Wednesday 06 July 2022 11:50 AM IST : By സ്വന്തം ലേഖകൻ

‘മകന് വൃക്കസംബന്ധമായ അസുഖം, ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്’: ഉഷ ഉതുപ്പ് പറയുന്നു

usha-utup

മകൻ സണ്ണി വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആണെന്നും വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ഗായിക ഉഷ ഉതുപ്പ്.

മഴവിൽ മനോരമയിൽ നടൻ ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് സ്വകാര്യജീവിതത്തിലെ ദുഃഖങ്ങൾ അവർ പങ്കുവച്ചത്.

കോവിഡ‍് വ്യാപിച്ചതോടെ ദീർഘകാലമായി വീട്ടിൽ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വർഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നത് പണം തരും പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണെന്നും ഉഷ ഉതുപ്പ് പറഞ്ഞു.

‘കഴിഞ്ഞ രണ്ടര വർഷമായി ഞാൻ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊൽക്കത്തയിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാൻ കഴിഞ്ഞില്ല. ഇക്കാലമത്രയും മകൾ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭർത്താവ് ദീർഘകാലമായി കേരളത്തിൽ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊൽക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടിൽ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതിൽ ഒരുപാട് സന്തോഷം.

എന്റെ മകൻ സണ്ണി എനിക്കൊപ്പം കൊൽക്കത്തയിൽ തന്നെയാണ് താമസം. അവന്‍ വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആണ്. വൃക്ക മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോൾ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏൽപ്പിച്ച വിഷമതകളും മറികടക്കാൻ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസം’.– ഉഷ ഉതുപ്പ് പറഞ്ഞു.