Monday 20 September 2021 03:16 PM IST : By സ്വന്തം ലേഖകൻ

നീ എന്റെ മാലാഖക്കുട്ടീ...: രാധിക തിലകിന്റെ ഓര്‍മ്മകളില്‍ വിതുമ്പി സുജാത

Sujatha-radhika

പാതിയില്‍ നിലച്ചു പോയ സംഗീതമാണ് മലയാളിക്ക് രാധിക തിലക്. ഹൃദയത്തില്‍ തൊടുന്ന കുറേപാട്ടുകള്‍ നല്‍കി നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ പ്രതിഭ. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയപ്പോഴും മരിക്കാത്ത സംഗീതം ഈ ഭൂമിയില്‍ ബാക്കിയാക്കിപ്പോയ കലാകാരിയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഗായികയും രാധികയുടെ ബന്ധുവും കൂടിയായ രാധിക തിലക്. 

രാധികയുടെ വേര്‍പാടിന്റെ ആറാം വാര്‍ഷികത്തിലാണ് ഓര്‍മച്ചിത്രം പങ്കുവച്ച് സമൂഹമാധ്യമ കുറിപ്പുമായി സുജാത എത്തിയത്. 'നീ എന്നും എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. എന്റെ സ്വന്തം മാലാഖക്കുട്ടി' എന്നാണ് രാധികയെക്കുറിച്ചു സുജാത മോഹന്‍ കുറിച്ചത്.

സുജാതയുടെയും കുടുംബത്തിന്റെയും അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. സംഗീതജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങളെല്ലാം സുജാതയും രാധികയും തമ്മില്‍ പങ്കുവയ്ക്കുമായിരുന്നു. രാധികയുടെ വേര്‍പാട് തങ്ങളുടെ കുടുംബത്തില്‍ ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് സുജാത പലപ്പോഴും വികാരാധീനയായി സംസാരിച്ചിട്ടുണ്ട്. 

 തികച്ചും അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അര്‍ബുദത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബര്‍ 20നാണ് രാധിക തിലക് മരണത്തിന് കീഴടങ്ങിയത്.