Friday 01 October 2021 04:28 PM IST

‘ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചു നിന്നാൽ മോശമെന്ന ചിന്ത ഇപ്പോഴും ചിലർക്കുണ്ട്; നല്ല വിമർശനങ്ങളെ സ്വീകരിക്കാൻ എന്നും തയാറാണ്’

Roopa Thayabji

Sub Editor

arya-dayall66433

‘‘പാറിപ്പറക്കുന്ന കുഞ്ഞിക്കിളിയുടെ പിന്നാലെ പോരണ്ടാ... റാകിപ്പറക്കുന്ന ചെമ്പരുന്തേ ഓടിയൊളിച്ചാട്ടെ... എന്റെ കാവലിനെന്നും ഞാനുണ്ടേ... അങ്ങനെ വേണം...’’ പെൺകുട്ടിയായതിന്റെ സന്തോഷം തുള്ളിച്ചാടി പാടി നടക്കുകയാണ് ആര്യ ദയാൽ. ചിലപ്പോൾ പക്കാ കർണാടിക് കച്ചേരിയാകും ആര്യയുടെ നാവിൽ നിന്നു കേൾക്കുക. മറ്റു ചിലപ്പോൾ യുക്കലേലി എന്ന കുഞ്ഞൻ ഗിറ്റാർ കയ്യിൽ പിടിച്ച് വെസ്റ്റൺ സോങ്ങും അതിനിടയിൽ സ്വരങ്ങളും ചേർന്ന അടിപൊളി ഫ്യൂഷൻ.

യുട്യൂബിൽ പാടി നടക്കുന്നതിനിടെ അങ്ങു ബോളിവുഡിലെ സാക്ഷാൽ അമിതാഭ്  ബച്ചൻ തന്നെ നേരിട്ട് അഭിനന്ദിച്ചു. ‘സഖാവ്’ കവിതയിൽ തുടങ്ങി തമിഴിൽ സൂര്യ നിർമിക്കുന്ന പുതിയ ചിത്രത്തിലെ ഗാനം വരെയെത്തി നിൽക്കുന്ന ഈ കണ്ണൂരുകാരിക്ക് സംഗീതത്തിൽ ഒരു സ്വപ്നമുണ്ട്. അതെന്താണെന്ന് അറിയേണ്ടേ?

ആര്യ ദയാൽ, ഈ പേര് അൽപം സ്പെഷലാണല്ലോ ?

എപ്പോഴും എല്ലാവരും ചോദിക്കാറുണ്ട്, ബെന്നി ദയാലിന്റെ വല്ല ബന്ധുവുമാണോ എന്നൊക്കെ. സത്യമായിട്ടും ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. പണ്ട് അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം കാരണം ഒരു കല്യാണത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വച്ച് എത്തിവലിഞ്ഞ് കണ്ടയാളാണ് ഞാൻ. കുറച്ചു വർഷം കഴിഞ്ഞപ്പോൾ ഒരു ട്വിസ്റ്റുണ്ടായി. അദ്ദേഹം ഗസ്റ്റ് ജഡ്ജായി വന്ന   റിയാലിറ്റി ഷോയിൽ എനിക്കും ഗസ്റ്റായി പങ്കെടുക്കാൻ അവസരം കിട്ടി.

അച്ഛാച്ചന് ഒരു സുഹൃത്തുണ്ടായിരുന്നു, ദയാൽ. ആ പേരിനോടുള്ള ഇഷ്ടം കൊണ്ട് അച്ഛന് ആ പേരിട്ടു. എന്റെ പേരിനൊപ്പം അച്ഛന്റെ പേരു കൂടി ചേർത്തപ്പോൾ ആ പേരിന്റെ ഗമ എനിക്കും കിട്ടി.

‘അടിയേ കൊല്ലുതേ’ ആണ് പുതിയ വിവാദം. ജാമിങ്ങും കവറും തമ്മിലുള്ള വ്യത്യാസം പറയാമോ ?

ജാമിങ് എന്നുവച്ചാൽ ഒരു പാട്ടിന്റെ എക്സ്പ്ലോറേഷനാണ്. അതു വരികളുപയോഗിച്ചോ താളമുപയോഗിച്ചോ രാഗമുപയോഗിച്ചോ ഒക്കെ ആകാം. ബൗണ്ടറീസ് ഒക്കെ വിട്ടിട്ട് എങ്ങനെ വേണമെങ്കിലും പാടി നോക്കാനുള്ള സാധ്യത കൂടിയാണ് ജാമിങ്. കവർ സോങ്ങിന് കുറച്ചുകൂടി ഒറിജിനലുമായി പറ്റിച്ചേർന്നു നിൽക്കുന്ന രീതിയാണ്. രാഗവും താളവും ഈണവും വരികളുമൊന്നും മാറാതെ പാട്ടിന് വേറൊരു ഇമോഷൻ കൊടുക്കും.

‘അടിയേ കൊല്ലുതേ...’ യുടെ ജാമിങ് സെഷൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്തതിന്റെയന്നു തന്നെ വളരെയധികം ആളുകൾ കണ്ടു. ആദ്യത്തെ ഒരു ലക്ഷം കാഴ്ചക്കാരിൽ നിന്ന് വളരെ നല്ല കമന്റുകളാണ് വന്നത്. പിന്നീട് ട്രോളന്മാർ അതിനെ മറ്റൊരു തരത്തിലാക്കി. നല്ല വിമർശനങ്ങളെ സ്വീകരിക്കാൻ എന്നും തയാറാണ്. പക്ഷേ, ചിലപ്പോൾ അത് ‘ആൾക്കൂട്ട ആക്രമണം’ ആകും.  പരിധികൾക്കപ്പുറം പോകരുത് എന്നു വിശ്വസിക്കുന്നവർ എല്ലാ കാലത്തുമുണ്ട്. അവരെ എല്ലാവരെയും തിരുത്താൻ പറ്റില്ല.

‘കാലം മാറി, കോലം മാറി, ഞങ്ങളുമങ്ങു മാറി...’ എന്ന പാട്ടിനെ കുറിച്ച് പറയൂ

സ്ത്രീവിരുദ്ധതയ്ക്കെതിരേ സംസ്ഥാന വനിതാ – ശിശുക്ഷേമ വകുപ്പാണ് ആ പാട്ട് ഇറക്കിയത്. ആ അവസരം എനിക്കു തന്നതിന് ഞാനാണ് നന്ദി പറയേണ്ടത്. പെൺകുട്ടികളെ എന്നും ചിട്ടവട്ടങ്ങളിൽ തടഞ്ഞു നിർത്തുന്നതിനെതിരേ പ്രതികരിക്കുന്ന പാട്ടാണ്. പറയാനുള്ള കാര്യങ്ങൾ ഡയറക്ടായി പാടാൻ പറ്റിയ വരികളെഴുതിയത് ശശികല മേനോനാണ്. ട്യൂൺ ചെയ്യുന്നതു മാത്രമായിരുന്നു എന്റെ ജോലി. നന്നായി എൻജോയ് ചെയ്താണു പാടിയതും വിഡിയോ ചെയ്തതും.

പാട്ടു കേട്ട് പലരും ചോദിച്ചു, എനിക്കും ശശിയമ്മയ്ക്കും തമ്മിൽ വളരെ പ്രായവ്യത്യാസമുണ്ട്, എങ്ങനെ നിങ്ങൾക്ക് ഒരുപോലെ ചിന്തിക്കാൻ പറ്റി എന്ന്. കാലങ്ങളായി സ്ത്രീകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് മറുപടി. എല്ലാ ജനറേഷനിലും പെട്ട സ്ത്രീകൾക്ക് ഈ പാട്ടുമായി വേഗം കണക്ട് ചെയ്യാൻ പറ്റും.

സ്കൂൾ കാലം മുതലേ പാട്ടിനോടു കൂട്ടു കൂടിയിരുന്നോ ?

സ്കൂളിൽ വച്ച് സുമ മിസ്സാണ് ഞാൻ പാട്ട് പാടുമെന്ന് ക ണ്ടുപിടിച്ചത്. അതോടെ പ്രാർഥന ഗാനം മുതൽ ദേശീയഗാനം വരെ പാടാനുള്ള സംഘത്തിൽ സ്ഥാനം കിട്ടി. സുമ മിസ് പറഞ്ഞതു പ്രകാരമാണ് അച്ഛൻ എന്നെ പാട്ടു പഠിപ്പിക്കാൻ ചേർത്തത്. മൂന്നാം ക്ലാസ് മുതൽ കർണാടക സംഗീത മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. 22 വർഷമായി പാട്ടു പഠിക്കുന്നു. ഇപ്പോഴും കർണാടിക് പഠിക്കുന്നു. വീട്ടിൽ മറ്റാരും ഗായകരല്ല.

കർണാടക സംഗീതത്തിൽ നിന്ന് വെസ്റ്റേണിലേക്ക് ?

SRE00949

പ്ലസ് വൺ പഠിക്കുന്ന കാലത്ത് എനിക്ക് ഒരാളോട് ക്രഷ് തോന്നി. ഗിറ്റാറിസ്റ്റായിരുന്നു അവൻ. മെറ്റൽ, റോക്ക് എന്നൊക്കെ അവൻ പറയുന്നതു കേട്ടതോടെയാണ് വെസ്റ്റേൺ മ്യൂസിക്കിനോടു കമ്പം കയറിയത്. ആ സമയത്ത് ഒരു ഐപോഡ് വാങ്ങിയിരുന്നു. അതിൽ ഇൻബിൽറ്റ് ആയി കുറച്ചു വെസ്റ്റേൺ സോങ്സ് ഉണ്ടായിരുന്നു. അതാണ് ആദ്യം കേട്ടതും പാടാൻ പഠിച്ചതും.

പിന്നെ, യുട്യൂബിൽ പാട്ടുകൾ സെർച് ചെയ്യാൻ തുടങ്ങി. അന്നൊക്കെ വെസ്റ്റേൺ പാടുമ്പോഴും ഇടയ്ക്ക് കർണാടിക്  കയറി വരുമായിരുന്നു. ഇപ്പോഴും വെസ്റ്റേൺ പ ഠിച്ചിട്ടില്ല. ഇംഗ്ലിഷിൽ എഴുതാനും  പാടാനും പ്രചോദനമായത് അമേരിക്കൻ ഗായികയും പാട്ടെഴുത്തുകാരിയുമായ  ടെയ്‌ലർ സ്വിഫ്റ്റാണ്.

ഫ്യൂഷൻ എന്ന ഐഡിയ തോന്നിയത് എപ്പോഴാണ് ?

ഫ്യൂഷൻ ഉണ്ടാക്കണമെന്നു ചിന്തിച്ച് മനപൂർവം ഉണ്ടാക്കിയതല്ല എന്നതാണ് രസം. വെസ്റ്റേൺ സോങ്സ് കേൾക്കുമ്പോൾ അതിന്റെ കൂടെ ഏതെങ്കിലും രാഗത്തിൽ ഉള്ള മൂന്നോ നാലോ സ്വരങ്ങൾ വെറുതേ പാടുന്നത് പണ്ടേയുള്ള ശീലമായിരുന്നു. പാട്ടു ക്ലാസ് കഴിഞ്ഞു വന്നാലുടൻ കേൾക്കുന്നതും വെസ്റ്റേൺ സോങ്ങാകും. അപ്പോൾ ആ പാട്ടിന്റെ സ്വരസ്ഥാനങ്ങൾ കണ്ടുപിടിക്കുന്നത് ഹരമായി. അങ്ങനെയൊരു ദിവസം പെട്ടെന്നു തോന്നിയ ഐഡിയയാണ് വെസ്റ്റേൺ – കർണാടിക് ഫ്യൂഷൻ.

ഇഷ്ടമുള്ള പാട്ടുകൾ പാടി യുട്യൂബിൽ ഇടുന്നത് നേരത്തേയുള്ള ശീലമാണ്.  അങ്ങനെയൊരു ദിവസം പത്തിരുപത്തിനാല് ടേക്കൊക്കെ എടുത്ത് ഞാൻ തന്നെ വിഡിയോ റിക്കോർഡ് ചെയ്ത് കർണാടിക് – വെസ്റ്റേൺ ഫ്യൂഷനും യുട്യൂബിൽ  അപ്‌ലോഡ് ചെയ്തത്. ഒരുപാടു പേർ നല്ല കമന്റ് ചെയ്തെങ്കിലും കർണാടക സംഗീതത്തെ ചീത്തയാക്കി എന്ന മട്ടിൽ നെഗറ്റീവ് കമന്റുകളും ധാരാളം വന്നു.

കർണാട്ടിക്കിൽ തുടങ്ങി ഹിന്ദുസ്ഥാനി, പാക്കിസ്ഥാനി, അഫ്ഗാൻ വഴി പോയി അങ്ങു യുകെയിൽ എത്തുകയാണെങ്കിൽ സംഗീതത്തിലെ സ്റ്റൈൽ മാറുന്നതിന്റെ ട്രാൻസിഷൻ കൃത്യമായി മനസ്സിലാകും. ഈ അതിർത്തികളുടെ ആവശ്യം പിന്നെ എന്തിന്?. അമ്മയും അച്ഛനുമൊക്കെ പണ്ട് എന്റെ ഫ്യൂഷന് എതിരായിരുന്നു എങ്കിലും ഇപ്പോൾ അവർക്കും കാര്യങ്ങൾ മനസ്സിലായി.

ആര്യയുടെ ഫ്യൂഷന്റെ ഫാനാണ് അമിതാഭ് ബച്ചനും ?

കോവിഡ് പിടിപെട്ട് ആശുപത്രിയിലായിരിക്കെ ആരോ അയച്ചു കൊടുത്താണ് എന്റെ പാട്ട് അദ്ദേഹം കേട്ടത്. പാട്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. വിരസമായ ആശുപത്രി ദിനങ്ങളിൽ എന്റെ പാട്ടു കേൾക്കുന്നത് സുന്ദരമായ അനുഭവമായിരുന്നു എന്നാണ് അദ്ദേഹം അഭിനന്ദിച്ചത്. അദ്ദേഹത്തെ പോലെ ഒരു വലിയ മനുഷ്യൻ എത്രയോ ദൂരെ നിന്ന് എന്റെ പാട്ട് കേൾക്കുന്നു എന്ന് ആലോചിക്കുമ്പോൾ തന്നെ അദ്ഭുതവും സന്തോഷവുമാണ്. പാട്ടിലെ തുടക്കക്കാരിക്ക് ഇതിൽ കൂടുതൽ എന്തുവേണം.

aryadauusvg44gb

ഫ്യൂഷന് ഒപ്പമാണ്  ‘യുക്കലേലി’യോടും ഇഷ്ടം കൂടിയത് ?

ആദ്യത്തെ ലോക്ഡൗൺ കാലത്ത് ബെംഗളൂരുവിലാണ് ഞാൻ. നാട്ടിലേക്കു തിരിച്ചു വരാനാകാതെ അവിടത്തെ റൂമിൽ ഒറ്റയ്ക്കായി.  ടെറസിൽ പോയി സൂര്യാസ്തമയം കാണുന്നതും പാട്ടു പാടുന്നതുമായിരുന്നു രണ്ടുമാസത്തോളം പ്രധാന വിനോദം. അങ്ങനെയിരിക്കെയാണ്  യുക്കലേലിയുടെ വിഡിയോ കണ്ടത്. കൊണ്ടുനടക്കാൻ വളരെ എളുപ്പമുള്ള ആ ക്യൂട്ട് ഇൻസ്ട്രുമെന്റ് എനിക്കുവേണ്ടി ഉണ്ടാക്കിയതു പോലെയൊരു ഫീലിങ് വന്ന പാടേ ഓൺലൈനിൽ ബുക്ക് ചെയ്തു വരുത്തി. യുട്യൂബ് നോക്കിയാണ് വായിക്കാൻ പഠിച്ചത്.  

‘കിങ് ഓഫ് മൈ കൈൻഡ്...’ സ്വപ്നത്തിലേക്ക് എത്താൻ ഇത്രയൊക്കെ തടസ്സങ്ങൾ നേരിട്ടയാളാണോ ആര്യ ?

‘ട്രൈ മൈ സെൽഫ്...’ ആണ് ആദ്യ സോങ്. പാട്ടുണ്ടാക്കണം, അതിനു പറ്റിയ വിഡിയോ എടുക്കണം എന്നായിരുന്നു ചിന്ത. അങ്ങനെ നടത്തിയ ശ്രമമാണത്. ‘ട്രൈ മൈ സെൽഫ്’ ചെയ്ത ശേഷമാണ് ‘കിങ് ഓഫ് മൈ കൈൻഡ്’ വന്നത്. മലയാളത്തേക്കാൾ ഇംഗ്ലിഷിലാണ് എനിക്ക് കൂടുതൽ ആലോചിക്കാനും എഴുതാനും പറ്റുന്നത്. അതുകൊണ്ടാണ് രണ്ടുപാട്ടും ഇംഗ്ലിഷിലായത്. മ്യൂസിക് ചെയ്തതും ‍ഞാനാണ്.

ഈ രണ്ടു പാട്ടുകളുടെയും ഷൂട്ടിങ് സമയത്ത് മോശം അനുഭവം ഉണ്ടായി എന്നതാണ് വിഷമമുള്ള കാര്യം. ‘കിങ് ഓഫ് മൈ കൈൻഡി’ന്റെ അവസാന ഷോട്ട് രാത്രി ആൾക്കൂട്ടത്തിനിടയിലൂടെ ഒരു പെൺകുട്ടി നടന്നു പോകുന്നതാണ്. പത്തരയ്ക്ക് ആ സീൻ ഷൂട്ട് ചെയ്യാനായി നാട്ടിലെ ഗ്രൗണ്ടിൽ നിൽക്കുമ്പോൾ തീപ്പന്തവും കത്തിയുമൊക്കെയായി കുറേ പേർ ഗ്രൗണ്ട് വളഞ്ഞു. ആണും പെണ്ണുമൊക്കെ കൂടി രാത്രി എന്താ ചെയ്യുന്നത് എന്ന് അന്വേഷിക്കാൻ വന്നതാണ്. ഇതു മുൻകൂട്ടി കണ്ടുതന്നെ അച്ഛനെയും അമ്മയെയും കൊണ്ടാണ് ഷൂട്ടിങ്ങിനു പോയത്. ‘ട്രൈ മൈ സെൽഫി’ന്റെ ഷൂട്ടിങ്ങിനിടെയും ഇതേ അനുഭവം ഉണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒ ന്നിച്ചു നിന്നാൽ പോലും എന്തോ മോശം കാര്യമാണെന്ന ചിന്ത ഇപ്പോഴും ചില ആളുകൾക്കുണ്ട്.  

‘സഖാവി’ൽ തുടങ്ങി തമിഴ് പാട്ടിലെത്തി നിൽക്കുന്നു ?

ബ്രണ്ണൻ കോളജാണ് എനിക്ക് പുതിയ ആകാശം കാണിച്ചു തന്നത്. ഒരുപാട് നല്ല സുഹൃത്തുക്കളെയും ‘സഖാവ്’ കവിതയും അവിടെ നിന്നു കിട്ടി. ഇപ്പോഴും ഒരുപാട് പേർ കവിതകൾ അയച്ചിട്ടു പാടി തരാമോ എന്നു ചോദിക്കാറുണ്ട്. പാട്ടു പാടുമെങ്കിലും റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനൊന്നും തോന്നിയിട്ടില്ല. സാധാരണ കേൾക്കുന്ന പെൺസ്വരമല്ല എന്റേത് എന്ന തിരിച്ചറിവാകാം കാരണം.

എന്റെ ശബ്ദത്തിന് യോജിച്ച പാട്ടു വരുമ്പോൾ എന്നെതേടി അവസരം വരുമെന്ന് തോന്നിയിരുന്നു. തമിഴിൽ സൂര്യ നിർമിച്ച് ജ്യോതിക നായികയാകുന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ ഹിഷാം അബ്ദുൾ വഹാബ് സംഗീതസംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടിയും പാടി.  

ആര്യയുടെ സ്വന്തം ബാൻഡ് എപ്പോൾ വരും ?

വണ്ടർവാൾ മീഡിയ പോലുള്ള പ്രൊഡക്‌ഷൻ ഹൗസുകളുമായി േചർന്ന് ഷോ ചെയ്യുകയാണിപ്പോൾ. സ്വന്തം ബാൻഡിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്.

സ്റ്റാറ്റിസ്റ്റിക്സിൽ പിജി ചെയ്യാനായി കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിലേക്കു പോകുമ്പോൾ പഠിത്തം കഴിഞ്ഞ് ഏതെങ്കിലും കമ്പനിയിൽ ഡേറ്റ അനലിസ്റ്റിന്റെ ജോലി ചെയ്യാമെന്നാണ് കരുതിയത്. പക്ഷേ, പാട്ടിനോടു കൂട്ടു കൂടിയതോടെ ജീവിതം മാറി. വലിയ സ്വപ്നങ്ങളാണ് ഇപ്പോൾ മനസ്സു നിറയെ. ഗ്രാമി അവാർഡാണ് സ്വപ്നം. ആ സ്വപ്നത്തിനു പിന്തുണയുമായി അച്ഛൻ ദയാലും അമ്മ റോജയും അനിയൻ വിഷ്ണുവുമുണ്ട്.

My Favourites...

മലർകളേ... മലർകളേ...

പൂക്കൾ പൂക്കും തരുണം...

കാതലേ കാതലേ...

എത്രയോ ജന്മമായ്...

ദെയർ ഈസ് എ ഫയർ...

ലവ് മീ ലൈക് യൂ ഡൂ...