Tuesday 17 August 2021 12:55 PM IST

'അത്തപ്പൂ... നുള്ളിവരുന്നൊരു കാറ്റേ...'; രചനയും സംഗീതവും ആലാപനവും ആശാ പ്രേമചന്ദ്രൻ, ഈ ഓണപ്പാട്ട് സൂപ്പർഹിറ്റ്

Priyadharsini Priya

Sub Editor

onam-sonnn55666

'അത്തപ്പൂ... നുള്ളി വരുന്നൊരു കാറ്റേ... 

തിരുവോണ പൂങ്കാറ്റേ... 

തൃക്കാക്കര പോകാമോ...'

മനോഹരമായ വരികളും സംഗീതവും ഇമ്പമുള്ള ആലാപനവും കൊണ്ട് ശ്രദ്ധേയമായി ഒരു ഓണപ്പാട്ട്. 'ഓണപ്പൂംകാറ്റ്' എന്ന പേരിൽ ഇറക്കിയ പാട്ടിന്റെ രചനയും സംഗീതവും ആലാപനവും കൊടുങ്ങല്ലൂർ സ്വദേശിയായ 51 കാരി ആശാ പ്രേമചന്ദ്രനാണ്. മാധുര്യമുള്ള പാട്ടുകൾ ഒരുക്കുന്ന മാജിക് വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ആശ. 

"സംഗീതത്തിൽ അച്ഛനാണ് എന്റെ ആദ്യ ഗുരു. അച്ഛൻ കുട്ടപ്പൻ നന്നായി പാടുമായിരുന്നു. ഒരുപാട് മെഡലുകളൊക്കെ അച്ഛൻ വാങ്ങിയിട്ടുണ്ട്. പാട്ടിനോടുള്ള ഇഷ്ടം അങ്ങനെ വന്നതാണ്. 1982 മുതൽ ഞാൻ പാടിത്തുടങ്ങി. എൺപത്തിയേഴുകളിൽ ഗാനമേളകളിൽ സജീവമായി. പിന്നീട് വിവാഹം കഴിഞ്ഞതോടെ ഒരു ബ്രേക്ക് വന്നു. രണ്ടു ആൺമക്കൾ ഉണ്ടായി, അങ്ങനെ കുടുംബിനിയായി ഒതുങ്ങി കൂടി. 

സംഗീത സംവിധായകൻ വിദ്യാധരൻ മാഷുമായി എനിക്ക് ഗുരുതുല്യമായ സ്നേഹവും സൗഹൃദവുമൊക്കെയുണ്ട്. മാഷാണ് വീണ്ടും സംഗീതത്തിലേക്ക് വരാൻ പ്രചോദനമായത്. ദൈവം തന്ന വരദാനമാണ് സംഗീതം, ഒരിക്കലും പാടാതിരിക്കരുത് എന്ന് ഉപദേശം തന്നു. വീണ്ടും ഞാൻ ഗാനമേളകളിൽ സജീവമായി പാടി തുടങ്ങി. ജാനകിയമ്മയുടെ പാട്ടുകളാണ് കൂടുതലും സ്റ്റേജിൽ പാടുക. ജാനകിയമ്മയുടെ ശബ്ദത്തിനോട് സാമ്യമുണ്ട് എന്നൊക്കെ പലരും അഭിപ്രായം പറയാറുണ്ട്.

asha4454ggh

'സർവം കൃഷ്ണമയം' എന്ന ഓഡിയോ ആൽബം ഇറക്കി. പിന്നീട് 2016 തൊട്ട് മുടങ്ങാതെ ഓണപ്പാട്ടുകൾ ചെയ്തു തുടങ്ങി. ഞാൻ തന്നെ എഴുതി സ്വന്തമായി കംപോസ് ചെയ്ത് പാടാറാണ് പതിവ്. ഇത്തവണ ആ പതിവിൽ ചെറിയൊരു മാറ്റം വരുത്തി. സോളോയ്ക്ക് പകരം ഡ്യൂയറ്റ് ആണ് പാടിയത്. എന്റെ സുഹൃത്തായ എടപ്പാൾ വിശ്വനാഥൻ ആണ് ഒപ്പം പാടിയത്. 

ഇത്തവണത്തെ ഓണപ്പാട്ട് എനിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. കോവിഡ് കാരണം ഒന്നും വേണ്ട എന്ന തീരുമാനത്തിൽ ഇരിക്കുകയായിരുന്നു. പലരും ചോദിച്ചു, ഇത്തവണ ഓണപ്പാട്ട് ഇറക്കുന്നില്ലേ എന്ന്. അങ്ങനെ തൃശൂർ വേവ്സ് എന്ന ഓർക്കസ്ട്ര ട്രൂപ്പുമായി ചേർന്ന്, ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ വിരിഞ്ഞ ഓണപ്പാട്ടാണ്. കൃഷ്ണകൃപാ ക്രിയേഷന്റെ ബാനറിൽ ആണ് ആൽബം ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ നല്ല അഭിപ്രായമാണ് പാട്ടിന് ലഭിച്ചത്. ഒരുപാട് സന്തോഷമുണ്ട്, പിന്തുണ നൽകിയ എല്ലാവരോടും നന്ദിയുണ്ട്."- ആശ പറയുന്നു. 

രചന, സംഗീതം : ആശാ പ്രേമചന്ദ്രൻ

ആലാപനം : എടപ്പാൾ വിശ്വനാഥൻ, ആശാ പ്രേമചന്ദ്രൻ

ഓർക്കസ്ട്രേഷൻ ആൻഡ് മിക്സിങ് : ജോയ് മാധവൻ

കാസ്റ്റിങ് : ദേവപ്രയാഗ്, മീരാ രവീന്ദ്രൻ

ക്യാമറ: സുബീഷ് ബോസ് ബാൻഡ്

റെക്കോർഡിങ് എഞ്ചിനീയർ : വിഷ്ണു പ്രേമചന്ദ്രൻ

ashaa444447778
Tags:
  • Movies