേലെയായിട്ടുള്ള മനോഹര ഗാനമാണ് അദ്ദേഹം ഉടലോളത്തിനായി കമ്പോസ് ചെയ്തിരിക്കുന്നത്.

2018 -ലെ മിസ് കേരളയായിരുന്ന പ്രതിഭയാണ് മ്യൂസിക് വീഡിയോയിലെ നായിക. ശരത് രവീന്ദ്രൻ ആണ് നായക കഥാപാത്രമായി വേഷമിടുന്നത്. ഗായിക സിത്താരയാണ് ഗാനം പാടിയിരിക്കുന്നത്. സിത്താര ഇതിൽ ഗാനം പാടുന്ന സീക്വൻസുകളിൽ അഭിനയിച്ചിട്ടുമുണ്ട്.

‘‘പ്രണയത്തിലെ ചീറ്റിങ്ങിൽ പെട്ട് ഹൃദയം തകരുന്ന മുഖങ്ങൾക്കിടയിൽ പൊതുവെ ആൺ -പെൺ വേർതിരിവൊന്നും ഉണ്ടെന്നു തോന്നുന്നില്ല... അങ്ങനെയുള്ള ഒരുപാടു മുഖങ്ങൾ നമുക്ക് ചുറ്റും, നമുക്കിടയിൽ തന്നെയുണ്ട്.. ഇതിൽ അത്തരമൊരു പെൺകുട്ടിയുടെ കേന്ദ്ര കഥാപാത്രമാക്കിയെന്നേയുള്ളൂ... ഇന്നത്തെ കാലത്തു പ്രണയം വെറുമൊരു നേരമ്പോക്ക് മാത്രമായി കാണുന്നവരാകാം ഏറെയും. ആത്മാർഥതയില്ലാത്ത, മുഖംമൂടിയിട്ട പ്രണയങ്ങളും, ബ്രേക്കപ്പുകളിൽ നിന്ന് ഉടനടി അടുത്ത പ്രണയത്തിലേക്ക് പോകുന്നവരുമൊക്കെ പുതിയ കാലത്തെ സ്ഥിരം കാഴ്ചകളാണ്. ഒരേ സമയം പല പല പ്രണയങ്ങൾ സമാന്തരമായി കൊണ്ടുപോകുന്നവരും, ശാരീരികമായ സുഖങ്ങളെ മാത്രം ലക്ഷ്യമിട്ട് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നവരും അത്ര മേൽ സ്നേഹിച്ചവരെ പോലും നിമിഷ വേഗങ്ങളിൽ മറവിയിലേക്കു തള്ളുന്നവരുമൊക്കെ...

music-video-udalolam-sudhi സുധി

രണ്ടു പേരും പ്രണയം ടൈം പാസ് ആണെന്നു കരുതുന്നവരാണെങ്കിൽ ഒരിക്കലും പ്രണയത്തകർച്ച വിഷാദത്തിലേക്കു തള്ളിയിടുന്ന അവസ്ഥയുണ്ടാകില്ല. അതേ സമയം, ആത്മാർത്ഥതയും സത്യസന്ധതയുമുള്ള പ്രണയങ്ങളും ഇന്നത്തെ കാലത്തുണ്ട്. ഉടലിനെ മാത്രം കേന്ദ്രീകരിക്കാത്ത പ്രണയങ്ങൾ. ഈ മ്യൂസിക് വീഡിയോയിലെ നായികയും അങ്ങനെയൊരു ട്രൂ ലവിൽ വിശ്വസിക്കുകയും അതു വെറും മുഖം മൂടിയായിരുന്നുവെന്ന തിരിച്ചറിവിൽ തകർന്നു പോകുന്നവളുമാണ്. അവളുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ മ്യൂസിക് ആൽബം. ഇതിലൂടെ പെൺകുട്ടികൾക്കൊരു മെസേജ് കൂടി നൽകുന്നുണ്ട്. കാരണം, ഹൃദയ ബന്ധങ്ങൾ കെട്ടിപ്പടുക്കും മുമ്പ് ഇത് വിശ്വസിക്കാമെന്ന് ഉറപ്പുള്ളതാണോയെന്ന ചോദ്യം സ്വയം ചോദിക്കുന്നതു നല്ലതാണ്. നാം കണ്ടുമുട്ടുന്നവരിൽ ആരെ വിശ്വാസത്തിലെടുക്കണമെന്നതു പ്രധനമാണ്. അല്ലെങ്കിൽ പിന്നീടു ചിലപ്പോൾ ഒരുപാടു ദുഃഖിക്കേണ്ടി വരാം.’’ സുധി പറയുന്നു.

ചാനലുകളിൽ ഏറെ വർഷം സ്ക്രിപ്റ്റ് റൈറ്റർ ആയി ജോലി ചെയ്തിട്ടുള്ള സുധി നാരായൺ തന്റെ ആദ്യസിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിന്റെ മുന്നോടിയായിട്ടാണ് മ്യൂസിക് വീഡിയോയുമായി എത്തുന്നത്. ഓഗസ്റ്റ് 27 ന് വണ്ടർ വാൾ മീഡിയ നെറ്റ്‌വർക്ക് യൂ ട്യൂബ് ചാനലാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വീഡിയോ റിലീസ് ചെയ്യുന്നത്.