Wednesday 28 August 2024 12:52 PM IST : By സ്വന്തം ലേഖകൻ

‘അച്ഛനോളം നല്ലതാവാൻ പറ്റില്ലെന്നറിയാം, അതിൽ ഒരു കുഞ്ഞളവെങ്കിലും നന്നായാൽ ഞാൻ രക്ഷപെട്ടു’

sithara-father-14

അച്ഛൻ കൃഷ്ണകുമാറിന് ഹൃദയംതൊടുന്ന പിറന്നാൾ ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സ്നേഹനിറച്ചകുറിപ്പും വൈറലാണ്. തന്റെ ജീവതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് അച്ഛനെന്ന് ഗായിക ഹൃദ്യമായി കുറിച്ചു. അച്ഛനൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ടുകൊണ്ടാണ് സിത്താരയുടെ ആശംസാ കുറിപ്പ്. അമ്മ സാലിയെക്കുറിച്ചും ഗായിക സരസമായി വിവരിച്ചു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിൽ! പരിചയപ്പെടുന്ന ഒരാൾക്ക് പോലും ഒരു കുഞ്ഞ് അഭിപ്രായവത്യാസത്തിന് ഇടയില്ലാതെ അവരുടെ മനസ്സറിഞ്ഞ സ്നേഹം എന്റെ അച്ഛന് കിട്ടുന്നത് കണ്ട് അഭിമാനവും ഒരു നുള്ള് അഹങ്കാരവും തോന്നിയിട്ടുണ്ട്. അച്ഛനോളം നല്ലതാവാൻ പറ്റില്ലെന്നറിയാം, അതിൽ ഒരു കുഞ്ഞളവ് നന്നായാൽ പോലും ഞാൻ രക്ഷപെട്ടു. ഉമ്മ അച്ഛകുട്ടാ... പിറന്നാളാശംസകള്‍.

NB: എന്തൊക്കെയാണെങ്കിലും ഫസ്റ്റ് പ്രൈസ് ഇപ്പളും, ഈ വയസ്സാവാൻ തുടങ്ങിയ എന്നെ ഓടിച്ചിട്ട് അടിച്ചു പുറം പൊളിക്കാൻ മടിയില്ലാത്ത അമ്മയ്ക്കുതന്നെ. അതങ്ങനെ ആയിപോയി’, സിതാര കൃഷ്ണകുമാർ കുറിച്ചു.

ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധേയമായതോടെ നിരവധി പേരാണു കൃഷ്ണകുമാറിനു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തുന്നത്. അച്ഛനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സിത്താര ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. കൃഷ്ണകുമാർ പാട്ടു പാടുന്നതിന്റെ ദൃശ്യങ്ങൾ സിത്താര പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.