Friday 19 October 2018 03:20 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ നൃത്തത്തിൽ ലയിച്ച് മക്കൾ; ശാന്തിയുടെ ഓർമ്മകളെ നെഞ്ചേറ്റി വീണ്ടും ബിജിബാൽ; വിഡിയോ

biji

ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. വേദനകളുടെ വേലിയേറ്റങ്ങൾക്കിടയിലും ഒരു പക്ഷേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ ജ്വലിക്കുന്ന ഓർമ്മകളായിരിക്കും.

സംഗീതം കൊണ്ട് സന്തോഷം നിറച്ച കലാകാരന്‍ ബിജിബാലിന്റെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ നല്ല പാതിയെ വിധി തട്ടിയെടുത്തു. മക്കളായ ദയക്കും ദേവദത്തിനും അവരുടെ അമ്മയെ നഷ്ടമായി. കഴിഞ്ഞ ഒരു ഓഗസ്റ്റ് മാസത്തിലാണ് ബിജിബാലിന്റെ ഭാര്യ ശാന്തി മരണത്തിനു കീഴടങ്ങിയത്.

കാലഭേദങ്ങൾ കടന്നു പോകുമ്പോഴും ബിജിപാല്‍ ജീവിക്കുന്നത് ഭാര്യ ശാന്തിയുടെ ഓർമ്മകളുടെ ചിറകിലേറിയാണ്. തന്റെ പ്രിയതമയോടുള്ള ഇഷ്ടവും ആ ഓർമ്മകളോടുള്ള പ്രിയവും ഈ വിജയദശമി ദിനത്തിലും പങ്കുവയ്ക്കുകയാണ് ബിജിബാൽ. ശാന്തിയുടെ നൃത്ത വിഡിയോകൾ പങ്കുവച്ചുകൊണ്ടാണ് ബിജിബാൽ ആ ഓർമ്മകളെ തിരിച്ചു പിടിക്കുന്നത്.

വിവിധ സന്ദർഭങ്ങളിൽ ശാന്തി അവതരിപ്പിച്ച നൃത്തത്തിന്റെ വിഡിയോയാണ് ബിജിബാൽ സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചത്. സകലദേവ നുതേ, മയി മീനാക്ഷി, അർധനാരീശ്വരം, ശ്രീ ചക്രരാജ സിംഹാസനേശ്വരി എന്നീ വിഡിയോകളില്‍ നിറഞ്ഞു നിന്നതു മുഴുവൻ ശാന്തിയുടെ ഓർമ്മകൾ.

ശ്രീ ചക്രരാജ സിംഹാസനേശ്വരി എന്ന കീർത്തനം ബിജിബാൽ ആലപിക്കുകയും അതിനു ചുവടുവെക്കുകയും ചെയ്യുന്ന വിഡിയോയാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. ബിജിബാലിന് അടുത്തു മക്കളായ ദേവദത്തിനെയും ദയയെയും കാണാം. മുൻപും ശാന്തിയുടെ വിവിധ വിഡിയോകൾ ബിജിബാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

നേരത്തെയും ഭാര്യയെ കുറിച്ചുള്ള ഓർമകള്‍ ബിജിബാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ശാന്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചു പുറത്തിറക്കിയ 'മയീ മീനാക്ഷി' എന്ന ആൽബം ഏറെ ശ്രദ്ധനേടിയിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നു കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം. മികച്ച നർത്തകി കൂടിയായിരുന്നു ശാന്തി ബിജിബാൽ.