Friday 25 January 2019 02:05 PM IST : By ശ്രീരേഖ

എളിമയും ഗുരുത്വവും വിനയവും, അതെപ്പോഴും മനസ്സിൽ വേണം; അമ്മ നൽകിയ പാഠം!

sreemayi1
ഫോട്ടോ: ശ്രീകാന്ത്‍ കളരിക്കൽ

മലയാളത്തിന്റെ പ്രിയനടി കൽപ്പന ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം. 2018 ജനുവരി 25 ന് ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു കൽപനയുടെ ആകസ്മിക മരണം. അമ്മയെ കുറിച്ച് മകൾ ശ്രീമയി വനിതയോട് മനസ്സ് തുറന്നു. ശ്രീമയിയുമായുള്ള അഭിമുഖം പൂർണ്ണമായും വായിക്കാം; 

കൽപനയുടെ ഫോണിലെ റിങ് ടോൺ ശ്രീമയി ഇപ്പോഴും മാറ്റിയിട്ടില്ല. ‘‘അമ്മായെൻട്രഴൈക്കാത ഉയിരില്ലയേ... അമ്മാവെ വണങ്കാതെ  ഉയർവില്ലെയേ....’’ ആ പാട്ട്  ഒരിക്കലും മാറ്റാനും തോന്നുന്നില്ല. കാരണം, കൽ‍പന ഏറെ സ്നേഹിച്ചിരുന്ന പാട്ടായിരുന്നു അത്. കൽപനയുടെ ജീവിതത്തിന്റെ തന്നെ നിയോഗം  ഉൾക്കൊള്ളുന്ന പോലൊരു ഗാനം. അമ്മയായിരുന്നു കൽപനയ്ക്ക് എല്ലാം. മകൾ ശ്രീമയിക്കാകട്ടെ, കൽപന സമ്മാനിച്ചു പോയിട്ടുള്ളത് സ്നേഹിച്ചു തീരാതെ പാതി വഴിയിൽ യാത്രയായ അമ്മയുടെ ഒാർമകളാണ്.

‘‘മിനുവിന് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു ആ പാട്ട്. ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ  വിളിച്ചിരുന്നത്. ഒരു കൂട്ടുകാരിയെ പോലെ.’’ ശ്രീമയി പറയുന്നു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിന്റെ ചുവരിലൊന്നും കൽപനയുടെ ഫോട്ടോ വച്ചിട്ടില്ല. കാരണം, അങ്ങനെ ചുവരിൽ മാലയിട്ടു വയ്ക്കാനായി കൽപന പോയതായി ഇവിടെയാർക്കും തോന്നുന്നില്ല. അമ്മ വിജയലക്ഷ്മിക്കോ മകൾ ശ്രീമയിക്കോ ഫ്ളാറ്റിലെ സുഹൃത്തുക്കൾക്കോ ആർക്കും... ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉറക്കെ വിശേഷം പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും കൽപന വന്നു കയറുമെന്നു തോന്നിപ്പോകും...  

മിനു എന്ന കൂട്ടുകാരി

‘‘കുട്ടിക്കാലത്ത് ഞാൻ വിചാരിച്ചിരുന്നത് മിനു എന്റെ ചേച്ചിയാണെന്നായിരുന്നു.’’ ശ്രീമയി ഒാർമയിലേക്കു പോയി.

sreemayi3

‘‘ മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തിലെന്നായിരുന്നു എന്റെ വിചാരം. കാർത്തു ചേച്ചി (കലാരഞ്ജിനി), മിനുച്ചേച്ചി (കൽപന), പൊടിച്ചേച്ചി (ഉർവശി). പിന്നെയാണ് മനസ്സിലായത് മിനു അമ്മയാണെന്ന്. അമ്മൂമ്മയാണ് എന്നെ വളർത്തിയത്. അമ്മൂമ്മ വിജയലക്ഷ്മിയെ ഞാൻ വിളിച്ചിരുന്നതാവട്ടെ, വീട്ടിലെ വിളിപ്പേരായ ‘അമ്മിണി’ എന്നും. അമ്മൂമ്മയെയാണ് ഞാൻ അമ്മയുടെ സ്ഥാനത്ത് മനസ്സിൽ കരുതിയത്. കാരണം, മിനു മിക്കപ്പോഴും ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു.  ഞങ്ങളന്ന് ചെന്നൈയിലായിരുന്നു. ഇടയ്ക്ക് വീക്കെൻഡ്സിൽ ആലപ്പുഴയിലെ വീട്ടിൽ പോകും. അങ്ങനെയായിരുന്നു അക്കാലം. മൂന്നു വയസ്സുള്ളപ്പോളൊരിക്കൽ മിനു പറഞ്ഞു: ‘‘മക്കളേ മിനുച്ചേച്ചീ എന്നു വിളിക്കല്ലേ. നിന്റെ അമ്മയാ ഞാൻ.’’ എന്നാലും ചേച്ചീ അങ്ങു മാറ്റി വീണ്ടും വിളിച്ചത് മിനു എന്നാണ്. ആ വിളി ഒരിക്കലും  മാറ്റിയില്ല. മിനു ഉള്ളപ്പോൾ വീടു നിറയെ തമാശയായിരുന്നു. മിക്ക കോമഡി അഭിനേതാക്കളെക്കുറിച്ചും  പറയുന്നത് വീട്ടിൽ അവർ നല്ല സീരിയസായിരിക്കുമെന്ന്. പക്ഷേ, മിനുവിന്റെ കാര്യം നേരേ മറിച്ചായിരുന്നു. സിനിമയിൽ കാണിച്ച കോമഡിയെക്കാളേറെയായിരുന്നു വീട്ടിൽ.’’

കുട്ടികളുെട കൂടെ ഒരാളായി

‘‘കാത്തുവമ്മ ഞങ്ങൾ കുട്ടികളോട് സ്നേഹത്തിലാ പെരുമാറുക. പക്ഷേ, അത്യാവശ്യം സ്ട്രിക്റ്റാണ്. പൊടിയമ്മ ഒരമ്മയെ പോലെ തന്നെ നല്ല സ്ട്രിക്റ്റ്. പക്ഷേ, മിനുവാകട്ടെ എപ്പോഴും കുട്ടികളുടെ കൂട്ടത്തിലായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ കൂട്ടത്തിലെ ഒരാളിനെ പോലെയാണ് തോന്നിയിരുന്നത്. മിനു ഉണ്ടെങ്കിൽ നടക്കുന്നതിനിടയിൽ തലയ്ക്കിട്ട് ഒന്നു തോണ്ടിയിട്ട് പോകും... അങ്ങനെ ഒാരോ കുസൃതികൾ. ഫോൺ ഉപയോഗിക്കാനോ നമ്പർ സേവ് ചെയ്യാനോ ശരിക്കറിയില്ല. ഒരു തവണ പറഞ്ഞുകൊടുത്താലും വീണ്ടും അടുത്ത തവണയും ചോദിച്ചുകൊണ്ട് വരും: ‘മക്കളേ ഇതെങ്ങനാ സേവ് ചെയ്യുന്നേ?’ ഞാൻ ദേഷ്യപ്പടും. ‘‘ഇതെന്തോന്ന് മിനൂ? എത്ര വട്ടം പറഞ്ഞു തരണം?’’ അന്നേരം എന്നെ വെല്ലുവിളിക്കും: ‘നോക്കിക്കോ ഇനി കാത്തു വരുമ്പോ ഞാൻ ചോദിച്ച് പഠിക്കും... ’

മിനുവിന്റെ തമാശകളൊക്കെ അതേപടി കിട്ടിയിരിക്കുന്നത് കുഞ്ഞാറ്റയ്ക്കാണ്. എനിക്കാകട്ടെ പൊടിയമ്മയുടെ സ്വഭാവമാണെന്നാണ് എല്ലാവരും പറയാറ്. പൊടിയമ്മയെ പോലെ ഞാൻ കുറച്ച് സീരിയസാണ്. ഒരുപാട് വർത്തമാനം പറയില്ല. അൽപം പതുങ്ങിയ മട്ട്. ഇപ്പോ കുഞ്ഞാറ്റയുടെ തമാശകളെല്ലാം കാണുമ്പോഴോർമ വരുന്നത് മിനുവിനെ ആണ്.’’

മിനു പഠിപ്പിച്ച വലിയ പാഠം; വിനയം

അമ്മ പഠിപ്പിച്ച ഏറ്റവും വലിയ കാര്യമെന്താണെന്ന് ചോദിച്ചാൽ ശ്രീമയി ആലോചിക്കാതെ തന്നെ പറയും: ഗുരുത്വം അതെപ്പോഴും മനസ്സിൽ വേണമെന്ന് അമ്മ ഒാർമിപ്പിച്ചിരുന്നത്.

‘‘എളിമയാണ് ഏറ്റവും വലിയ ഗുണമെന്ന് മിനു പറയുമായിരുന്നു. മൂത്തവരെ കാണുമ്പോ കാലിൽ തൊട്ട് തൊഴണം. അഹങ്കാരിയെന്ന പേര് കേൾപ്പിക്കരുത്. കാരണവ സ്ഥാനത്തുള്ളവർ വീട്ടിൽ കയറി വരുമ്പോൾ കാലിൻ മേൽ കാൽ ക യറ്റി വച്ച് ഇരിക്കരുത്. ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുത്  ഇതൊക്കെ. ഭക്തി, ഈശ്വരവിചാരം ഇതെപ്പോഴും  മനസ്സിലുണ്ടാകണമെന്നും. വെറും പ്രകടനമായ ഭക്തിയല്ല; ഭക്തിയെന്നാൽ മറ്റുള്ളവരോടുള്ള അലിവും ആർദ്രതയും ഒക്കെയാണെന്നും. പലരെയും പറ്റുന്ന പോലെ സഹായിച്ചിരുന്നു, ആരുമറിയാതെ. ആലപ്പുഴയിലെ റസിയ എന്ന അമ്മയ്ക്ക് മാസം തോറും സഹായമായി ഒരു ചെറിയ തുക അയച്ചു കൊടു ക്കുമായിരുന്നു. മിനു പോയപ്പോൾ വന്നു കണ്ണീരോടെ നിന്നവരുടെ കണ്ണുകളിലുണ്ടായിരുന്നു ആ സ്നേഹം..’’

അമ്മയായിരുന്നു ജീവൻ

sreemayi4

‘‘മൂന്നു ജന്മത്തിലേക്കുള്ള അമ്മ എന്ന വിളി അവൾ ഒരു ജന്മം കൊണ്ട് വിളിച്ചു തീർത്തിട്ടുണ്ട്.’’ അമ്മ വിജയലക്ഷ്മിയുടെ സ്മരണയിൽ മകൾ നിറഞ്ഞു.‘‘എല്ലാ കാര്യവും അവളെന്നോട് പറഞ്ഞിട്ടേ ചെയ്യൂ. ഇങ്ങനെ കലപിലാന്ന് ചോദിച്ചുകൊണ്ടിരിക്കും. അവൾക്ക് എവിടെയെങ്കിലും പ്രോഗ്രാമുണ്ടെങ്കിൽ സ്റ്റേജിൽ കയറുന്നതിനു തൊട്ട് മുമ്പ് എന്നെ വിളിച്ചിരിക്കും. അമ്മാ ഞാനെങ്ങനെയാ പ്രസംഗിക്കേണ്ടത് എന്താ പറയേണ്ടതെന്നൊക്കെ വെറുതേ ചോദിക്കും. ആയിടയ്ക്ക് കുറച്ച് നാൾ മുമ്പ് അവളെന്നോട് പറയുമായിരുന്നു: ‘അമ്മാ, എന്റെ ആയുസ്സിന്റെ പകുതി കൂടി അമ്മയ്ക്കു തരട്ടെ?’ ‘എനിക്കെന്തിനാ ആയുസ്സ്.  എല്ലാ കാര്യങ്ങളുമൊക്കെ നിറവേറ്റി. ഇനി ചെയ്യാനൊന്നുമില്ലല്ലോ. പിന്നെന്തിനാ?’ എന്ന് ഞാൻ ചോദിക്കുമ്പോ അവൾ ചിരിക്കും: ‘അമ്മയ്ക്കിരിക്കട്ടെ...’ ആയിടയ്ക്ക് എനിക്കായി പല ക്ഷേത്രങ്ങളിലും മൃത്യുഞ്ജയ ഹോമം നടത്തിച്ചു അവൾ. ഇപ്പോഴാലോചിക്കുമ്പോൾ തോന്നും. നേരത്തേ പോകുമെന്ന കാര്യം അവൾക്കറിയാമായിരുന്നോ എന്ന്. അന്നേരം മോളെ നോക്കാൻ ഞാനേ ഉള്ളൂവെന്ന് വിചാരിച്ചാണോ അവളങ്ങനെ പറഞ്ഞത്?’’

ദുഃഖങ്ങൾ ആരോടും പറയാതെ

‘‘എല്ലാം പറയുമായിരുന്ന അവൾ സ്വന്തം ജീവിതത്തിലെ ദുഃഖങ്ങൾ മാത്രം പറയാതെ മറച്ചു വച്ചു. പ്രതീക്ഷിക്കാത്തിടത്തു നിന്നും വഞ്ചന വന്നപ്പോൾ അതു താങ്ങാനുള്ള കഴിവ് അവൾക്കു കുറവായിരുന്നു. എന്നോട് ആ കാര്യമെല്ലാം പറയാനും അവൾ മടിച്ചു. മാത്രമല്ല, തന്റെ ജീവിതത്തിൽ വിവാഹമോചനം സംഭവിച്ചാൽ കുടുംബത്തിനതു നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവൾക്ക്.  

എനിക്കതു വലിയ വേദനയാകുമെന്നു ഭയന്നു അവൾ.  ‘‘മക്കളേ,  എല്ലാവരുടെയും ലൈഫിൽ പ്രശ്നങ്ങളുടെ ഘട്ടം വരും. നീ അഡ്ജസ്റ്റ് ചെയ്യണം’’ എന്നാണ് ഞാനവളോട് പറഞ്ഞത്. അവൾ ഒരുപാടൊരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നുവെന്ന് പിന്നീടെനിക്കു തോന്നിയിട്ടുണ്ട്.

ഒടുവിൽ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, ജീവിതം കൈവിട്ടു പോയെന്ന് തോന്നിയപ്പോൾ അവൾ വിചാരിച്ചു കാണും, ഇനി ജീവിതത്തിലെ ഏക പ്രതീക്ഷ അമ്മയാണെന്ന്. അതാണ് അവളെനിക്കു വേണ്ടി ആയുസ്സ് മാറ്റി വയ്ക്കാമെന്നു വരെ പറഞ്ഞത്. കാരണം, മകളെ വളർത്തിയെടുക്കാൻ ഞാൻ വേണമല്ലോ! മരമുണ്ടെങ്കിലല്ലേ മക്കളേ കിളികളൊക്കെ വരൂ. സഹോദരങ്ങളെല്ലാം ഒന്നിച്ചു നിൽക്കണമെങ്കിൽ, അച്ഛനമ്മമാർ എന്ന വൃക്ഷത്തണൽ വേണം. ആ തണലില്ലെങ്കിൽ എത്ര സ്നേഹമുള്ള സഹോദരങ്ങളായാലും കൂടിച്ചേർന്നു നിൽക്കണമെന്നില്ല. ആ സത്യം ഒാർത്താകും അവൾ പറഞ്ഞത്, അമ്മ വളരെ വളരെ ദീർഘായുസ്സോടെ ഇരിക്കട്ടെയെന്ന്.

ഇപ്പോഴെനിക്ക് പ്രായത്തിന്റെ അവശതകളുണ്ട്. നടുവേദന, കാലുവേദന... എല്ലാം. പക്ഷേ, എനിക്കു തോന്നും ഞാനിങ്ങനെയിരിക്കുന്നതിന്റെ കാരണം അവൾ എന്നെ ഏൽപിച്ചു പോയ ഉത്തരവാദിത്തമാണെന്ന്. കൊച്ചുമകൾ ശ്രീമയി എന്ന ഉത്തരവാദിത്തം.  എല്ലാ കൊച്ചു മക്കളോടും അടുപ്പമാണ് എനിക്ക്. പക്ഷേ, ശ്രീമയിയോട് സ്നേഹക്കൂടുതലിനു കാരണമുണ്ട്. ജനിച്ചപ്പോ തൊട്ട് വളർത്തിയതു ഞാനല്ലേ! മാത്രമല്ല, കുട്ടികളെ വളർത്തുന്ന കാര്യത്തിലൊക്കെ കൽപന വളരെ പിന്നിലായിരുന്നു. ഇപ്പോഴാണെങ്കിൽ ശ്രീമയിക്കു ഞാനേയുള്ളൂ. അവൾ പറയും: ‘എനിക്ക് അമ്മിണിയേയുള്ളൂ...’’  

കൽപനയെ അങ്ങനെ ഞാൻ കണ്ടില്ല

‘‘ആയിടയ്ക്ക് കടുത്ത പനി വന്നതിന്റെ ക്ഷീണമുണ്ടായിരുന്നു കൽപനയ്ക്ക്. കൊളസ്ട്രോളിന് മരുന്നു കഴിക്കുന്നുണ്ടായിരുന്നു. വേറെ അസുഖമൊന്നും ഉണ്ടായിരുന്നില്ല. മെലിഞ്ഞു പോയിരുന്നു. 2016 ജനുവരിയിലെ ആ ദിവസം. അന്ന് രാവിലത്തെ ഫ്ളൈറ്റിനാണ് കൊച്ചിയിൽ നിന്ന് ഹൈദരാബാദിൽ പോയത്. അന്ന് രാത്രി പത്തു മണിക്കും എന്നെ വിളിച്ചതാണ്. ‘അമ്മാ എന്റെ വയറിനു നല്ല സുഖമില്ല’ എന്ന് അപ്പോൾ പറഞ്ഞിരുന്നു. മരുന്നു കഴിക്കണമെന്നു ഞാനോർമിപ്പിച്ചു. അതായിരുന്നു അവസാനത്തെ സംസാരം.

പിറ്റേന്നു രാവിലെ  ഫ്ളാറ്റിലെ ചില സ്ത്രീകളൊക്കെ ഈ വാതിൽക്കലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു ഞാൻ കണ്ടു. അവർ വീട്ടിലെ ജോലിക്കാരി ശാന്തമ്മയെ വിളിച്ചു. ശ്രീമയി രാവിലെ തന്നെ സ്കൂളിൽ പോയിരുന്നു. മോളെ സ്കൂളിൽ നിന്ന്  ആരോ വിളിച്ചു വരുത്തി. അവളോട്  അവർ പറഞ്ഞിരുന്നത് അമ്മൂമ്മയ്ക്കു സുഖമില്ലെന്നാണ്. പിന്നെയാണ് ഫ്ളാറ്റിലെ ആളുകൾ അവളോട് പറയുന്നത്. അന്ന് ശ്രീമയി വാശി പിടിച്ചു. ‘മിനൂന്റെ ആ രൂപം എന്റെ അമ്മൂമ്മ കാണണ്ടെ’ന്ന്.  അതുകാരണം  ഞാൻ കൽപനയെ കണ്ടതേയില്ല. ‘കണ്ടാൽ അമ്മൂമ്മ വീണുപോകും. അമ്മൂമ്മയും  വീണു പോയാൽ പിന്നെ എനിക്കാരാണ്’ എന്ന ചിന്ത കാരണമാകും അവളങ്ങനെ പറഞ്ഞത്.’’ അമ്മ വിജയലക്ഷ്മി ആ ദിനം ഒാർക്കുന്നു.

sreemyi6

കൽപനയുടെ വേർപാടിന്റെ സമയത്ത് ധൈര്യത്തോടെ പിടിച്ചു നിന്ന ശ്രീമയിയെ കണ്ട് ബന്ധുക്കൾ പോലും അതിശയിച്ചിരുന്നു. ‘‘നമ്മൾ തന്നെ കാര്യങ്ങൾ നടത്തണം എന്ന ഘട്ടം വരുമ്പോ അങ്ങനെ ആയി പോകുന്നതാണ്. താങ്ങാനും കൂടെ നിൽക്കാനും ആളുണ്ടെങ്കിൽ എനിക്കിത്രയും ധൈര്യം വരില്ല. ഞാൻ ബോൾഡാണോ? ആണോന്ന് ചോദിച്ചാൽ  അതേ. ചില സമയത്ത്...’’ ശ്രീമയിക്ക് അതേ പറയാനുള്ളൂ.

അഭിനയം എന്റെ മോഹം

അമ്മയുള്ളപ്പോഴൊരിക്കലും തന്റെ സിനിമാ സ്വപ്നത്തെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല ശ്രീമയി. അതെല്ലാം പിന്നീടു പറയാനായി കാത്തു വച്ചിരിക്കുകയായിരുന്നു.
ഒന്നും പറയാൻ കാത്തു നിൽക്കാതെ അമ്മ െപട്ടെന്ന് പോയെങ്കിലും ശ്രീമയി ഇപ്പോഴും ആ മോഹം താലോലിക്കുന്നു. ‘‘സിനിമ എന്റെ സ്വപ്നത്തിലുണ്ട്. കാരണം, അതു രക്തത്തിലലിഞ്ഞു ചേർന്നതു പോലെ കിട്ടിയ ഇഷ്ടമല്ലേ? ഞങ്ങളുടെ കുടുംബത്തിലെ ഇളം തലമുറയ്ക്കെല്ലാമുണ്ട് ആ ഇഷ്ടം. നമ്മൾ  കുഞ്ഞു പ്രായം തൊട്ടേ കണ്ടു വളർന്നതു സെലിബ്രിറ്റി ലൈഫാണ്. അതിനോട് ആഗ്രഹം തോന്നും. പക്ഷേ, എങ്ങനെയാകുമെന്നറിയില്ല. നമ്മുടെ കഴിവും ഭാഗ്യവും ദൈവാനുഗ്രഹവും എല്ലാമനുസരിച്ചിരിക്കും....’’

ചോയ്സ് സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീമയി ഇനി ചെന്നൈയിലേക്കു മാറാനുള്ള ഒരുക്കത്തിലാണ്. തൃപ്പൂണിത്തുറയിൽ നിന്ന് കുടുംബമടക്കം താമസം ചെന്നൈയിലേക്ക് മാറ്റുമ്പോൾ വിഷമമുണ്ട്. ഇവിടെ കസിൻസെല്ലാം ഒന്നിച്ചു കൂടുമായിരുന്നു. അതും നഷ്ടബോധമാണ് ശ്രീമയിക്ക്.

‘‘ഞാൻ, കുഞ്ഞാറ്റ, കാത്തുവമ്മയുടെ മകൻ അമ്പോറ്റി, അമ്മാവന്റെ മകൻ അമ്പാടി ഇവരെല്ലാം  വലിയ കൂട്ടാണ്. മൂത്തത് അമ്പോറ്റിച്ചേട്ടനാണ്. ബാക്കിയെല്ലാവരും  സമപ്രായക്കാരാണ്. അതുെകാണ്ട് തന്നെ എല്ലാം  ഷെയർ ചെയ്യുന്ന അ ടുപ്പമാണ് തമ്മിൽ. ഞങ്ങൾക്കു വേറെ കൂട്ടുകാരുടെ ആവശ്യമില്ലെന്നു തോന്നും. അത്രയ്ക്കും ഫ്രണ്ട്സാണ്. ഞങ്ങളെല്ലാം ഒന്നിച്ചു കൂടുന്നത് അമ്മൂമ്മ താമസിക്കുന്ന ഈ ഫ്ളാറ്റിലായിരുന്നു. എല്ലാവർക്കും സിനിമ ക്രേയ്സ് ആണ്. അമ്പോറ്റി ചേട്ടൻ പഠിച്ചത് വിഷ്വൽ കമ്യൂണിക്കേഷനാണ്.
എനിക്ക് ഇനി തിയറ്റർ പഠിക്കാൻ പോകണമെന്നാണ് മോഹം. സ്കൂളിൽ ഞാൻ  ആക്ടിങ്ങിലൊന്നും കാര്യമായി  പങ്കെടുത്തിട്ടില്ല. മോണാ ആക്ട്  പോലെ ചില സംഭവമൊക്കെ ചെറുപ്പത്തിൽ ചെയ്യുമായിരുന്നു.  

എനിക്കു വലിയ സ്റ്റേജ് ഫിയർ ആയിരുന്നു. വണ്ണമുള്ള  സമയത്ത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോ എനിക്ക് 90 കിലോ ആയിരുന്നു ഭാരം. അന്ന് മിനു എന്നെ കൂട്ടി ഡോക്ടറെ കാണാൻ പോകും. ‘ഈ പ്രായത്തിലേ ഒബീസിറ്റിയാണല്ലോ മോളെ? അമ്മ മെലിഞ്ഞിട്ടാണല്ലോ. എന്നിട്ടെന്താ മോളിങ്ങനെ?’ എന്നെല്ലാം ഡോക്ടർമാർ പറയും. പിന്നെ, ഞാൻ തനിയെ തീരുമാനിച്ചു. വണ്ണം കുറയ്ക്കണമെന്ന്. ആഴ്ചയിൽ നാലു ദിവസം ജിമ്മിൽ പോയി ഒന്നര മണിക്കൂർ വീതം എക്സർസൈസ്. ഭക്ഷണം നന്നായി നിയന്ത്രിച്ചു. എനിക്ക് തോന്നുന്നത് നമ്മുടെ മനസ്സിന്റെ വിൽപവറുണ്ടെങ്കിൽ എത്ര വലിയ വണ്ണവും കുറയ്ക്കാമെന്നാണ്.

sreemayi2

ഞാനങ്ങനെ ഭാവി പ്ലാൻ ചെയ്തിട്ടില്ല. അതുകൊണ്ട് കാര്യമില്ലല്ലോ. ഒരു ഒാഡിയോ ലോഞ്ച് ഫങ്ഷന് എന്നെ പൊടിയമ്മ ഇൻട്രഡ്യൂസ് ചെയ്തിരുന്നു. ചില റോളുകളൊക്കെ ചോദിച്ചു വന്നിരുന്നു. തുടക്കം നല്ല റോൾ ആകണമെന്നാഗ്രഹമുണ്ട്. എന്തായാലും മിനുവിന്റെ അനുഗ്രഹം എന്റെ ഒപ്പമുണ്ടാകുമെന്ന് കരുതുകയാണ്; അതിനായി പ്രാർഥിക്കുകയാണ് ഞാൻ.’’ ശ്രീമയിയുടെ വാക്കുകളിൽ ഒരു പതിനേഴുകാരിയുടെ കുട്ടിക്കളിയല്ല; നല്ല ഗൗരവമുണ്ട്. പക്ഷേ, ചിരിക്കുമ്പോൾ ആ കണ്ണുകൾക്ക് കൽപനയുടെ അതേ ഛായ.