Saturday 29 May 2021 11:34 AM IST : By സ്വന്തം ലേഖകൻ

ബോബനും മോളിയിലും ഉണ്ടായിരുന്നല്ലോ ഇതുപോലൊരാള്‍: അമ്മയുടെ പാട്ടിനരികെ കുറുമ്പുനോട്ടവുമായി സായുക്കുട്ടി: വിഡിയോ

sithara

സിത്താരയുടെ പാട്ടിനിടയ്ക്ക് പാട്ടുപോലെ ക്യൂട്ടായൊരു ചിരി. കുറുമ്പൊളിപ്പിച്ച ആ എന്‍ട്രി കണ്ട് സിത്താര പോലും അറിയാതെ ചിരിച്ചു പോയി. സിത്താര കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം വിഡിയോയിലാണ് ക്യൂട്ട് രംഗങ്ങള്‍ പിറവിയെടുത്തത്. 

അമ്മയുടെ പാട്ട് കേട്ട് നിന്ന ശേഷം അവസാന നിമിഷം കുസൃതിയും കള്ളനോട്ടവുമായി മകള്‍ പ്രത്യക്ഷപ്പെടുകയാണ്. അമ്മയുടെ പാട്ടിനൊടുവില്‍ പുറകില്‍നിന്നും തലനീട്ടി നോക്കുന്ന സാവന്‍ ഋതുവിന്റെ ഈ വിഡിയോ സിതാര തന്റെ സമൂഹമാധ്യമ പേജിലാണ് പങ്കുവച്ചത്.പങ്കുവച്ച് നിമിഷ നേരം കൊണ്ട് വിഡിയോ സോഷ്യല്‍ ലോകത്ത് വൈറലായി. സിനിമാ രംഗത്തു നിന്നുള്‍പ്പെടെ നിരവധിപ്പേരാണ് സായുക്കുട്ടിയുടെ കുസൃതിച്ചിരി കണ്ട് ഇഷ്ടം പങ്കുവയ്ക്കാനെത്തിയത്. 

 'ബോബനും മോളിയിലും ഉണ്ടായിരുന്നല്ലോ ഇതുപോലൊരാള്‍' എന്നാണ് സിതാര വിഡിയോയുടെ തലക്കെട്ടായി കുറിച്ചത്. മലയാളത്തിന്റെ പ്രിയ ഗായിക സിതാരയുടേയും മകള്‍ സായുവിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ മുമ്പും ഹൃദയത്തിലേറ്റു വാങ്ങിയിട്ടുണ്ട്. കുഞ്ഞു സായുവിന്റെ കുസൃതിയും സിത്താരയുടെ പാട്ടുമെല്ലാം പലവുരു പ്രേക്ഷകര്‍ ലൈക്കിലേറ്റിയിട്ടുണ്ട്.  സായു സിത്താരയെ പാട്ടു പഠിപ്പിക്കുന്നതിന്റെ ക്യൂട്ട് വിഡിയോ നേരത്തെ വൈറലായിരുന്നു. നിഷ്‌കളങ്കമായി അമ്മയുടെ മടിയിലിരുന്ന് വരികള്‍ പറഞ്ഞു കൊടുത്ത് പാടിപ്പിച്ച് സായു കയ്യടി നേടിയിരുന്നു. സായുവിന്റെ പാട്ട് വിഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ട്.