Thursday 10 December 2020 05:44 PM IST : By ജി. വേണുഗോപാൽ

‘ഈ അമ്മമാർക്ക് ഒപ്പമാണിപ്പോൾ എന്റെ പിറന്നാളുകൾ’; അറുപതിന്റെ ചെറുപ്പത്തിൽ ഗായകൻ ജി വേണുഗോപാൽ

g-venugopal

അറുപതിന്റെ യുവത്വത്തിലെത്തി നിൽക്കുന്ന പ്രിയഗായകൻ ജി. വേണുഗോപാൽ പിറന്നാൾ ദിനത്തിൽ വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്ന പിറന്നാൾ വിശേഷങ്ങളും പിറന്നാൾ ഓർമകളും

ഒരു കാലത്തും അങ്ങനെ വലിയൊരു പിറന്നാളാഘോഷം ഉണ്ടായിട്ടില്ല. കൊച്ചിലെ മറ്റ് കൂട്ടാനുകളുടെ കൂടെ വീട്ടിൽ എനിക്കിഷ്ടമുള്ളൊരു പാൽപ്പായസം വയ്ക്കും. അത്രയേ ഉള്ളൂ. അന്നൊക്കെ കാലത്തെ മുടങ്ങാതെ അമ്പലത്തിൽപോയിരുന്നു. തിരക്ക് കൂടിയപ്പോൾ പലപ്പോഴും ഡിസംബർ മാസം ഈ സമയമൊക്കെ യാത്രയായിരിക്കും.
ഒരിക്കൽ ദോഹയിൽനിന്ന് അർദ്ധരാത്രി ഒരു ഡിസംബർ 9  ന് ഡൽഹിയിൽ പറന്നിറങ്ങി. അടുത്ത ദിവസം ധനശേഖരണാർത്ഥം മാർത്തോമാ ചർച്ചിന്റെ ഒരു പരിപാടിക്ക്. കാർ എയർപോർട്ടിൽ നിന്ന് എന്നെ കൂട്ടി ബിഷപ്പ് ഹൗസിൽ എത്തി. താഴത്തെ നിലയിലായിരുന്നു എന്റെ മുറി. രാവിലെ ഒരു മുട്ട് കേട്ട് വാതിൽതുറന്നു. ബിഷപ്പ് ഏബ്രഹാം മാർ പൗലോസ്! ‘പെട്ടെന്ന് ഫ്രെഷ് ആയിവാ. നമുക്ക് കേക്ക് മുറിക്കണ്ടേ?’ 15 മിനിറ്റിനുള്ളിൽഞാൻ അദ്ദേഹത്തിന്റെ അരമനയിലെത്തി. ക്രിസ്തീയ പ്രാർത്ഥനയ്ക്കും എന്റെ വിനായകസ്തുതിക്കും ശേഷം കേക്ക് മുറിച്ച് ഒരു കഷണം എനിക്കും തന്നു. വ്യത്യസ്തമായ ഒരു പിറന്നാളായിരുന്നു അത്.


കഴിഞ്ഞ കുറേയേറെ വർഷങ്ങളായിട്ട് ഞാനും, എന്റെ ചാരിറ്റി കൂട്ടായ്മയായ സസ്നേഹം ജി. വേണുഗോപാൽ ട്രസ്റ്റിലെ അംഗങ്ങളും, കല്യാണവാർഷികവും പിറന്നാളുമെല്ലാം ഗവൺമെന്റ് ഓൾഡ് ഏജ് ഹോമിലും മഹിളാ ഓർഫനേജിലും ആഘോഷിക്കുകയാണ് പതിവ്. ഓള്‍ഡ് ഏജ് ഹോമിലെ വയസ്സായ അമ്മമാരും അച്ഛന്മാരും കൈ പിടിച്ചിട്ട് പറയും, ‘‘മോനേ... അടുത്തവർഷവും ഡിസംബർ 10 ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ മോനെ നോക്കിയിരിക്കും.’’ അന്നവിടെഞങ്ങൾ പാട്ടും  മിമിക്രിയും  ഒക്കെയായിട്ട് കൂടും. കേക്ക് മുറിച്ച് ഒരമ്മ കഷ്ണം എനിക്ക് തരും. ഞങ്ങൾ അന്നവർക്ക് സദ്യ വിളമ്പിക്കൊടുക്കും.

gv-1


ഈ വർഷം കോവിഡ് ആയതുകൊണ്ട് അങ്ങോട്ടേക്ക് പോകാനാകില്ല. അവർക്ക് കേക്ക് അവിടെ എത്തിക്കും. സൂം വഴി സംസാരവും പാട്ടുമായി ഇന്നത്തെ സായാഹ്നത്തിൽ സന്തോഷം പങ്കിടും.