Tuesday 25 August 2020 01:05 PM IST : By ശ്യാമ

നെയ്പ്പായസത്തിന്റെ മാധുര്യത്തോടെ സൂരജ് സന്തോഷിന്റെ ‘തനി മലയാളം’; നെഞ്ചോടു ചേർത്ത് സംഗീതപ്രേമികൾ

sooraj886rtfyygug

മലയാളത്തിന്റെ സംഗീതസാന്ദ്രമായ മനോഹരമുഖവുമായി സൂരജ് സന്തോഷ്. ‘ദി ജിപ്സി സൺ’ എന്ന ആൽബത്തിലെ ആദ്യത്തെ പാട്ടായ ‘തനി മലയാളം’ മലയാളികൾ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു... 

വായിലലിഞ്ഞ് ചേരുന്നൊരു നെയ്പ്പായസത്തിന്റെ മാധുര്യത്തോടെയാണ് സൂരജ് സന്തോഷിന്റെ ‘തനി മലയാളം’ എന്ന പാട്ട് ഇറങ്ങിയത്. കണ്ണടച്ച് ആ മധുരം മനസുകൊണ്ട് നുണഞ്ഞിറക്കാതെ അതിനൊപ്പം അഴിഞ്ഞുലഞ്ഞു വീഴുന്ന ഓർമകൾ ഓർക്കാതെ മലയാളി ഈ പാട്ട് കേട്ട് കാണില്ല... ആലാപനത്തിനൊപ്പം വരികളുടെ ഇമ്പവും  ദൃശ്യഭംഗിയും ഒക്കെ സമാസമം ചേർന്നതു കൊണ്ടാവാം കേട്ടവർ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു. അത് ഇഷ്ടമുള്ളവർ കേൾക്കാതെ പോകരുതെന്നോർത്ത് ഷെയർ ചെയ്യുന്നു... ലൈക്കുകളുടെ പെരുമഴ പെയ്യുന്നു... 

‘‘ദി ജിംപ്സി സൺ എന്ന എന്റെ ആൽബം പലഭാഷകൾ ചേർത്തൊരുക്കുന്നതാണ്. അതിലെ ആദ്യത്തെ പാട്ടാണ് ‘തനി മലയാളം’. ഞാൻ ചിന്തിക്കുന്ന ഭാഷയാണ് മലയാളം. ഞാൻ ആദ്യമായി പഠിച്ചതും ഈ ഭാഷയാണ്...ഇപ്പോഴും ഏറെ വായിക്കുന്നത് മലയാളത്തിലാണ്... അതുകൊണ്ടൊക്കെ മലയാളത്തോട് വല്ലാത്തൊരടുപ്പമുണ്ട്. എന്നു കരുതി ഞാനൊരു പ്രാദേശികവാദിയല്ല,  മലയാളിയായി ജനിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നൊരാളുമല്ല, ഇന്നടുത്ത് ജനിച്ചു എന്നത് എന്റെ ചോയിസ് അല്ലല്ലോ. പഠിക്കുന്ന സമയത്ത് നല്ല മലയാളം അധ്യാപകർക്കു കീഴിൽ പഠിക്കാൻ പറ്റി അത് ഭാഷയുമായുള്ള അടുപ്പത്തെ നന്നായി വിളക്കിച്ചേർക്കാൻ സഹായിച്ചിട്ടുണ്ട്. തിരുവനന്തപുരം മടവൂർ ഗവൺമെന്റ് മോഡൽ സ്കൂളിലാണ് പഠിച്ചത്. എന്റെ അധ്യാപകൻ മടവൂർ ശശിധരൻ സാറിന്റെ ഒക്കെ ഇൻഫ്ലുവൻസ് ഒക്കെ എന്നിലുണ്ട്. ഈ പാട്ട് തുടങ്ങുന്നതും അവസാനിക്കുന്നതും സാറിന്റെ ദൃശ്യത്തോടെയാണ്... 

വരികൾ എഴുതിയത് ശ്രൂതി നമ്പൂതിരിയാണ്. ‘തനി’ മലയാളം എന്നതിനെ തികച്ചും ജസ്റ്റിഫൈ ചെയ്യുന്ന എഴുത്ത്. പാട്ട് ഉണ്ടാക്കിയ ശേഷമാണ് ഇതിന്റെ വീഡിയോ എങ്ങനെ വേണം എന്നൊക്കെ ചിന്തിക്കുന്നത്. വീഡിയോ ചെയ്തിരിക്കുന്നത് ഗൗതം സൂര്യയും ശ്യാമ പ്രകാശ് എം.എസ്സുമാണ്. ആദ്യം ഞങ്ങൾ വേറൊരു തീമിലാണ് ചെയ്തത്. അത് ചെയ്ത് വന്നപ്പോള്‍ അത്ര തൃപ്തി വരാഞ്ഞതു കൊണ്ട് മാറ്റി ചെയ്തു. അതൊരു നല്ല തീരുമാനമായി എന്ന് പറയാതെ വയ്യ. ലോക്ഡൗണിനും വളരെ മുൻപ് തുടങ്ങിയ പ്രോജക്റ്റാണിത്. ഇതൊക്കെ നേരിട്ട് പോയി ഷൂട്ട് ചെയ്ത വിഷ്വലുകളാണ്. ഞാൻ തന്നെയാണ് ഇതിന്റെ പ്രൊഡക്ഷൻ അപ്പോ എന്റെ കൈയിൽ കാശും സൗകര്യങ്ങളും വരുന്നതനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. അതാണ് ഇത്ര വൈകാനുള്ള കാരണം. മാത്രമല്ല ഇതു കൂടാതെ മറ്റ് അ‍ഞ്ച് പാട്ടുകളും ഇതോടൊപ്പം ചെയ്തു പോന്നിട്ടുണ്ട്. സിനിമാ സംഗീതത്തിന്റെ ഭാഗമാണെങ്കിലും ഞാനൊരു ഇന്റിപ്പെൻഡന്റ് മ്യൂസീഷ്യനാണ്. സ്വന്തമായി പാട്ടുകൾ ചെയ്യുന്നതിന് അതുകൊണ്ട് തന്നെ കൂടുതൽ പ്രാധാന്യമുണ്ട്. 

ഈ പാട്ടിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, സാറാ ജോസഫ്, ബെന്യാമിൻ എന്നിവരുണ്ട്. കഥകളി നടൻ പീശപ്പിള്ളി രാജീവൻ, മലയാളം കാലിഗ്രാഫിയിലൂടെ പ്രശസ്തനായ ആർട്ടിസ്റ്റ് ഭട്ടതിരി, നടൻ നെടുമുടി വേണു, നർത്തകി മേതിൽ ദേവിക, മേളവിദ്വാൻ പെരുവണ്ണം കുട്ടൻ മാരാർ, തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ, എന്റെ അധ്യാപകൻ മടവൂർ ശശിധരൻ എന്നിവർ ഭാഗമായിട്ടുണ്ട്. ഇവരൊക്കെ അവരവരുടെ മേഖലകളിലെ പ്രതിഭകളാണ്, അവരൊക്കെ തന്നെ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പ്രതിഭകളെ ഇതിൽ ചേർത്തു നിർത്താൻ സാധിച്ചതിൽ വളരെ സന്തോഷം. 

‌ആൽബത്തിലെ ബാക്കി അഞ്ച് പാട്ടുകൾ കൂടി ഇറങ്ങാനുണ്ട്. എന്നെ പലപ്പോഴായി സ്വാധീനിച്ച കാര്യങ്ങളാണ് പാട്ടിലൂടെ പറയാൻ ശ്രമിക്കുന്നത്. ആദ്യത്തെ സ്വീകരണം ഏതായാലും ഞാൻ പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു. ശാസ്ത്രീയ സംഗീതം അങ്ങനെ എല്ലാവർക്കും രസിക്കില്ല, അതൊരു ബാലികേറാമലയാണെന്നൊക്കെ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. ഈ സ്വീകര്യത അതിനൊക്കെയുള്ള മറുപടി കൂടിയാണ്. എന്റെ പാട്ടിനെ കുറിച്ച് തന്നെയല്ല പക്ഷേ, ചേരേണ്ടത് ചേരുപടി ചേരുമ്പോൾ സംഗീതത്തിന് മാജിക് ഉണ്ടാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകള്‍ അത് ഹൃദയം കൊണ്ട് സ്വീകരിക്കും.’’- സൂരജ് സന്തോഷ് പറയുന്നു.

Tags:
  • Movies