Friday 17 September 2021 12:30 PM IST : By സ്വന്തം ലേഖകൻ

മരുമകളായി ആ വീട്ടിലെത്തുമ്പോള്‍ നാത്തൂന് വയസ് 14, എന്റെ കൊച്ചനിയത്തി: പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുജാത

sujatha

മലയാളികളുടെ പ്രിയപ്പെട്ട മധുരസ്വരമാണ് ഗായിക സുജാതയുടേത്. പാട്ടു വിശേഷങ്ങള്‍ക്കൊപ്പം വീട്ടുവിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോടായി സുജാത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്‌നേഹഗനിധിയായ നാത്തൂന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയംതൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് സുജാത. 

'മരുമകളായി ചെല്ലുമ്പോള്‍ എന്റെ നാത്തൂന് വയസ്സ് 14. നാത്തൂന്‍ എന്ന് പറയാന്‍ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്‌കളങ്കയായ ഒരു കൊച്ചു കുട്ടി.'- പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുജാത കുറിക്കുന്നു. കാലമെത്ര കഴിഞ്ഞാലും തന്റെ പ്രിയപ്പെട്ട മകളാണ് ആപഴയ പാവാടക്കാരി തന്നെയാണ് ഗീതയെന്നും സുജാത കുറിക്കുന്നു. കുറിപ്പിനൊപ്പം ചിത്രങ്ങളും സുജാത പങ്കുവച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഞാൻ ആ വീട്ടിലേക്ക് മരുമകളായി ചെല്ലുമ്പോൾ എന്റെ നാത്തൂന് വയസ്സ് 14. നാത്തൂൻ എന്ന് പറയാൻ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടി.

ഇന്ന് ഗീതയ്ക്ക് 55 വയസ്സ് തികയുന്നു വിശ്വസിക്കാൻ തന്നെ പ്രയാസം എത്ര വേഗമാണ് സമയം കടന്നു പോകുന്നത്.ഗീത ഇന്ന് ഏറ്റവും കഴിവുള്ള ഒരു വീട്ടമ്മയാണ്. ഒരുപാടുപേർ പറഞ്ഞുകേട്ടിട്ടുണ്ട് ശ്വേതയ്ക്കു ഗീതയുടെ ഒരു ച്ഛായ ഉണ്ട് എന്ന്, ച്ഛായ മാത്രമല്ല ഗീതയുടെയും,മോഹന്റെ അമ്മയുടെ സംഗീതവും ശ്വേതയ്ക്ക് ഒരുപാട് പകർന്നു കിട്ടിയിട്ടുണ്ട്.

ചെന്നൈയിൽ കലാക്ഷേത്രയിൽ ഗീത സംഗീതം അഭ്യസിച്ചിരുന്ന സമയത്തു ശ്വേതയ്ക്ക് ഒന്നോരണ്ടോ വയസ്സ്.ആഴ്ച അവസാനങ്ങളിൽ ഞങ്ങളുടെ വീട്ടിൽ ഗീത വരുമ്പോൾ ഏറ്റവും സന്തോഷം ശ്വേതക്ക് ആയിരുന്നു.അവളുടെ പ്രിയപ്പെട്ട ചിറ്റയുടെ കൂടെ കളിക്കുവാൻ അത്രയധികം ഇഷ്ടമായിരുന്നു,ഇന്നും ചിറ്റ അവളുടെ favourite ആണ്. ഗീതയ്ക്ക് ശശിക്ക് ഒപ്പവും മകൾ ഐശ്വര്യയ്ക്കും മരുമകൻ വിഷ്ണുവിന് ഒപ്പവും എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഇനിയും ഉണ്ടാകട്ടെ എന്ന് മനസ്സുനിറഞ്ഞ് പ്രാർത്ഥിക്കുന്നു.

ഇനി എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും എനിക്ക് മോള് 14 വയസ്സുള്ള ആ പാവാടക്കാരി തന്നെയാണ്...