Wednesday 29 July 2020 03:36 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരികൾക്ക് ലവ് ലെറ്റർ കിട്ടുമ്പൊ എന്നെയാരും തിരിഞ്ഞു നോക്കിയിരുന്നില്ല. അപ്പൊ ഞാൻ വിചാരിക്കും കറുത്തതായോണ്ട് എന്നെയാരും കല്യാണം കഴിക്കില്ലേയെന്ന് ; സ്കൂൾ ഓർമകൾ പങ്കുവച്ച് സയനോര

ss

കുട്ടിക്കാലം ജീവിതത്തിന് നൽകുന്ന ഓർമകൾ വളരെ വിലപിടിപ്പുള്ളതാണ്. അതുപോലെ തന്നെയാകും കുഞ്ഞു മനസ്സിലെ വേദനകൾ നമ്മളിൽ ഉണ്ടാക്കുന്ന മുറിവുകളും. അത്തരം ഓർമകളും പ്രണയവും സംഗീതയാത്രയും സയനോര വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു

കറുപ്പിന്റെ വേദന

സ്കൂളിൽ ഗ്രൂപ്പ് ഡാൻസിന് സിലക്ഷന്റെ സമയത്ത് എന്നെയും ഡാൻസ് ചെയ്യാനായി എടുത്തിരുന്നു. പക്ഷേ, എല്ലാവരും പ്രാക്ടീസിന് പോയപ്പോൾ എന്നെ വിളിച്ചില്ല. ഞാൻ ടീച്ചറിനോട് പെർമിഷൻ വാങ്ങി , പ്രാക്ടീസ് നടക്കുന്ന സ്ഥലം വരെപോയി. അവിടെ ബാക്കി കുട്ടികളൊക്കെ ഡാൻസ് കളിക്കുന്നത് കണ്ടപ്പൊ ഞാൻ ടീച്ചറിനോട് ചോദിച്ചു, എന്നെയെന്താ വിളിക്കാത്തതെന്ന്. അപ്പോഴാണ് ടീച്ചർ പറയുന്നത്. ‘അവരൊക്കെ എത്ര കളറുള്ള കുട്ടികളാണ്. സയനോര എത്ര മെയ്ക്കപ്പ് ചെയ്താലും അവരുടെ കൂടെ നിൽക്കാൻ പറ്റില്ല. സ്കൂളിന്റെ പ്രൈസ് പോയാൽ മോൾക്ക് വിഷമമാകില്ലെ ’ എന്നൊക്കെ. അവിടെ വച്ച് ഞാൻ ടീച്ചർ പറഞ്ഞത് കേട്ട് തിരികെപോയെങ്കിലും വീട്ടിൽ ചെന്നിട്ടു വൻ അലമ്പായിരുന്നു. കറുത്തതായൊണ്ട് എന്നെ ഡാൻസിന് എടുത്തില്ല. ഞാൻ കറുത്തതാണെങ്കിൽ എന്നെ കൊന്ന് കളഞ്ഞൂടായിരുന്നൊ എന്നൊക്കെ ചോദിച്ചു. അച്ഛനും അമ്മയും എന്നെ അന്ന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. പക്ഷേ, വലുതായപ്പോൾ എന്റെ കൂട്ടുകാരികൾക്ക് ലവ് ലെറ്റർ കിട്ടുമ്പൊ എന്നെയാരും തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല. അപ്പൊ ഞാൻ വിചാരിക്കും കറുത്തതായോണ്ട് എന്നെയാരും കല്യാണം കഴിക്കില്ലേയെന്ന്. പിന്നീട് പാട്ടൊക്കെ പാടി , സ്‌റ്റേജിലൊക്കെ എത്തിയപ്പോൾ പല ഇൻഫീരിയോറിറ്റ് കോംപ്ലക്സുകൾ പോകുന്നത് പോലെ കറുപ്പിന്റെ പ്രശ്നവും പോയി. വലുതായി കഴിഞ്ഞ് അതേ സ്കൂളിലെത്തി ഞാനാ പഴയ ഓർമകൾ പങ്കുവച്ചിരുന്നു, എനിക്കുണ്ടായ അവസ്ഥ മറ്റ് കുട്ടികൾക്ക് ഉണ്ടാവരുതെന്ന നിർബന്ധം മൂലം.

പിന്നീട് എന്റെ കല്യാണ സമയത്തും കേട്ടിരുന്നു, ‘കറുത്തിട്ടല്ലേ നീ, അപ്പൊ കറുത്ത കുട്ടിയുണ്ടാകില്ലേ’ എന്നൊക്കെ. അവരോടൊക്കെ ഞാൻ തിരിച്ചു ചോദിച്ചു, കറുത്തിട്ടും വെളുത്തിട്ടുമൊക്കെ എന്താ കാര്യം. ആള് നന്നാകുമ്പഴല്ലേ കാര്യമുള്ളൂ എന്ന്.

ഡാഡി ‘ഗുരു’

ഡാഡി ഒരു വെസ്‌റ്റേൺ മ്യൂസിക് ടീച്ചറായിരുന്നു. ചെറുപ്പം മുതലേ എന്നെ കർണാടിക് ക്ലാസുകൾക്ക് വിടും. രാവിലെ എഴുന്നേറ്റിട്ട് സ്കൂളിലേയ്ക്കുള്ളത് പഠിച്ചില്ലെങ്കിലും പാട്ട് പ്രാക്ടീസ് ചെയ്യണമെന്നത് നിർബന്ധമായയിരുന്നു ഡാഡിക്ക്. അതു പറഞ്ഞ് എപ്പോഴും ഡാഡിയും മമ്മിയും തമ്മിൽ വഴക്കിടും. പക്ഷേ, എന്റെ ടാലന്റ് ഡാഡി മനസിലാക്കിയതുകൊണ്ട് തന്നെ ആരൊക്ക പറഞ്ഞാലും പ്രാക്ടീസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു. ഡാഡിക്കൊരു മ്യൂസിക് ഇൻസ്റ്റിട്യൂട്ട് ഉണ്ടായിരുന്നു. വീണ, വയലിൻ , സിത്താറും അടക്കം അവിടെയുള്ള എല്ലാ മ്യൂസിക് ഇൻസ്ട്രമെന്റും ഉപയോഗിക്കാൻ അറിഞ്ഞിരിക്കണമെന്ന് വാശി ഡാഡിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് അതും പഠിപ്പിച്ചു. ഡാഡി തന്നെയാണ് എന്റെ ഫസ്റ്റ് ഗുരു. കുട്ടികളെ പറ്റി മാതാപിതാക്കളെന്നോട് പരാതി പറയാറുണ്ട്. അവരെ മ്യൂസിക്ക് ക്ലാസിന് വിട്ടാലും അവർക്ക് പലപ്പോഴും മടിയും കരച്ചിലുമൊക്കെയാണ്. അത് കാണുമ്പോൾ അവരുടെ സന്തോഷം വിചാരിച്ച് നിർബന്ധിക്കാതെയിരിക്കുമെന്ന്. അത് ഒട്ടും ശരിയല്ല. നമ്മുടെ കുട്ടികൾക്കു ചിലപ്പൊ ടാലന്റ് കാണും, അവരത് ചെറുപ്പത്തിൽ തന്നെ മനസിലാക്കണമെന്നില്ല. അതുകൊണ്ട് , അവരെ തിരിച്ചറിഞ്ഞ് അവരുടെ കഴിവ് മനിസാലക്കുന്ന അവസ്ഥയിലേക്ക് എത്തിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമായിട്ടാണ് എനിക്ക് തോന്നുന്നത്.

പ്രണയം

എയറോബിക്സ് ട്രെയിനിങ്ങിന് പോയപ്പൊ കണ്ട ഇൻസ്ട്രക്റ്ററായിരുന്നു ആഷി ( ആഷ്‌ലി). കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇൻസ്ട്രക്റ്റർ. ഇനി ഇങ്ങേരെ കാണാൻ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാൻ ചെയ്തു. എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാൻ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴേക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടിൽ കല്യാണം ആലോചിക്കുന്ന ടൈമായതുകൊണ്ട് റൂമറിന് താൽപര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ചു പറഞ്ഞു. ‘എന്നാൽ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓകെയാണെങ്കിൽ നമുക്ക് കല്യാണം കഴിക്കാം. അതോടെ ഈ റൂമർ തീരുമല്ലോയെന്ന്’ .അവന്റെ മറുപടി ഇങ്ങനെയായിരുന്നു. അതായിരുന്നു അവന്റെ പ്രപ്പോസലും . പക്ഷേ, ഞാനാണ് അവനെ പ്രപ്പോസ് ചെയ്തെന്ന് പറഞ്ഞവൻ നടുക്കുന്നതൊക്കെ, വെറും തട്ടിപ്പാണ്. പിന്നെ, പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പൊ പത്ത് വർഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയ്നിങ് സെന്റ്ർ നടത്തുന്ന ഭർത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് ഉപദ്രവിക്കുന്നതൊഴിച്ചാൽ എല്ലാം അടിപൊളി.

അമ്മയും മോളും

ഞാൻ മകളെ എവിടെയെങ്കിലും കൊണ്ടുപോയാൽ വീട്ടിലെല്ലാവർക്കും ടെൻഷനാണ്. അവളെ മറന്നുവെയ്ക്കുമോന്ന് പോലും വീട്ടുകാർ സംശയിക്കും. പക്ഷേ, എന്റെ മോള് സ്മാർട്ടാണ്. പിന്നെ, അവൾക്കായ് ഞാനൊരു പാട്ട് പോലെ എന്റെ ഫോൺ നമ്പറും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അവളാ പാട്ട് കാണാതെ പഠിച്ചതുകൊണ്ട്, എന്റെ ബോധമില്ലായ്മ കാരണം ഞാൻ അവളെ എവിടെയെങ്കിലും മറന്നാലും , അവളെന്നെ ഓർത്തോളും. ആരെങ്കിലും കട്ടോണ്ട് പോയാലും ഇങ്ങനെ വേണം ചെയ്യാനെന്ന് ഞാൻ മോളോട് പറഞ്ഞ് അവളെ എക്യുപ്ഡ് ആക്കി വയ്ക്കാറുണ്ട്. അതോണ്ട് തന്ന എന്റെ മോൾക്കെപ്പോഴും പേടിയാണ് അവളെ ആരെങ്കിലും കട്ടോണ്ട് പോകുമോന്ന്. അതോണ്ട് തന്നെ അമ്മയെന്ന നിലയിൽ ഞാൻ അത്യാവശ്യം തോൽവിയാണെന്നും തോന്നിയിട്ടുണ്ട്.

എ. ആർ. ഫഹ്മാൻ

സാറിനൊപ്പം പാടാൻ പോയപ്പോൾ വല്ലാതെ പേടിയായിരുന്നു. ഒത്തിരി ഹൈ പിച്ചിൽ സാർ പാടിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. അതുപോലെ റഹ്മാൻ സാർ എന്നെക്കൊണ്ടും ഹൈപിച്ച് പാടിക്കുമോന്ന് പേടിയായിരുന്നു. ഒരുപാട് ഹൈ പോകാൻ എനിക്ക് പറ്റില്ലായിരുന്നു. പക്ഷേ, സാറിന്റെ മുന്നിലെത്തിയപ്പോഴാണ് എനിക്ക് മനസിലായത്, നമ്മുടെ റേഞ്ച് നമ്മളെക്കാൾ നന്നായിട്ട് സാറിന് അറിയാമന്ന്. എനിക്ക് പോകാൻ പറ്റുന്ന റെയ്ഞ്ച് സാർ കൃത്യമായി മനസിലാക്കി എനിക്ക് പാട്ട് തന്നു. അതൊക്കെ വല്യ എക്സ്പീരിയൻസ് ആയിരുന്നു

Tags:
  • Movies