Friday 25 October 2024 03:10 PM IST

‘അമ്മ മരിച്ചു എന്ന് അച്ഛനിപ്പോഴും വിശ്വസിച്ചിട്ടില്ല, അത്രയ്ക്ക് സ്നേഹമായിരുന്നു അവർ തമ്മിൽ’: മരിക്കാത്ത ഓർമ

Vijeesh Gopinath

Senior Sub Editor

jagadeesh-741

മാഞ്ഞു പോയവരുടെ ചിത്രങ്ങളുള്ള ആൽബം മറിച്ചു നോക്കിയിട്ടുണ്ടോ? അതു വെറും ചിത്രങ്ങളല്ല. ക്ലിക് ചെയ്യുന്ന നിമിഷം മാത്രമല്ല അതിൽ ഉണ്ടാവുക. ഒാരോ ചിത്രങ്ങളിലും പോയ കാലത്തിന്റെ വലിയ സിനിമകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരൊറ്റ കാഴ്ചയിൽ ചിരിയും കണ്ണീരും തന്ന് ഒാർമകൾ ഒാടിത്തുടങ്ങും.

അതുകൊണ്ടാവാം പഴയ ആൽബങ്ങളിലൂടെ യാത്ര പോയാലോ എന്നു ചോദ്യത്തിന് വേണ്ടെന്ന് ജഗദീഷ് ഉത്തരം നൽകിയത്. വേർപാടുകൾ– കാലമെത്ര കഴിഞ്ഞാലും ആ ഒാർമപ്പാടുകള്‍ മായാതെ നിൽക്കും. അല്ലെങ്കിലും നിഴലായി നിന്നവർ മാഞ്ഞുപോവുമ്പോൾ അവർ പോയിക്കഴിഞ്ഞെന്ന് മനസ്സിനെ ഒന്ന് വിശ്വസിപ്പിക്കാ ൻ അത്ര എളുപ്പമല്ലല്ലോ. ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വ ലിയ സങ്കടത്തെക്കുറിച്ച് മക്കളായ രമ്യയും സൗമ്യയുമാണ് സംസാരിച്ചു തുടങ്ങിയത്.

‘‘അമ്മ മരിച്ചു എന്ന് അച്ഛനിപ്പോഴും വിശ്വസിച്ചിട്ടില്ല. ഒരു മണിക്കൂർ അച്ഛൻ സംസാരിച്ചാൽ അതിൽ മൂന്നുനാലു പ്രാവശ്യം ‘രമ’ എന്ന വാക്കു പറയും. ഇത്രയും തീവ്രമായ പ്രണയം ഭർത്താക്കന്മാരിൽ നിന്നു കിട്ടുന്നില്ലല്ലോ എന്നു തമാശയായി പറഞ്ഞ് അച്ഛനെ കളിയാക്കാറുണ്ട്. അത്ര സ്നേഹമായിരുന്നു അവർ തമ്മിൽ.

അച്ഛൻ ഞങ്ങളെ അടിച്ചിട്ടില്ല. പക്ഷേ, അമ്മ പഠിക്കാത്തതിനും മാർക്കു കുറയുന്നതിനും ചിലപ്പോഴൊക്കെ അടിച്ചിട്ടുമുണ്ട്. കുറച്ചുനാൾ മുൻപ് ഞാൻ പറഞ്ഞു, അമ്മയല്ല അച്ഛനാണ് വഴക്കു പറയാതെ കുറച്ചു കൂടി സ്നേഹിച്ചിരുന്നത്. അപ്പോഴേ അച്ഛന്‍ അതു നിഷേധിച്ചിട്ടു പറഞ്ഞു–‘‘അതായിരുന്നു അമ്മയുടെ സ്നേഹം. തുറന്നു പ്രകടിപ്പിക്കില്ല. പക്ഷേ, മനസ്സിൽ നിറയെ സ്നേഹമാണ്. അത് എനിക്ക് നന്നായറിയാം.’’ അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോഴും അമ്മ യാത്രയായെന്ന് തിരിച്ചറിയാൻ അച്ഛനു സാധിച്ചിട്ടില്ല. അടുപ്പം അത്രയ്ക്കായിരുന്നു.’’ അമ്മയെ കുറിച്ച് മക്കൾ പറയുന്നതു കേട്ടപ്പോൾ ജഗദീഷിന്റെ ചുണ്ടിലൊരു സങ്കടച്ചിരി വന്നു.

‘‘സത്യമാണ് ഞാൻ പറഞ്ഞത്. സ്നേഹം ഉള്ളിലായിരുന്നു. ചിലപ്പോൾ ഷൂട്ട് ബ്രേക്കിൽ രമയെ വിളിക്കും– കഴിച്ചോ? എന്തുണ്ട് വിശേഷം എന്നൊക്കെ കൊച്ചുവർത്തമാനം പറയാൻ തുടങ്ങുമ്പോൾ രമയുടെ ചോദ്യം വരും–ചേട്ടൻ വെറുതെ വിളിച്ചതാണോ? ഷൂട്ടിൽ അല്ലേ? ജോലി സമയം വെറുതെ കളയണ്ട. വീട്ടിലെത്തിയിട്ടു വിളിക്കാം.’’ ജോലിക്കിടയിൽ ഒരു ഫോൺകോൾ പോലും വെറുതേ ചെയ്യുന്നതിനോട് എതിർപ്പായിരുന്നു. അത്രയ്ക്ക് അച്ചടക്കം. ഫൊറൻസിക് സർജന്റെ ആ സൂക്ഷ്മത ജീവിതത്തിലുടനീളം ഉണ്ടായിരുന്നു.

ഇന്നും നിഴലാണ് രമ

മരണശേഷവും ഏറ്റവും അടുപ്പമുള്ളവർ ഒപ്പമുണ്ടെന്നു പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷേ, സത്യം അതാണ്. ഒപ്പമുണ്ടെന്ന തോന്നലുണ്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. സഹായത്തിനായി വരുന്നവർ ഏഴുമണിയാവുമ്പോൾ പോവും. വെറുതേയിരുന്ന് പഴയ ഒാർമകളിലേക്ക് പോവേണ്ടല്ലോ. അതുകൊണ്ടു തന്നെ കൂടുതൽ ആലോചിച്ചു കൂട്ടാറില്ല. നേരത്തെ ഭക്ഷണം കഴിച്ച് ഞാൻ കിടക്കും.

എന്റെ മനസ്സിലുള്ള രമ ഒാടി നടക്കുന്ന ആളാണ്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് വീട്ടിലുള്ളപ്പോൾ ഞാൻ ചിലപ്പോൾ അടുക്കളയിൽ കയറും. അപ്പോഴേ രമ പറയും– ‘ഞാന്‍ എല്ലാം ചെയ്തോളാം. ചേട്ടൻ അവിടെ ഇരിക്കൂ.’

jagadeesh-23 കുടുംബചിത്രം – സൗമ്യ, പ്രവീൺ പണിക്കർ, കെ.എസ്. നരേന്ദ്രൻനായർ, രമ്യ, കാർത്തിക, കാർത്തിക്, ജഗദീഷ്, അപ്പുണ്ണി, പ്രാർഥന

മക്കളുടെ സ്കൂൾകാലം. അന്നൊന്നും വീട്ടിൽ ആരും സ ഹായിക്കാൻ ഉണ്ടായിരുന്നില്ല. രാവിലെ നാലുമണിക്ക് ജിമ്മിലേക്കു പോവും. തിരിച്ചു വന്നു പാചകം, കുട്ടികളെ റെഡിയാക്കൽ തുടങ്ങി എല്ലാം ഒാടി നടന്നു ചെയ്യും. പിന്നെ, സ്വന്തമായി ഡ്രൈവ് ചെയ്ത് കുട്ടികളെ സ്കൂൾ ബസ് കിട്ടുന്നിടത്ത് ഇറക്കി ആശുപത്രിയിലേക്ക്. രമയുടെ ഡ്രൈവിങ് കണ്ട് സുഹൃത്തുക്കൾ പറയുമായിരുന്നു– സ്പീഡിലാണ് ഒാടിക്കുന്നത്. പക്ഷേ, കണ്ടാൽ അറിയാം നല്ല ആത്മവിശ്വാസമാണ്.

ജോലിയിലും തിരക്കു തന്നെ. ഫൈനൽ ഇയർ കുട്ടികൾക്കു ക്ലാസുകൾ എടുക്കും. പ്രമാദമായ കേസുകളുടെ പോസ്റ്റ്മോർട്ടങ്ങൾ, വിവിധ ശ്രേണിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈക്കോടതിയിലെ ന്യായാധിപന്മാർക്കും വരെ രമ ഫോറൻസിക് ക്ലാസുകൾ എടുത്തിട്ടുണ്ട്.

രമ എനിക്ക് പിന്തുണ തന്നില്ലായിരുന്നെങ്കിൽ ഞാൻ നടന്‍ എന്ന രീതിയിൽ ഇന്നത്തെ നിലയിലെത്തില്ല. കോളജ് അധ്യാപകനായി തുടർന്നേനെ. അധ്യാപകനും നടനും– ഈ രണ്ടു റോൾ ഒന്നിച്ചു കൊണ്ടുപോവുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. തുടക്കകാലം. ലീവ് കിട്ടാൻ പ്രയാസമാണ്. എന്നാൽ സിനിമയിൽ സ്ഥിരമാവാം എന്നതിന് ‘സിഗ്‍നലുകൾ’ഒന്നും കിട്ടുന്നുമില്ല. ലീവ് കിട്ടാത്തകൊണ്ട് വേഷങ്ങൾ കുറയുമോ എന്ന പേടിയും എനിക്കുണ്ടായിരുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു, അധ്യാപകവേഷത്തിൽ നിന്നിറങ്ങി സിനിമയിൽ ഉറച്ചു നിൽക്കാം. ‘ചേട്ടന്റെ ഇഷ്ടത്തിനൊപ്പം ഞാനും ഉണ്ട്. വിജയിക്കും എന്നുറപ്പാണ്. അഥവാ വിജയിച്ചില്ലെങ്കിലും നമ്മൾ സങ്കടപ്പെടില്ല. എന്റെ ശമ്പളം ഉണ്ടല്ലോ, അതുകൊണ്ടു നമുക്കു ജീവിക്കാം’ അങ്ങനെയാണു രമ പറഞ്ഞത്. അത്രയ്ക്ക് സപ്പോർട്ട്.

––––

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ