Monday 14 September 2020 12:53 PM IST : By സ്വന്തം ലേഖകൻ

ലോകം കാതോർത്ത വേദിയിൽ മലയാളത്തിന്റെ സ്വരം; അഭിമാന നേട്ടത്തിനരികെ സൗപർണിക

bgt

ലോകത്തിലെ തന്നെ ജനപ്രിയ സംഗീത റിയാലിറ്റി ഷോയിൽ മലയാളക്കരയുടെ ശബ്ദമാകുകയാണ് ഒരു പെൺകുട്ടി. പ്രായത്തെ വെല്ലുന്ന പ്രതിഭയുമായി കളംനിറയുന്ന സൗപർണിക നായരെന്ന മിടുക്കിപ്പെണ്ണാണ് മറുനാട്ടിൽ നാടിന്റെ അഭിമാമതാരമാകുന്നത്. ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020(ബിജിടി) എന്ന ഷോയിൽ മുഴങ്ങിയ ആ സ്വരം മലയാളി മനസുകൾ നെഞ്ചിലേറ്റിയത് അതിവേഗം.വേദിയും മനസും കീഴടക്കിയ സൗപർണികയുടെ പ്രകടനം സോഷ്യൽ മീഡിയയും ഹൃദയത്തിലേറ്റു വാങ്ങിയിരുന്നു.

ഇപ്പോഴിതാ ഹൃദയം കീഴടക്കുന്ന പ്രകടനങ്ങളിലൂടെ ഷോയുടെ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ് സൗപർണിക. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനല്‍സില്‍ വിധികര്‍ത്താക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് പത്തു വയസ്സുകാരിയായ സൗപര്‍ണിക. മത്സരത്തിനൊടുവിൽ വിധികര്‍ത്താക്കളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി സൗപര്‍ണികയെ തെരഞ്ഞെടുക്കുകയായിരുന്നു.

പത്ത് പേരാണ് ഷോയുടെ ഫൈനല്‍സില്‍ എത്തുക. 5 പേരെ വിധികര്‍ത്താക്കള്‍ നേരിട്ട് ഫൈനലിലേക്ക് തെരഞ്ഞെടുത്തു. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള 5 പേര്‍ക്കുള്ള പ്രവേശനം.

സൗപര്‍ണികയ്ക്ക് ഫൈനലില്‍ മാറ്റുരയ്ക്കാന്‍ പ്രേക്ഷകരുടെ പിന്തുണ കൂടി വേണം. നാളെ രാവിലെ 10മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമാണ് വോട്ടുചെയ്യാന്‍ അവകാശം.  ബിജിടി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയാണ് വോട്ട് ചെയ്യേണ്ടത്. ഓരോ ഡിവൈസില്‍നിന്നും അഞ്ചുവീതം വോട്ടുകള്‍ ഫ്രീയായി ചെയ്യാം.

അടുത്തമാസം പത്തിനാണ് ഫൈനല്‍. എട്ടുപേർ വീതം പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ സെമിഫൈനൽ മൽസരങ്ങളിൽനിന്നും ജയിച്ചുവരുന്ന പത്തുപേരാകും ഫൈനലിൽ ഏറ്റുമുട്ടുക.

ബിബിസി ചാനലിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിൽ ഈ കൊച്ചു മിടുക്കിക്ക് അവസരം ലഭിച്ചിരുന്നു. ഈ ഷോയുടെ ഭാഗമായി വർഷത്തിൽ ഒരിക്കൽ കൊച്ചു കലാകാരന്മാർക്കായി നടത്തുന്ന ‘അൺഎക്സ്പെക്റ്റ‍‍ഡ് സ്റ്റാർ’ എന്ന പ്രത്യേക പരിപാടിയിലാണ് സൗപർണിക പങ്കെടുത്തത്.

ki

ഇമ്പമാർന്ന സ്വരത്തിലൂടെയും അസാമാന്യ പ്രകടനത്തിലൂടെയും എ.ആര്‍.റഹ്മാനെയും മോഹന്‍ലാലിനെയും വപെ ഈ കൊച്ചുമിടുക്കി അതിശയിപ്പിച്ചിരുന്നു.

യുകെ യിൽ നിരവധി സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൗപർണിക കഴിവു തെളിയിച്ചു കഴിഞ്ഞു. സൗപർണിക നായർ എന്ന യുട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്സ്ക്രൈബേഴ്സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബർട് വുഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് സൗപർണിക.

ആഡന്‍ ബ്‌റൂക്സ് ആശുപത്രയില്‍ ഡോക്ടറായ കൊല്ലം സ്വദേശി ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക. ആറാം ക്ലാസുകാരിയായ സൗപര്‍ണിക പാട്ട് പഠിക്കുന്നുണ്ട്.