Thursday 03 March 2022 11:53 AM IST : By സ്വന്തം ലേഖകൻ

‘സാഗര സംഗീതമേ... ഇനിയും ഏറെ നാൾ ഇവിടെയുണ്ടാകണം...’ ഞങ്ങൾ വീണ്ടും ഒരുമിക്കുന്നു: സന്തോഷം കുറിച്ച് ലാൽ ജോസ്

vidyasagar

തെന്നിന്ത്യയുടെ പ്രിയ സംഗീത സംവിധായകനാണ് വിദ്യാ സാഗർ. തമിഴിലും മലയാളത്തിലുമൊക്കെയായി ആസ്വാദകർ ഒരിക്കലും മറക്കാത്ത എത്രയെത്ര സുന്ദരഗാനങ്ങളാണ് ആ പ്രതിഭയിൽ നിന്നു ലഭിച്ചതും ലഭിച്ചു കൊണ്ടിരിക്കുന്നതും...മലയാളത്തിൽ വിദ്യാ സാഗർ ഏറ്റവുമധികം സഹകരിച്ചിട്ടുള്ള സംവിധായകരിലൊരാൾ ലാൽ ജോസാണ്. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ചലച്ചിത്രഗാനരംഗത്തെ എവർഗ്രീൻ ഹിറ്റുകളാണ് പിറന്നത്...മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശമാധവൻ, പട്ടാളം, രസികൻ, ചാന്ത്പൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല,ഡയമണ്ട് നെക് ലേസ്, പുളളിപ്പുലികളും ആട്ടിൻകുട്ടിയും എന്നിങ്ങനെയുള്ള ലാൽ ജോസ് ചിത്രങ്ങളിൽ വിദ്യ ഒരുക്കിയ ഗാനങ്ങളൊക്കെയും സൂപ്പർ ഹിറ്റുകളായി. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു. സിനിമയുടെ ടൈറ്റിൽ പ്രകാശനം വരുന്ന മാർച്ച് അഞ്ച് ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക്. കഴിഞ്ഞ ദിവസം വിദ്യ സാഗറിന്റെ ജൻമദിനത്തിൽ ആശംസകൾ നേർന്നു പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ഈ സന്തോഷ വാർത്ത ലാൽ ജോസ് പങ്കുവച്ചത്.

‘பிறந்த நாள் வாழ்த்துக்கள்

വിദ്യാസാഗർ എന്ന പേരിൽ തന്നെ ഒരു സാഗരമുണ്ട്.

സദാ സംഗീതം തിരയിളക്കുന്ന ഒരു കടൽ.

ഒന്നിനു പിറകെ ഒന്നായി തിരപോലെ ഈണങ്ങൾ ഇരമ്പി വരുന്നത് വിദ്യയ്ക്കൊപ്പം പാട്ടുണ്ടാക്കാൻ ഇരിക്കുമ്പോഴത്തെ അനുഭവമാണ് !

മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശമാധവൻ, പട്ടാളം, രസികൻ, ചാന്ത്പൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല,ഡയമണ്ട് നെക് ലേസ്, പുളളിപ്പുലികളും ആട്ടിൻകുട്ടിയും - അങ്ങനെഒരു ഡസൻ പടങ്ങൾ..

പ്രണയമണി തൂവൽ കൊഴിയും പവിഴമഴ പാട്ടുകളുമായി മലയാളത്തിൽ വിദ്യസാഗർ അരങ്ങേറിയിട്ട് ഇരുപത്തിയഞ്ച് കൊല്ലം തികയുന്നു.

ഇന്ന് വിദ്യയുടെ ജന്മദിനത്തിൽ ഒരു സന്തോഷ വർത്തമാനം കൂടി. ഞങ്ങൾ വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു.

സിനിമയുടെ ടൈറ്റിൽ പ്രകാശനം വരുന്ന മാർച്ച് അഞ്ച് ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക്! സാഗര സംഗീതമേ, ഇനിയും ഏറെ നാൾ ഇവിടെയുണ്ടാകണം. ആരോഗ്യത്തോടെ , ഈണത്തോടെ , ഇണക്കത്തോടെ - ഞങ്ങക്കിനിയും എത്രയോ പാട്ടുകൾ വേണം...’.– ലാൽ ജോസ് കുറിച്ചു.