Thursday 18 February 2021 02:26 PM IST : By സ്വന്തം ലേഖകൻ

രാജാ രവിവർമയുടെ ചിത്രശാലയിൽ പിറന്നൊരീണം; കിളിമാനൂർ കൊട്ടാരത്തിൽ നിന്നൊഴുകിയെത്തുന്നു ‘പ്രിയനൊരാൾ’

1613628404799

ചിത്രകലയിൽ ചക്രവർത്തിയായ രാജാ രവിവർമയെപ്പോലെ, സംഗീതത്തിലും സാഹിത്യത്തിലും  നൃത്തത്തിലും ധാരാളം പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട് കിളിമാനൂർ കൊട്ടാരം. കൊട്ടാരം മതിൽക്കെട്ടിനകത്തു നിന്ന് ഇപ്പോൾ കേൾക്കുന്നത് ജോഗ് രാഗത്തിൽ ഹൃദയത്തെ തൊട്ടുണർത്തുന്നൊരു ഈണമാണ്. രാജാ രവിവർമയുെട ചിത്രശാലയിൽ പിറവിയെടുത്ത പ്രിയനൊരാൾ എന്ന പാട്ട്. രവി വർമയുടെ പിന്മുറക്കാരനും സംഗീതസംവിധായകനുമായ കിളിമാനൂർ രാമവർമയാണ് ഈണത്തിനു പിന്നിൽ. മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികളും. മഞ്ജു വാര്യരുടെയും റസൂൽ പൂക്കുട്ടിയുടെയും ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.  
പൂർണമായി കിളിമാനൂർ കൊട്ടാരത്തിനകത്ത് ചിത്രീകരിച്ച വിഡിയോ സോങ്ങിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും കൊട്ടാരത്തിലെ അംഗങ്ങൾ തന്നെ. പാട്ടിന് ഈണമിട്ട് പാടിയ രാമവർമ തമ്പുരാനും അദ്ദേഹത്തിന്റെ അമ്മാവന്റെ മകൾ മായാ കെ. വർമയും പ്രണയിതാക്കളുടെ വേഷങ്ങൾ ചെയ്തിരിക്കുന്നു.അവരുടെ കൗമാരപ്രായം അവതരിപ്പിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലെ അംഗമായ വൈഷ്ണവ് വർമയും നർത്തകിയായ ഗായത്രി നായരുമാണ്.

പ്രിയനൊരാൾ വരുമെന്നു നോക്കി നീ
എത്രനാൾ പൂമുഖത്തിണ്ണയിൽ കാത്തിരുന്നു
പടിപ്പുര വാതിൽ തുറന്നുവരുന്നൊരു
കാലടി കേൾക്കാൻ കൊതിച്ചിരുന്നൂ...


‘‘ഇന്നത്തെ ചെറുപ്പക്കാരുടെ ചോക്‌ലെറ്റ് പ്രണയങ്ങൾക്കിടയിൽ വീണ്ടും ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ ഗാനം. കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും വേദനയും സുഖവും അനുഭവിക്കുന്ന ആത്മാർഥമായ പ്രണയവും പ്രണയികളും മരിച്ചിട്ടില്ല എന്ന ഓർമപ്പെടുത്തൽ. കൊട്ടാരത്തിലെ നാടകശാലയും പൂമുഖപ്പടിയും പടിപ്പുരയും കാവുമെല്ലാം ചേർന്നുള്ള അന്തരീക്ഷത്തിൽ നിന്നുള്ള പ്രചോദനത്തിൽ കാർത്തികേയൻ നമ്പൂതിരി എഴുതിയ കവിതയ്ക്ക് ഈണമിട്ട് പിന്നീട് ഗാനരൂപത്തിലാക്കുകയായിരുന്നു. രാജാ രവിവർമയുെട ലോകപ്രശസ്തമായ ചിത്രങ്ങൾ ജനിച്ച അതേ ചിത്രശാലയിലിരുന്ന്.
 വിരഹവും വ്യഥകളും പ്രതിഫലിപ്പിക്കാൻ യോജിച്ച രാഗമാണ് ജോഗ്. ആറ്– ഏഴ് ഈണങ്ങളിൽ നിന്ന് എല്ലാവരും ഒരുപോലെ തിരഞ്ഞെടുത്തത് ഈ ഈണമായിരുന്നു. ’’ രാമവർമ തമ്പുരാൻ പാട്ടിൻറെ വഴി തുറന്നു.

img.1


    ‘‘കൊട്ടാരത്തിന്റെ ചില ഭാഗങ്ങളിൽ ചിത്രീകരണത്തിന് വിലക്ക് ഉണ്ട്. അതുകൊണ്ട് കൊട്ടാരത്തിന്റെ പ്രൗഢിയും മനോഹാരിതയും മുഴുവനായും അനുഭവിപ്പിക്കാനായിട്ടില്ല. എങ്കിലും കഴിയുന്ന തരത്തിൽ പരമാവധി ഭംഗിയോടെ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. പലരും പല രീതിയിൽ അവതരിപ്പിച്ചിട്ടുള്ള തീം ആണെങ്കിലും വ്യത്യസ്തമായി ചെയ്യാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ’’ വിഡിയോയുടെ സംവിധായകൻ സജി. കെ. പിള്ള പറയുന്നു.
വിമൽ കുമാര്‍ എഡിറ്റിങ്ങും രതീഷ് മംഗലത്ത് ഛായാഗ്രഹണവും നിർവഹിച്ചു. മാർക്ക്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വി. കെ. കൃഷ്ണകുമാർ ആണ് നിർമാണം. എഴുത്തുകാരൻ സേതുവിന്റെ നോവലിനെ അടിസ്ഥാനമാക്കി വേണു നായർ സംവിധാനം ചെയ്ത ‘ജലസമാധി’യിലെ ഗാനങ്ങളൊരുക്കിയതും പശ്ചാത്തലസംഗീതവും കിളിമാനൂർ രാമവർമയാണ്. കർണാടകസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അടിസ്ഥാനമാക്കി ഈണങ്ങളൊരുക്കുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.  
 

Tags:
  • Movies