ദൈവത്തോട് ഒരേയൊരു വരം ചോദിക്കാൻ അവസരം കിട്ടിയാല്‍ എന്താകും ആവശ്യപ്പെടുക?
ഒരിക്കല്‍ ഇന്നസെന്റിനോടു ചോദിച്ചു. പതിവു ചിരിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി, ‘ഈ ഭൂമിയിൽ നിന്ന് എന്നെ ഉടനെയൊന്നും തിരിച്ചു വിളിക്കരുതേ ദൈവമേ എന്നു മാത്രം...’
ദൈവത്തോട് ഈ വരം ഇന്നസെന്റ് പല പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. എന്നാൽ എഴുപത്തിയഞ്ചാം വയസ്സിൽ ഇന്നസെന്റിനെ െെദവം തിരിച്ചു വിളിച്ചു. കുടുകുടെ തന്നെ ചിരിപ്പിക്കാന്‍ ഇന്നസെന്‍റും കൂടി ഒപ്പം വേണമെന്ന് അപ്പോള്‍ െെദവത്തിനു തോന്നിയിട്ടുണ്ടാകും.
അന്നു നിലച്ചതാണ് ‘പാർപ്പിടം’ എന്ന ഈ വീട്ടിലെ ചിരി. തോരാത്ത സങ്കടങ്ങളുടെ പെരുമഴ ഇവിടെ ഇനിയും തോർന്നിട്ടില്ല.
വീടിന്റെ സ്വീകരണമുറിയിലെ രൂപക്കൂട്ടില്‍ പുണ്യാളനു പകരം ഇന്നസെന്റിന്റെ ചിരിക്കുന്ന മുഖം. ചുറ്റും മാലാഖമാർ. ഇവിടെ പ്രാർഥിച്ചാണ് ‘പാർപ്പിട’ത്തിൽ ഒരു ദിവസം തുടങ്ങുന്നത്. ദിവസം അവസാനിക്കുന്നതും ഇവിടെ പ്രാർഥിച്ചതിനു ശേഷം. ഇവിടെ എന്തും ഏതും രൂപക്കൂടിനു മുന്നിൽ വന്ന് ഇന്നസെന്റിനോടു അനുവാദം വാങ്ങിയതിനു ശേഷം.
സ്വീകരണമുറിയിൽ രണ്ടുനില ഉയരത്തിൽ ഒരു ഷെൽഫ്. അതിൽ നിറയെ ഇന്നസെന്റ് എന്ന നടനോടുള്ള സ്നേഹാദരവുകളുടെ മുദ്രകൾ. കിട്ടിയ അംഗീകാരങ്ങൾ അതു ചെറുതായാലും വലുതായാലും ആദരവോടെ സൂക്ഷിക്കുമായിരുന്നു ഇന്നസെന്റ്. ഷെൽഫിനു പിന്നിൽ വലിയൊരു ഫോട്ടോ ഇന്നസെന്റ് കൂടി അംഗമായിരുന്ന പാർലമെന്റ് അംഗങ്ങളുടെ. പിന്നെ, ഇന്നസെന്റ് ഏ റെ ഇഷ്ടപ്പെട്ട ചില കഥാപാത്രങ്ങളുടെ ചില്ലിട്ട ചിത്രങ്ങൾ.
‘‘ഇന്നസെന്റ് പോയി എന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങളോടൊപ്പം ഉണ്ട് എന്നു തന്നെയാണു വിശ്വാസം.’’ നനവു പടര്‍ന്ന കണ്ണുകളോെട ആലീസ് പറയുന്നു. അമ്മയെ ആശ്വസിപ്പിക്കാന്‍ അടുത്തു തന്നെ മകന്‍ േസാണറ്റ് ഉണ്ട്. കൊച്ചുമക്കൾ അന്നയും ഇന്നു എന്നു വിളിക്കുന്ന ഇന്നസെന്‍റ് ജൂനിയറും സങ്കടത്തോടെ അമ്മാമ്മയെ നോക്കി. മരുമകൾ രശ്മി ടിഷ്യു പേപ്പറുമായെത്തി.
‘‘ഞങ്ങൾ ഇതുവരെ ഒരു മാധ്യമത്തോടും സംസാരിച്ചിട്ടില്ല. അതിനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു എന്നതാണു വാസ്തവം. ഇപ്പോഴുമതേ...’’ ആലീസ് ടിഷ്യു പേപ്പര്‍ വാങ്ങി മുഖം തുടച്ചു.
കഴിഞ്ഞ ഒന്നരവർഷം എങ്ങനെ കടന്നുപോയി?
ആലീസ്: ഇന്നസെന്റ് ഒപ്പമില്ലാത്ത ഈ ഒന്നര വർഷം ഒന്നര യുഗമായിട്ടാണു ഞങ്ങൾക്കു തോന്നുന്നത്. ചിലപ്പോൾ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാൻ വിളി കേ ൾക്കും. ചിലപ്പോൾ തോന്നും ഇന്നസെന്റ് കസേരയിൽ ഇ രിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോൾ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ല എന്ന യാഥാർഥ്യവുമായി ഞങ്ങൾ ഇന്നേവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹമൊത്തുള്ള സുന്ദരനിമിഷങ്ങൾ ഓർക്കുമ്പോൾ ഞങ്ങൾക്കു കരയാനേ നേരമുണ്ടായിട്ടുള്ളൂ.
ജീവിച്ചിരുന്നപ്പോള്‍ ഒരാൾ നമ്മളോട് എങ്ങനെയായിരുന്നോ അതിനനുസരിച്ചാകുമല്ലോ, മരണശേഷം അദ്ദേഹത്തിനു നമ്മുടെ മനസ്സിൽ സ്ഥാനം. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓർക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണു നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ കാണില്ല. സിനിമ മാത്രമല്ല ഒരു സീൻ പോലും കാണാൻ എനിക്കു കഴിയില്ല.
ഞാൻ മുടങ്ങാതെ ടെലിവിഷൻ കാണുന്നത് കുർബാനയ്ക്കു വേണ്ടിയാണ്. രാവിലെ 9.30 മുതൽ 10.30 വരെ. ഒരു മണിക്കൂർ കുർബാന. അല്ലാതെ ടിവി കാണലും ഇല്ല.
ഇന്നസെന്റിന്റെ കല്ലറയിൽ എല്ലാം ദിവസവും പോകാറുണ്ട് എന്നറിഞ്ഞു.
ആലീസ്: അേത. ഞങ്ങൾ ഇവിടെയുള്ള എല്ലാ ദിവസവും വൈകുന്നേരം ഇരിങ്ങാലക്കുട സെന്റ് തോമസ് പള്ളിയിലെ കല്ലറയിൽ പോയി, കഴുകി വൃത്തിയാക്കി പുതിയ പൂക്കൾ വയ്ക്കും. പ്രാർഥിക്കും. പിന്നെ, ഓരോ ദിവസത്തെയും വിശേഷങ്ങൾ പറയും. അത് അദ്ദേഹം കേൾക്കുന്നുണ്ട് എന്നാണു വിശ്വാസം. കൊച്ചുമക്കളും പ്രാർഥിച്ച് അവരുടെ വിശേഷങ്ങൾ പറയും. സന്തോഷങ്ങൾ മാത്രമല്ല, വിഷമങ്ങളും പറയും. എവിടെയിരുന്നായാലും ഇന്നസെന്റ് അതു നടത്തിത്തരും എന്നാണു ഞങ്ങളുടെ വിശ്വാസം.
സാധാരണ നവംബർ മാസത്തിലാണു മരിച്ചവരുടെ ബന്ധുക്കൾ കല്ലറയിലേക്കു വരുന്നതും ആരാധിക്കുന്നതും. പ ക്ഷേ, ഞങ്ങള്‍ ഇവിടെയുള്ള എല്ലാ വൈകുന്നേരങ്ങളിലും പോകും. അവിടെ ചെല്ലുമ്പോൾ അറിയാം വേറെയും ആൾക്കാർ ഇന്നസെന്റിനെ കാണാൻ വന്നിട്ടുണ്ടെന്ന്. അവരും കല്ലറയിൽ പൂക്കൾ വച്ചാണു മടങ്ങുന്നത്.
കഴിഞ്ഞ ദിവസം ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹത്തിന്‍റെ കല്ലറയിൽ ഒരു കുടുംബം പ്രാർഥിച്ചു കൊണ്ടു നിൽക്കുന്നു. തൃശൂരിനടുത്തു മണ്ണംേപട്ടയിൽ നിന്നു വന്നവരാണ്. അവര്‍ കുടുംബസമേതം ഓസ്ട്രേലിയയിലാണ്. നാട്ടിൽ വന്നപ്പോൾ ഇന്നസെന്റിന്റെ കല്ലറയിൽ പ്രാർഥിക്കാൻ വന്നതാണ്. ഇതുപോലെ ധാരാളം പേർ വരുന്നുണ്ട്. ഞങ്ങൾ അറിയാത്തവർ പോലും.
കല്ലറയിൽ എന്താണു പ്രാർഥിക്കുന്നത്?
ആലീസ്: ‘മരിച്ച വിശ്വാസികളുടെ ആത്മാവ് ദൈവാനുഗ്രഹത്താൽ മോക്ഷത്തിൽ േചരുവാൻ അനുഗ്രഹം ഉണ്ടായിരിക്കട്ടെ. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ... നന്മ നിറഞ്ഞ മറിയമേ...’ ഈ പ്രാർഥന ഞങ്ങൾ മൂന്നു പ്രാവശ്യം ചൊല്ലും. മരിച്ചവരുടെ ആത്മാവ് സ്വർഗത്തിൽ എത്തിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നവർ പ്രാർഥിച്ചാൽ സ്വർഗത്ത് എത്തുെമന്നാണു വിശ്വാസം. അതുകൊണ്ടാണ് ഈ പ്രാർഥന മൂന്നു പ്രാവശ്യം ചൊല്ലുന്നത്.
സോണറ്റ്: അന്നയും ഇന്നുവും പറയും. ഷൂട്ടിങ് കഴിഞ്ഞുവരുമ്പോൾ വീട്ടിലെയും സ്കൂളിലെയും വിശേഷങ്ങൾ കേൾക്കാനായിരുന്നു അപ്പാപ്പന് ഇഷ്ടം. അതുകൊണ്ടു ഞങ്ങളിപ്പോഴും അതൊക്കെ തന്നെയാണ് അപ്പാപ്പന്റെ കല്ലറയിൽ വന്നു പറയുന്നത്.
ആലീസ്: ഞങ്ങൾ പ്രാർഥിച്ചു തിരിച്ചുപോരാൻ നേരത്ത് ഇന്നുമോന്‍ രണ്ടുമിനിറ്റു കൂടി അപ്പാപ്പനോടു എന്തൊക്കെയോ സംസാരിക്കും. അതെന്താണെന്നു അവൻ ഞങ്ങളോടു പറയില്ല.
ഇന്നു: അതു ഞാൻ അപ്പാപ്പനോടു പറയുന്ന ചില രഹസ്യങ്ങളാണ്. ഒന്നും പുറത്തുപറയരുതെന്ന് അപ്പാപ്പൻ പറഞ്ഞിട്ടുണ്ട്.
ആലീസ്: ഇന്നസെന്റ് മരിച്ചതിനു ശേഷം ഇന്നുവും അന്നയും എന്റെയടുത്താണ് ഉറക്കം. അതിനവർ മത്സരമാണ്. ഒരാഴ്ച ഇന്നുവാണെങ്കിൽ അടുത്ത ആഴ്ച അന്ന. ഒരു ദിവസം ഞാൻ ചോദിച്ചു. എന്തിനാ എന്റെയടുത്ത് ഉറങ്ങാൻ വരുന്നതെന്ന്. അപ്പോഴവര്‍ പറഞ്ഞു, അവസാനകാലത്ത് കുറച്ചു വയ്യായ്ക ഉണ്ടായിരുന്നപ്പോള്‍ ഇന്നസെന്‍റ് അവരോടു പറഞ്ഞത്രേ ‘അപ്പാപ്പൻ മരിച്ചുപോയാലും അമ്മാമ്മയെ നന്നായി നോക്കണം. അമ്മാമ്മ ഒരു പാവമാണ്. അ മ്മാമയ്ക്ക് സങ്കടം ഒന്നും ഉണ്ടാക്കരുത്’ എന്ന്. ഇതൊക്കെ അറിയുമ്പോൾ കരയാതെ ഞാനെന്തു ചെയ്യാനാണ്.
ഇന്നസെന്റിന്റെ വേർപാടിനു ശേഷം കുറേനാള്‍ ഞാൻ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല, ഏറെ പ്രിയപ്പെട്ടവർ വരുമ്പോൾ എെന്‍റ പട്ടുസാരികള്‍ സ മ്മാനമായി കൊടുക്കും. അങ്ങനെ പട്ടുസാരികൾ ഒന്നൊന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. പിന്നെ, കുട്ടികൾ വഴക്കു പറയുകയും കുറേ നിര്‍ബന്ധിക്കുകയും െചയ്യുന്നതു െകാണ്ട് ഇപ്പോൾ കറുപ്പു കുറച്ചു മാറ്റിയിട്ടുണ്ട്. എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിൽ ചേർന്നു നിൽക്കുകയാണ്.
സോണറ്റ്: അപ്പന്റെ ഒന്നാം ചരമവാർഷികത്തിന് ഇവിടെയൊരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഞങ്ങളെല്ലാം ആ പരിപാടിക്കു പോയി. അവിടെ സംസാരിച്ചവരൊക്കെ ഓരോരോ കാര്യങ്ങൾ പറയുന്നുണ്ട്. അതുകേൾക്കുമ്പോൾ ഞങ്ങൾക്ക് കരയാനേ നേരമുള്ളൂ. പിന്നെ, ഞങ്ങൾ തന്നെ തീരുമാനിച്ചു; അപ്പനുമായി ബന്ധപ്പെട്ട ഒരു പൊതുചടങ്ങിനും പോകേണ്ട എന്ന്.
ആലീസ്: ഒരു സെപ്റ്റംബർ 26 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. 2023 മാർച്ച് 26നാണു ഇന്നസെന്റ് മരിക്കുന്നത്. എല്ലാ മാസവും 26 ാം തീയതി ഞങ്ങൾ പള്ളിയിൽ പ്രത്യേക കുർബാന ചൊല്ലിക്കുന്നുണ്ട്. ഒന്നരവർഷമായി ഈ കു ർബാന നടക്കുന്നു.
ഇന്നസെന്റ് ചികിത്സ പോലും തമാശയായി കണ്ടു ഇല്ലേ?
സോണറ്റ്: ട്രീറ്റ്മെന്റ്് നടക്കുന്ന സമയത്ത് ഡോക്ടർമാർ പറഞ്ഞിരുന്നു സന്ദർശകരെ ഒരുപാട് അനുവദിക്കേണ്ട, അണുബാധയ്ക്കു സാധ്യതയുണ്ട് എന്ന്. അപ്പൻ പ ക്ഷേ, അതൊന്നും കാര്യമാക്കിയില്ല. വീട്ടിൽ വരുന്നവരെ എ ല്ലാം സ്വീകരിച്ചു. ഒരു വേർതിരിവും ആരോടും കാണിച്ചില്ല. ഉമ്മൻചാണ്ടി സാറാണ് അന്നു മുഖ്യമന്ത്രി. അദ്ദേഹം വന്ന് അപ്പനോടു പറഞ്ഞു; എന്തു സഹായം വേണമെങ്കിലും ചെയ്യാം. വിദേശത്തുപോയി ചികിത്സിക്കണമെങ്കിൽ അതും ചെയ്യാം.
അപ്പൻ പറഞ്ഞു, ‘അതൊന്നും വേണ്ട. എനിക്ക് ഇന്ത്യയിൽ കിട്ടുന്ന ചികിത്സ മതി.’ വി.എസ്. അച്യുതാനന്ദൻ സാറു വന്നപ്പോഴും ഇതുതന്നെ പറഞ്ഞു. പിന്നെ, അപ്പൻ പറഞ്ഞ ഒരുകാര്യം നേതാക്കളൊക്കെ വരുമ്പോൾ പത്രക്കാരെ വിവരം അറിയിക്കണമെന്നാണ്. കാരണം പിറ്റേന്നു പത്രത്തിൽ വാർത്തയും പടവും വരുമല്ലോ. അങ്ങനെ ഞാൻ ജീവിച്ചിരിക്കുന്നു എന്നു നാട്ടുകാർ അറിയട്ടെ എ ന്നാണ് അപ്പൻ പറയാറ്.
ആലീസ്: ഇന്നസെന്റിന്റെ സഹോദരങ്ങൾ അമേരിക്കയിലുണ്ട്. അവരുടെ നിർബന്ധം കൊണ്ട് അദ്ദേഹത്തെ
അമേരിക്കയിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. എനിക്കും ഇ ന്നസെന്റിനും ടിക്കറ്റ് എടുത്തു. അവിടെ നല്ല തണുപ്പായതുകൊണ്ട് അതിനുള്ള ഡ്രസ് വരെ വാങ്ങി. അങ്ങനെ എല്ലാം റെഡിയാക്കിയപ്പോൾ ഇന്നസെന്റ് പറഞ്ഞു; ‘ഞാനെന്തായാലും ചികിത്സയ്ക്കു വേണ്ടി അമേരിക്കയ്ക്കു പോകുന്നില്ല. നിങ്ങള് ആരാന്നു വച്ചാൽ പോയി ചികിത്സിച്ചിട്ടു വരൂ.’
ഒറ്റക്കാര്യമേ ഇന്നസെന്‍റ് പറഞ്ഞുള്ളൂ. ‘ഇവിടെ മിടുക്ക രായ ഡോക്ടർമാരുണ്ട്. അവരെ ഉപേക്ഷിച്ചിട്ട് അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നത് ഈ ഡോക്ടർമാരെ അപമാനിക്കുന്നതിനു തുല്യമാണ്. അതുകൊണ്ടു ഞാൻ എങ്ങോട്ടും പോകുന്നില്ല.’
കൊച്ചുമക്കൾ ഇവിടെ തന്നെയുണ്ടാകണമെന്നും അ ദ്ദേഹം ആഗ്രഹിച്ചു. ഇല്ലേ?
ആലീസ്: അതേ അവർ െെക്രസ്റ്റ് കോളജിലാണു പഠിക്കുന്നത്. അവരെ ദൂരെ വിട്ടു പഠിപ്പിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. സോണറ്റിന്റെ കാര്യവും അങ്ങനെ തന്നെ.
സോണറ്റ്: ഞാൻ തീരെ ചെറുപ്പമായിരുന്നപ്പോൾ അപ്പനു നല്ല തിരക്കുണ്ട്. മിക്കവാറും ലൊക്കേഷനിലായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം എന്നെ വിളിക്കും. നീ ഇരിങ്ങാലക്കുട തന്നെയുണ്ടല്ലോ അല്ലേ? എന്നു ചോദിക്കും. അപ്പന്റെ പേടി എന്താണെന്നു വച്ചാൽ വീട്ടിൽ അമ്മ മാത്രമേയുള്ളൂ. ഞാൻ കൂട്ടുകാരോടൊപ്പം കറങ്ങാൻ പോയോ എന്നാണ്.
ഒരു മകനല്ലേയുള്ളൂ. അവനെ ഊട്ടിയിലോ ബെംഗളൂരുവിലോ വിട്ടു പഠിപ്പിക്കരുതോ എന്നു പലരും അപ്പനോടു ചോദിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ അപ്പൻ പറയും, ‘അവന് ഇരിങ്ങാലക്കുട വിട്ടുപോകാൻ ഇഷ്ടമില്ല. അതുകൊണ്ടാ...’ യഥാർഥത്തിൽ ഞാൻ നാടുവിടുന്നത് അപ്പനാണ് ഇഷ്ടമില്ലാത്തത്.
ഇപ്പോൾ എന്റെ മക്കളുടെ കാര്യത്തിലും എനിക്ക് ഇതേ നിലപാടു തന്നെയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ കോളജിൽ ചെന്നു ഞാൻ പ്രിൻസിപ്പൽ അച്ചനോടു പറഞ്ഞു; ‘അച്ചോ... എനിക്കോ എന്റെ അപ്പൻ ഇന്നസെന്റിനോഅപ്പാപ്പൻ െതക്കേത്തല വറീതിനോ ഈ കോളജിൽ പഠിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. പക്ഷേ, എന്റെ മക്കൾ ഇവിടെ പഠിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.’ അതുകേട്ട് അച്ചൻ ചിരിച്ചു. രണ്ടുപേരും ഇപ്പോൾ അവിടെ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുന്നു.
ആലീസ്: കുട്ടികൾ കുറച്ചു മുതിർന്നതിനുേശഷം ഇന്ന സെന്റ് സിനിമയൊക്കെ കുറച്ചു. കൂടുതൽ സമയവും ഇവരോടൊപ്പമിരിക്കാനായിരുന്നു താൽപര്യം. ഇവർക്കു കഥകൾ പറഞ്ഞുകൊടുക്കും. പഴയ പാട്ടുകൾ പാടിക്കൊടുക്കും. ‘അല്ലിയാമ്പൽ കടവിൽ..., മലയാള ഭാഷതൻ മാദകഭംഗി..., പാൽനിലാവിനും ഒരു നൊമ്പരം... ഈ പാട്ടുകളൊക്കെ മക്കളെ പാടി പഠിപ്പിക്കുന്നതു കേട്ടിട്ടുണ്ട്.
ആലീസും ഇരിങ്ങാലക്കുടയുമാണ് എന്റെ രണ്ടു ദൗർബല്യങ്ങൾ എന്ന് ഇന്നസെന്റ് പറയുന്നതു കേട്ടിട്ടുണ്ട്?
ആലീസ്: ആലീസ് ദൗർബല്യമാണെന്നു പറയുന്നതു ഞാ നൊരിക്കലും കേട്ടിട്ടില്ല. പക്ഷേ, ഇരിങ്ങാലക്കുട ദൗർബല്യമായിരുന്നു.
സോണറ്റ്: സിനിമയിൽ നല്ല തിരക്കുള്ള സമയത്തും വീട്ടി ൽ വന്നാൽ വൈകുന്നേരം കാറുമായി ടൗണിലേക്ക് ഇറങ്ങും. അതു കാണുമ്പോൾ ചിലർ പറയും; ഇന്നസെന്റ് കാറുമായി റോഡിലേക്ക് ഇറങ്ങിയിട്ടുണ്ട്. ടൗണിൽ ഗതാഗതക്കുരുക്ക് ഉറപ്പായി.’ അതിന്റെ കാരണം എന്താണെന്നു വച്ചാൽ അപ്പൻ വളരെ പതുക്കെയാണു കാറോടിക്കുന്നത്. അപ്പന്റെ കാറിന്റെ പിറകിൽ ഒരു ഇരുപത്തിയഞ്ചു വണ്ടികൾ ഉറപ്പായും ഉണ്ടാകും. എന്നാലും അപ്പൻ അപ്പന്റേതായ സ്പീഡിലേ വണ്ടി ഓടിക്കൂ.
സെന്റ് തോമസ് പള്ളി, കൂടൽമാണിക്യം ക്ഷേത്രം, അപ്പ ൻ പഠിച്ച ബോയ്സ് സ്കൂൾ, നാഷനൽ സ്കൂൾ അങ്ങനെ ഒരു കറക്കം കറങ്ങിയാണു വീട്ടിലേക്കു മടങ്ങുന്നത്. ഇതിനിടെ ബാല്യകാലസുഹൃത്തുക്കളൊക്കെ കാണും. അസുഖം വരുന്നതുവരെ അപ്പൻ തന്നെയാണു കാറോടിച്ചിരുന്നത്. പിന്നെ, ഞങ്ങളാരെങ്കിലും ഓടിക്കും. അപ്പൻ മുന്നിലിരിക്കും. എന്നാലും ഇരിങ്ങാലക്കുട ടൗൺ കാണാതെ അപ്പന് ഉറക്കമില്ലായിരുന്നു.
ഒരിക്കൽ ഭാര്യയെയാണോ കർത്താവിനെയാണോ പേടി എന്നു ചോദിച്ചപ്പോൾ പറഞ്ഞു. ഭാര്യയെയാണെന്ന്?
ആലീസ്: അേത. ഞാനും അതു കണ്ടിരുന്നു. കർത്താവിനെ ഇപ്പോൾ പേടിക്കേണ്ടല്ലോ പരലോകത്തു ചെന്നിട്ടല്ലേ പേടിക്കേണ്ടു എന്നാണു പറഞ്ഞത്. ഇനി ഭാര്യയെ പേടിക്കേണ്ട. കർത്താവിനെ പേടിച്ചാൽ മതി.
ആലീസിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. കണ്ണു തുടച്ചു വീണ്ടും പറഞ്ഞു; ‘‘ഇന്നു വൈകുന്നേരവും ഇന്നസെന്റിന്റെ കല്ലറയിൽ ഞങ്ങൾ പ്രാർഥിക്കാൻ പോകും. വിശേഷങ്ങൾ പറയും. കൂട്ടത്തിൽ വനിതയിൽ നിന്നു നിങ്ങൾ വന്ന കാര്യവും പറയും. വനിതയും വനിതയില്‍ എഴുതാനുമൊക്കെ അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു.’’
വി.ആർ. ജ്യോതിഷ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ