Saturday 26 September 2020 05:22 PM IST : By P K Gopi

അനശ്വര താരാപഥത്തില്‍ മായാതെ ; എസ്‌‌‌‌ പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമയിൽ പി.കെ ഗോപി

dd

അനശ്വരത്തിനു വേണ്ടി എസ് പി ബാലസുബ്രഹ്മണ്യം പാടിയ താരാപഥം...ചേതോഹരം... ഗാനത്തിന്റെ രചയിതാവ് പി.കെ.ഗോപി എസ്പിബിയെക്കുറിച്ചും അദ്ദേഹമൊത്തുള്ള നിമിഷങ്ങളെക്കുറിച്ചും  വനിത ഓണ്‍ലൈനിനു വേണ്ടി എഴുതിയ കുറിപ്പ്

'ഇളയനിലാവ് പൊലിഞ്ഞൂ...

മലരേ...മലരേ... മധുരം കിനിയും ചിരി മാഞ്ഞൂ...

ഇളയുടെ സംഗീതത്തിരുമണ്ഡപങ്ങളില്‍

സ്വരബാലകിരണത്തിന്‍ തിരി താഴ്ന്നൂ...ഹാ...ഹാ...

വരശങ്കരസ്തുതി, അലിയുന്ന കീര്‍ത്തന-

ധ്വനിസമുദ്രത്തിര മൂകമായി...

ഒരു കര... മറുകര...കടലേഴും കടന്നുപോയ്,

ഇനി വരുകില്ലെന്റെ താരാപഥം...ചേതോഹരം...!'

ഈ പ്രണാമഗാനം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് എന്നെ വനിതയില്‍ നിന്നു വിളിച്ചത്. ചരണം പിന്നീട് എഴുതിക്കൊള്ളാം. നിലാവു പോലെ ഒഴുകുന്ന നാദപ്രസാദം...മഞ്ഞുരുകും പോലെ വൈകാരികാനുഭവം. എങ്ങനെയും വഴങ്ങുന്ന മംഗളശ്രുതി പോലെ ഹൃദയത്തില്‍ മധുരാനുഭവം നിറയ്ക്കുന്ന അപൂര്‍വാനുഭവം. എങ്ങനെ പഠിക്കാനാവും...പറയാനാവും...വാഴ്ത്താനാവും ആ പ്രതിഭയുടെ വിനയപൗരുഷത്തെ?!

അനശ്വരം സിനിമയിലെ താരാപഥം...ചേതോഹരം... എന്ന ഗാനം എന്റെ ജാവിതത്തിലെ മഹത്വമാര്‍ന്ന അനുഭവങ്ങള്‍ക്ക് കാരണമായി. ഇളയരാജയുടെ തൊട്ടടുത്തിരുന്ന് ലോലമായ മൊഴി കേള്‍ക്കാനായി. ആ സംഗീതനിശ്ചയത്തിന് വാക്കുകളെഴുതാനായി. എസ് പി ബാലസുബ്രഹ്മണ്യം എന്ന അനുഗൃഹീതനാദം പ്രേമാമൃതം പകരുന്ന ഗാനസൃഷ്ടിയില്‍ പങ്കാളിയായി. എല്ലാവരും അദ്ദേഹത്തെ ബഹുമാന വാത്സല്യങ്ങളോടെ ബാലു എന്നു വിളിക്കുമ്പോള്‍ വിനയത്തിന്റെ വസന്തം ആ മുഖത്ത് വിരിയുന്നത് ഞാന്‍ ആദരവോടെ ശ്രദ്ധിച്ചു. ഗാനത്തിന്റെ സാഹിത്യം പറഞ്ഞു കൊടുക്കുമ്പോള്‍ അദ്ദേഹം തെലുങ്കില്‍ സ്വന്തം ഡയറിയില്‍ എഴുതിയെടുത്തു. മലയാളത്തിലെ വാക്കുകള്‍ ഞാന്‍ കൃത്യമായി ഉച്ചരിച്ചു. അദ്ദേഹം കേട്ടു പഠിച്ചു പറഞ്ഞുകൊണ്ടിരുന്നു. പിഴവുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്ന വലിയ മനസ്സ്. ഒരു വിദ്യാര്‍ഥിയെപ്പോലെ വാക്കുകള്‍ ചൊല്ലിപ്പഠിക്കുന്ന മഹാനായ ഗായകന്‍. ചെങ്കുറിഞ്ഞിപ്പൂവും...മൃദുചുംബനങ്ങളും...അഴകുള്ള വാക്കുകളെന്ന് എന്നെ അഭിനന്ദിച്ചു പറയുന്നു. എത്ര തവണ ആവര്‍ത്തിച്ചു ഓരോ വാക്കും...മറക്കാനാകുന്നില്ല ആ നിമിഷങ്ങള്‍!

സാമാന്യം തടിച്ച ആ ശരീരം, മെലിഞ്ഞ എന്നെ തോള്‍പിടിച്ചു ചേര്‍ത്തു നിര്‍ത്തുന്നു. ഒരിക്കല്‍പ്പോലും അക്ഷമനാകാത്ത അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി വലിയൊരു സംഗീതസംസ്‌കാരത്തിന്റെ സിദ്ധി. അനശ്വരത്തിലെ പ്രണയഗാനം പാടിയതല്ല, എവിടെ നിന്നോ ഒഴുകി വീണതുപോലെ, സ്വാഭാവിക ശോഭയോടെ എന്നും സംഗീതാസ്വാദകര്‍ സ്വീകരിക്കുന്നത് എന്റെ രചനയുടെ മികവല്ല, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും ചിത്രയുടെയും ശബ്ദസൗകുമാര്യമാണ് പാട്ടിന്റെ വിജയരഹസ്യമെന്നെനിക്കറിയാം.

തമിഴിലും തെലുങ്കിലും മലയാളത്തിലും പ്രചാരം നേടിയ 'എന്റെ അടുത്തു നില്‍ക്കുവാനേശുവുണ്ടേ...'എന്നൊരു ഗാനമുണ്ട് ആല്‍ബത്തില്‍. താളക്കൊഴുപ്പുള്ള ആ ഗാനം എസ് പി ബിയുടെ ഉത്സാഹഭരിതമായ മറ്റൊരു ശബ്ദത്തില്‍ ഏതു സാധാരണക്കാരനും ചുവടു വയ്ക്കാന്‍ തോന്നും പോലെ നാട്ടീണം പകര്‍ന്നതാണ്. അതെന്റെ രചനയെന്ന് ജനങ്ങള്‍ക്കറിയാമോ എന്തോ! ശാസ്ത്രീയമോ ലളിതമോ മെലഡിയോ എന്തുമാകട്ടെ, ഏതു ഭാഷയാകട്ടെ, എസ് പി പാടുമ്പോള്‍ അത് ജനഹൃദയങ്ങള്‍ക്കു വേണ്ടിയാണ്. സംഗീതചരിത്രത്തിലെ സകലനിലാവും ഒറ്റ നാവില്‍ മുദ്ര ചാര്‍ത്തിയ ഒരേ ഒരാള്‍. ബാലൂ...എന്ന് ഇളയരാജ വിളിക്കുമ്പോള്‍ ഹാ...സ്‌നേഹം പൊഴിയുന്നു.

മാരകരോഗകാലം താരാപഥത്തില്‍ നിന്നടര്‍ത്തിയെടുത്തത് ഭാരതത്തിന്റെ എക്കാലത്തേയും ദിവ്യനാദത്തെയാണ്. വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു. ഒരുദിനം മുഴുവന്‍ എസ്പിയെ ആദരിച്ചു സംഗീതാവതരണം നടത്തിയ കോഴിക്കോട് നഗരത്തിലാണ് ഞാന്‍ ജീവിക്കുന്നത്. ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്സില്‍ ജൂനിയര്‍ എസ്പി എന്നറിയപ്പെടുന്ന മനോജ് കുമാര്‍ 'താരാപഥം...ചേതോഹരം...' പാടുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിക്കുന്ന സദസ്സ് നേരില്‍ കണ്ടിട്ടുണ്ട്. കോഴിക്കോടിന്റെ സംഗീതാവേശത്തിന് അദ്ദേഹത്തിന്റെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്. ലോകം മാനിക്കുന്ന വലിയ സംഗീതകലാകാരന്റെ ശബ്ദത്തില്‍ ഒരു ഗാനം അനശ്വരമായി എന്റെ പേരില്‍ കുറിക്കപ്പെട്ടതിന്റെ ചാരിതാര്‍ഥ്യം, അശാന്തി കുറയ്ക്കുന്നില്ല. വേണമായിരുന്നു, കുറേക്കാലം കൂടി ബാലു എന്ന സംഗീതപ്രപഞ്ചം. പ്രണാമം എന്ന് ആയിരംവട്ടം എഴുതിയാലും തീരില്ല, കണ്ണീരിന്റെ നനവുള്ള ഓര്‍മകള്‍...പാടിത്തീരാത്ത ശബ്ദമേ,ജീവിച്ചാലും അനശ്വരതാരാപഥത്തില്‍!