Tuesday 29 September 2020 04:24 PM IST : By ശ്യാമ

‘എസ്പിബി സർ ആശുപത്രിയിൽ പോകും മുൻപ് അയച്ച ആ സന്ദേശം നിധി പോലെ കാത്തുവയ്ക്കും’; സംഗീത ലോകത്തെ അതിശയിപ്പിച്ച ശബ്ദത്തിനുടമ ജയലക്ഷ്മി പറയുന്നു

spb-singerddd

"എസ്പിബി സർ എന്റെ പാട്ടുകേട്ട് അഭിനന്ദിച്ചിട്ട് എന്നെ കുറിച്ച് അന്വേഷിക്കുന്ന ഒരു വോയിസ് ക്ലിപ്പ് കയ്യിലുണ്ട്... ഒരേ സമയം എന്നെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നൊരു ക്ലിപ്പ്. സാറിനെ പോലൊരാൾ ഞാൻ പാടിയത് കേട്ടു എന്ന് പറയുന്നത് തന്നെ ഒരനുഗ്രഹമാണ്. പക്ഷേ, അദ്ദേഹത്തിന് മുന്നിലൊന്ന് ചെന്നുനിന്ന് പാടാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ... ആ നഷ്ടത്തിന്റെ വേദന കൂടുന്നു."

ഹരീഷ് ശിവരാമ കൃഷ്ണൻ, എം. ജയചന്ദ്രൻ എന്നിവരൊക്ക ജയലക്ഷ്മിയുടെ പാട്ടുകൾ ഷെയർ ചെയ്തപ്പോഴാണ് നമ്മിൽ പലരും ഈ പ്രതിഭയെ പറ്റി അറിയുന്നത്. എന്നാൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന പ്രായം തൊട്ടേ സ്റ്റേജ് ഷോസിലും മറ്റും നിറയുന്ന സ്വരമാണ് ജയയുടേത്. 

"എന്റെ അമ്മ സംഗീത ടീച്ചർ ആണ് അതുകൊണ്ട് തീരെ ചെറുപ്പം തൊട്ടേ, പാട്ട് ഒപ്പമുണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ പള്ളിപ്പുറം സുനിൽ സാറിന്റെ കീഴിലും മനോജ്‌ ജയദേവ് സാറിന്റെ കീഴിലും പഠിച്ചിരുന്നു. മനോജ്‌ സർ ഇട്ട എന്റെ വിഡിയോ കണ്ടിട്ടാണ് എനിക്ക് ഷോകൾ ചെയ്യാനുള്ള അവസരങ്ങൾ വരുന്നത്. അതിന് വേണ്ടി തന്നെയാണ് ഞങ്ങൾ ചേർത്തലയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറുന്നതും. 

ഹരീഷ് (ശിവരാമകൃഷ്ണൻ ) ചേട്ടന്റെ അച്ഛൻ എന്റെ എഫ്ബി ഫ്രണ്ട് ആണ്. ചേട്ടന്റെ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത്‌ പാടി നടക്കാറുമുണ്ട്. അങ്ങനെയാണ് ഒരു ദിവസം 'രംഗപുരവിഹാര...' പാടി ചേട്ടന്റെ അച്ഛന് അയച്ചു കൊടുത്തത്. ചേട്ടൻ അത്‌ കേട്ട് പാട്ട് എഫ്ബിയിൽ ഷെയർ ചെയ്തിരുന്നു. മുൻപ് വെള്ളരിപ്രാവ് പാടിയപ്പോൾ എം. ജയചന്ദ്രൻ സാറും ഷെയർ ചെയ്തിരുന്നു. ഉണ്ണിമേനോൻ സാറും പാട്ട് ഷെയർ ചെയ്തിട്ടുണ്ട്. 

ഞങ്ങൾ മുംബൈയിലെത്തിയിട്ട് അഞ്ചു വർഷമായി. ഞാൻ പ്ലസ് ടുവിന് പഠിക്കുന്നു. ചേട്ടൻ അനന്തകൃഷ്ണൻ,  അച്ഛൻ ജയകുമാർ,  അമ്മ പ്രീത- ഇതാണ് എന്റെ കുടുംബം. ഇപ്പോഴും കർണാട്ടിക്,  ഹിന്ദുസ്ഥാനി ഒക്കെ പഠിക്കുന്നുണ്ട്. സുരേഷ് വാട്കർ  അക്കാദമിയിലാണ് ഹിന്ദുസ്ഥാനി പഠിക്കുന്നത്. ഇവിടെ ലൈവ് ഷോസ് ഒക്കെ നടത്തുന്ന ഹേമന്ത് കുമാർ മ്യൂസിക്കൽ ഗ്രൂപ്പ്‌ എന്നൊരു ഗ്രൂപ്പ്‌ ഉണ്ട്, ഞാൻ അതിൽ ഭാഗമാണ്. ഇപ്പൊ കൊറോണ ഒക്കെ ആയത് കൊണ്ട് പരിപാടികൾ ഓൺലൈൻ ആണ്. 

ലോക്ക്ഡൗൺ കാലത്ത് പി. ജയലക്ഷ്മി എന്നഎന്റെ യൂട്യൂബ് ചാനലിലും കൂടുതൽ പാട്ടുകൾ പാടിയിടാൻ ശ്രമിച്ചിട്ടുണ്ട്. ഇവിടെ പിന്നെ ചില റെക്കോർഡിങ്ങുകൾ ഉണ്ട്. മലയാളം,  തമിഴ്, മറാത്തി, ഹിന്ദി തുടങ്ങി പല ഭാഷകളിൽ പാടാറുണ്ട്. തകദീർ എന്നൊരു ഹിന്ദി സിനിമയിൽ ഈയിടെ പാടി. കേരളത്തിൽ നിന്ന് ചില ആൽബങ്ങളിൽ പാടാൻ വിളിച്ചിരുന്നു. പക്ഷേ,  ഇപ്പോൾ പോയി പാടാനുള്ള സാഹചര്യമല്ലല്ലോ... പ്ലസ് ടു കഴിഞ്ഞ് സംഗീതത്തിൽ തന്നെ ഉപരിപഠനം നടത്തണം എന്നാണ് ആഗ്രഹം. 

ലത മങ്കേഷ്കറിന്റെ പാട്ടുകൾ,  ശ്രേയ ഘോഷലിന്റെ പാട്ടുകൾ ഒക്കെയാണ് ഏറെ കേൾക്കാറ്... വീട്ടിൽ എപ്പോഴും പാട്ടുണ്ട് അതുകൊണ്ട് പഴയതും പുതിയതുമായ ഒട്ടുമിക്ക ഗായകരെയും കേൾക്കും. ചിത്രാമ്മ, ജാനകിയമ്മ, സുജാതമ്മ ഒക്കെ മെസ്സേജ് അയച്ച് എന്നെ അഭിനന്ദിച്ചിട്ടുണ്ട്. എസ്പിബി സാറിന് എന്റെ പാട്ട് അയച്ചു കൊടുക്കുന്നത് സുജാതാമ്മയുടെ കസിൻ വിനോദ് വേണുഗോപാൽ സാർ ആണ്. സാർ ആണ് എനിക്ക് എസ്പിബി സാറിന്റെ ആ ശബ്ദം അയച്ച് തരുന്നതും. ഈ ജന്മത്തിലേക്കുള്ള മുതൽക്കൂട്ടായി ഞാൻ അത്‌ കരുതിവയ്ക്കും."- ജയലക്ഷ്മി പറയുന്നു.

Tags:
  • Movies