Tuesday 31 December 2024 03:48 PM IST

‘ആ സത്യം ഞാനറിഞ്ഞതിൽ ഇന്നസെന്റിന് വിഷമമായോ?, അദ്ദേഹം എന്നെ പറ്റിക്കുകയായിരുന്നുവെന്ന് തോന്നിയിട്ടേയില്ല’

V R Jyothish

Chief Sub Editor

innocent-and-alice

ദവനഗരെയിൽ വന്നിട്ടു മാസം ഒന്നായെങ്കിലും ഇന്നസെന്റ്് കമ്പനിയിലേക്കു പോകുന്നതൊന്നും ഞാൻ കണ്ടില്ല. അഞ്ചു കമ്പനിയുണ്ടെന്നാണ് എന്നോടു പറഞ്ഞത്. ഇതിനിടയിൽ ഒരു കമ്പനിയിൽ എങ്കിലും പോകേണ്ടതല്ലേ? പോയിട്ടില്ല. ഒരുപക്ഷേ, എന്നെ വീട്ടിൽ ഒറ്റയ്ക്ക് ഇരുേത്തണ്ട എന്നു കരുതിയാകും പോകാത്തതെന്നാണു കരുതിയത്. പിന്നെ അഞ്ചു കമ്പനിയുള്ള സ്ഥിതിക്കു കാര്യങ്ങൾ നോക്കി നടത്താൻ ഒരു മാനേജർ എങ്കിലും ഉണ്ടാകുമല്ലോ? അപ്പോൾ പിന്നെ ഇന്നസെന്റിന് ഇങ്ങനെ വീട്ടിലിരിക്കാം.

ഒരു ദിവസം ഞാൻ പറഞ്ഞു, ‘നമ്മൾ ഇവിടെ വന്നിട്ട് ഇത്രയും നാളായല്ലോ? എനിക്കു നമ്മുടെ കമ്പനിയൊക്കെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഉപ്പുമാവും കഴിച്ച് എന്തിനാ ഇവിടെയിരിക്കുന്നത്?’

‘നമുക്ക് നാളെ രാവിലെ തന്നെ പോകാം’ ഇന്നസെന്റ് പറഞ്ഞു.

പിറ്റേന്നു രാവിലെ നേരത്തെ എഴുന്നേറ്റു ഞാൻ വീട്ടുജോലികളൊക്കെ തീർത്തു. ഉപ്പുമാവ് ഉണ്ടാക്കി. ചോറും വഴുതനങ്ങ ഉപ്പേരിയും ഉണ്ടാക്കി. വലിയ ഉത്സാഹത്തോടെയാണു പുറപ്പെട്ടത്. ബിസിനസുകാരനായ ഭർത്താവിന്റെ ബിസിനസ് സാമ്രാജ്യം കാണാനുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു എന്നു പറയുന്നതാണു സത്യം.

ഒഴിഞ്ഞ ഒരിടത്ത് ഒരു പഴയ കെട്ടിടത്തിലാണു ഞങ്ങ ൾ എത്തിയത്. അവിെട ഇന്നസെന്റ് മാച്ച്ബോക്സ് കമ്പനി എന്ന് എഴുതിയ ഒരു ബോർഡ് കണ്ടു. പലകപ്പട്ടിക കൊണ്ട് അഴിയടിച്ച വാതിൽ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു. ഇരുമ്പുവല കൊണ്ടു മറച്ച ജനാലകൾ. അതിനുള്ളിലൂെട വെടിമരുന്നിന്റെ ഗന്ധം നേർത്തുവരുന്നുണ്ട്. മരുന്ന് അരയ്ക്കാനുള്ള ഉപകരണം. തടി തീപ്പെട്ടിക്കൊള്ളിയാക്കുന്ന യന്ത്രം, പകുതി പണി പൂർത്തിയാക്കിയ തീപ്പെട്ടിക്കൊള്ളികൾ അവിടെയവിടെയായി ചിതറിക്കിടക്കുന്നു. ആളനക്കം ഉള്ളതായി തോന്നിയില്ല. മാത്രമല്ല ഇത്തിരി മുറ്റത്തു നിറയെ കരിയിലകൾ വീണു കിടന്നിരുന്നു. അതിനർഥം കുറേനാളായി ആരും അങ്ങോട്ടു ചെന്നിട്ടില്ല എന്നാണ്. കുറച്ചു മരക്കഷ്ണങ്ങൾ മാത്രം പുറത്തുണ്ട്. ചുറ്റുമുള്ള മരങ്ങളിൽ നിന്നുള്ള വള്ളികൾ മാറാല പോലെ ആ കെട്ടിടത്തിൽ പറ്റിപ്പിടിച്ചു വളർന്നിരിക്കുന്നു. തൊട്ടടുത്ത് ആൾതാമസമുള്ളതായി തോന്നിയില്ല. ചെറിയ കെട്ടിടങ്ങളുണ്ട്. പലതും ഇതുപോലെയുള്ള തീപ്പെട്ടി കമ്പനികളാണ്.

ഞാൻ നോക്കുമ്പോൾ ഇന്നസെന്റിന് ഭാവവ്യത്യാസം ഒന്നുമില്ല. ‘മിഥുന’ത്തിലെ കുറുപ്പ് എന്ന കഥാപാത്രത്തെപ്പോലെ ഒറ്റനിൽപ്പാണ്. പിന്നെ ചിരിച്ചുകൊണ്ടു നിഷ്കളങ്കനായി പറഞ്ഞു; ‘കമ്പനിയുടെ പൂട്ട് തുറക്കാൻ താക്കോൽ കാണുന്നില്ല. അതുകൊണ്ട് അടച്ചിട്ടതാണ്.’ അതുകേട്ടപ്പോൾ ഞാൻ ചിരിച്ചു. കുറച്ചുസമയം അവിടെ നിന്നതിനുശേഷം ഞങ്ങൾ വീട്ടിലേക്കു മടങ്ങി. മടക്കയാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.

innocent-79

വീട്ടിൽ വന്നു പതിവുപോലെ വഴുതനങ്ങ തോരനും തൈരും കൂട്ടി ചോറ് കഴിച്ചു. അന്നത്തെ വഴുതനങ്ങ തോരന് നല്ല രുചിയായിരുന്നു എന്നു ഞാൻ ഇന്നസെന്റിനോടു പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല. കമ്പനി പൂട്ടിയ വിവരം ഞാൻ അറിഞ്ഞതിൽ പുള്ളിക്കു വിഷമമുണ്ടായിരുന്നോ എന്നറിയില്ല. എങ്കിലും അന്നു രാത്രി ഞാൻ ഇന്നസെന്റിനെ മുറുകെ പുണർന്നു.

എനിക്കു കാര്യങ്ങൾ ഏറക്കുറെ മനസ്സിലായി തുടങ്ങി. ഇന്നസെന്റിന്റെ വഴുതനങ്ങ പ്രേമത്തിന്റെ രഹസ്യവും മനസ്സിലായി. ദാവനഗരെയിൽ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ പച്ചക്കറിയായിരുന്നു വഴുതനങ്ങ. അല്ലാതെ ഇന്നസെന്റിന് അത് ഇഷ്ടമായതു കൊണ്ടൊന്നുമല്ല!

innocent-alice-2

‘പല ഇഷ്ടങ്ങളും ഇഷ്ടമല്ല എന്നു പറയുക, ഇഷ്ടമില്ലാത്തതിനെ ഇഷ്ടമാണെന്നു പറഞ്ഞു കൂടെക്കൂട്ടുക. അ ങ്ങനെയൊക്കെ ചെയ്യേണ്ടി വരും ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ.’ ഇന്നസെന്‍റ് അന്ന് ഉപദേശിച്ചു. ‘ഒരു നിസ്സാര പച്ചക്കറിയായ വഴുതനങ്ങയ്ക്കു നമ്മുെട ജീവിതത്തിൽ എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ആലീസിനു മനസ്സിലായി കാണുമല്ലോ ഇതൊക്കെ എന്റെ അപ്പൻ തെക്കേത്തല വറീതിൽ നിന്നു ഞാൻ പഠിച്ച പാഠങ്ങളാണ്.’

പിന്നീടും ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഇത്തരം സാഹചര്യങ്ങളിലൂടെ ഞങ്ങൾ കടന്നുപോയിട്ടുണ്ട്. ഇ ന്നോർക്കുമ്പോഴാണ് ഇന്നസെന്റ് അന്നു പറഞ്ഞതിന്റെ അർഥവും വ്യാപ്തിയും എത്ര വലുതായിരുന്നു എന്നു തോന്നുന്നത്.

കമ്പനികൾ പൂട്ടാനുണ്ടായ കാരണങ്ങൾ എന്നോടു പറഞ്ഞു. പക്ഷേ, ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഇന്നസെന്റ് എന്നെയും എന്റെ കുടുംബത്തെയും പറ്റിക്കുകയായിരുന്നെന്ന് ഒരിക്കൽ പോലും തോന്നിയില്ല. അദ്ദേഹത്തിന് സ്നേഹവും കരുതലും ധാരാളം ഉണ്ടായിരുന്നു. എനിക്കതുമതിയായിരുന്നു. മറ്റൊന്നും ഞാൻ ചിന്തിച്ചില്ല. അതിന്റെ കാര്യമുണ്ടെന്നും തോന്നിയില്ല.

(തുടരും)